ചൈനയ്‌ക്കെതിരെ തന്ത്രപരമായ നീക്കവുമായി ഇന്ത്യ. ഇന്ത്യന്‍ സൈന്യം ചൈനീസ് ഭാഷ പഠിക്കുന്നു; പുതിയ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി ചൈന

ചൈനയ്‌ക്കെതിരെ തന്ത്രപരമായ നീക്കവുമായി ഇന്ത്യ. ഇന്ത്യന്‍ സൈന്യം ചൈനീസ് ഭാഷ പഠിക്കുന്നു; പുതിയ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി ചൈന
March 13 06:06 2018 Print This Article

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ചൈനീസ് ഭാഷ പഠിക്കാന്‍ തയ്യാറെടുക്കുന്നു. ഇന്ത്യയുടെ പുതിയ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ സൈനികര്‍ക്ക് തെറ്റായ ആശയവിനിമയ സാധ്യതകളെ പുതിയ നടപടി ഇല്ലാതാക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. എന്നാല്‍ യുദ്ധ സമാന സാഹചര്യങ്ങളില്‍ ഭാഷ പഠിക്കുന്നത് തങ്ങള്‍ക്ക് വിനയാകുമെന്ന് ചൈനീസ് മന്ത്രാലയങ്ങള്‍ ഭയപ്പെടുന്നുണ്ട്. ഏതാണ്ട് 25 ഓളം പേരടങ്ങുന്ന ഇന്ത്യന്‍ പട്ടാള സംഘമാണ് ചൈനീസ് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് പിടിഐയാണ്.

മധ്യപ്രദേശിലെ സാഞ്ചി സര്‍വകലാശാലയിലാണ് സൈനികര്‍ ഭാഷ പഠനം നടത്തുക. കോഴ്‌സ് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണം. അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രശ്നമുണ്ടാകുമ്പോള്‍ ചൈനീസ് ഭാഷ പറഞ്ഞ് ചൈനയുടെ സൈനികര്‍ ഇന്ത്യന്‍ പട്ടാളക്കാരെ കുഴക്കാറുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ക്ക് പുതിയ നീക്കം തടയിടുമെന്നാണ് പ്രതീക്ഷ. സമാധാന കാലഘട്ടങ്ങളില്‍ ഇരു സൈന്യവും തമ്മിലുള്ള ആശയവിനിമയ സാധ്യതകളെ ഭാഷ പഠനം ഏറെ സഹായിക്കും. നേരത്തെ ചൈനീസ് സേന ഹിന്ദി പഠിക്കുന്നതായിട്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അങ്ങനൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.

സംഘര്‍ഷാവസ്ഥകളിലും യുദ്ധസാഹചര്യങ്ങളിലും ഇന്ത്യന്‍ സൈനികരുടെ ചൈനീസ് ഭാഷ പ്രാവീണ്യം തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന ഭയം ചൈനയ്ക്കുണ്ട്. യുദ്ധസമയത്ത് ഭാഷ പോലും ആയുധമായേക്കാമെന്ന് ചൈനീസ് സാമൂഹ്യഗവേഷകന്‍ ഹു സിയോങ് അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ ഇന്ത്യയുമായി ഡോക്‌ലാം പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പുതിയ ഭാഷാ തന്ത്രം ഭയക്കേണ്ടതു തന്നെയാണെന്ന് ചൈനീസ് സൈനിക വിദ്ഗധന്‍ സോങ് ഷോഹ്പിങും വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ ഇതു സംബന്ധിച്ച വിശദീകരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യയുടെ പുതിയ തന്ത്രം അതിര്‍ത്തി പ്രദേശങ്ങളിലെ ഭാഷ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് സൈനിക മേധാവികളുടെ പ്രതീക്ഷ.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles