ന്യൂസ് ഡെസ്ക് മലയാളം യുകെ

ചൈനീസ് നിർമ്മിത റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഇന്നോ നാളെയോ ഭൂമിയിൽ പതിക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജനസാന്ദ്രതയുള്ള ഏതെങ്കിലും പ്രദേശത്ത് 21 ടൺ ഭാരമുള്ള ഈ ബഹിരാകാശപേടകത്തിൻെറ അവശിഷ്ടങ്ങൾ പതിച്ചാലുള്ള അപകടം വളരെ ഗുരുതരമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോംഗ് മാർച്ച് -5 ബി എന്ന് പേരുള്ള റോക്കറ്റ് പതിക്കേണ്ട സമയവും സ്ഥലവും കൃത്യമായി നിർണയിക്കാൻ ഇതുവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല എന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു.

യുഎസ് പ്രതിരോധ വകുപ്പിൻെറ അനുമാനം അനുസരിച്ച് ലോംഗ് മാർച്ച് -5 ബി ഇന്നോ നാളെയോ ഭൂമിയിൽ പതിക്കും. മണിക്കൂറിൽ 28000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന റോക്കറ്റിൻെറ ഭൗമോപരിതലത്തിൽ നിന്നുള്ള ഉയരം ഇന്നലെ രാത്രിയോടെ 210 – 250 കിലോമീറ്റർ ആയിരുന്നു. വിഷയത്തിൽ ആദ്യമായി ചൈന പ്രതികരിച്ചത് ഇന്നലെയാണ്. യാത്രയ്ക്കിടെ റോക്കറ്റ് എരിഞ്ഞ് തീരുമെന്നതിനാൽ അപകട സാധ്യതയില്ല എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. റോക്കറ്റിൻെറ പാത നിരീക്ഷിക്കുകയാണെന്നും എന്നാൽ അത് വെടി വെയ്ക്കാൻ നിലവിൽ പദ്ധതിയില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.