മക്കൾക്കു ചെലവിനു നൽകണമെങ്കിൽ കുട്ടികളുടെ പിതൃത്വം ഡിഎൻഎ ടെസ്റ്റ് നടത്തി തെളിയിക്കണമെന്ന് ഭർത്താവു വെല്ലുവിളിച്ചതോടെയാണ് ജീവനാംശത്തിനായി യുവതി വനിത കമ്മിഷനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളെയും മൂന്ന് മക്കളെയും കമ്മീഷൻ സൗജന്യമായി ഡിഎൻഎ ടെസ്റ്റിന് വിധേയരാക്കി.

ഡിഎൻഎ പരിശോധനയിലൂടെ യുവതിക്ക് കുട്ടികളുടെ പിതൃത്വവും സ്വന്തം അഭിമാനവും സംരക്ഷിക്കാൻ സഹായമൊരുക്കി വനിത കമ്മീഷൻ. ചിറയിൻകീഴ് സ്വദേശിയും പ്രായപൂർത്തിയായ രണ്ട് മക്കളുമുള്ള പരാതിക്കാരി തുടർന്നുള്ള കുടുംബജീവിതത്തിന് താല്പര്യമില്ലെന്നും ജീവനാംശം ലഭിക്കണമെന്നും അറിയിച്ചതിനെതുടർന്നാണ് കമ്മിഷന്റെ ഇടപെടൽ. 20 വർഷം മുൻപ് വിവാഹിതരായ ഇരുവരും ഏഴ് വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു.

  ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചു കൊല്ലുമെന്ന് മന്ത്രി

പരിശോധനയിൽ കുട്ടികളുടെ അച്ഛൻ ഇയാൾ തന്നെയാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇന്നലെ നടന്ന അദാലത്തിലേക്ക് ഇരുവരെയും വിളിച്ചുവരുത്തി. എന്നാൽ പിതൃത്വം തെളിയിക്കപ്പെട്ടിട്ടും കുടുംബത്തെ ഒപ്പം കൂട്ടാനോ ജീവനാംശം നൽകാനോ ഇയാൾ തയാറായില്ല. പരാതിക്കാരിക്കു കുടുംബ കോടതിയിൽ ജീവനാംശം ലഭിക്കുന്നതിന് വേണ്ട സഹായം കമ്മിഷൻ തന്നെ ചെയ്യുമെന്ന് പരാതി കേട്ട കമ്മിഷൻ അംഗം അഡ്വ. എം.എസ്.താര പറഞ്ഞു. കമ്മിഷൻ അംഗം ഇ.എം.രാധയും അദാലത്തിൽ പങ്കെടുത്തു. ഇതുൾപ്പെടെ 24 പരാതികളാണ് പരിഗണിച്ചത്.