മെട്രിസ് ഫിലിപ്പ്

ചിരിക്കു, പിണങ്ങാൻ സമയമില്ല… മനുഷ്യ ജീവിതം പുൽകൊടിക്ക് തുല്ല്യം…

എന്തെന്നാൽ മനുഷ്യരെല്ലാം പുൽകൊടിക്ക് തുല്യമാണ്, അവരുടെ മഹിമ പുല്ലിന്റെ പൂവിനു തുല്യവും. പുൽകൊടികൾ വാടികരിയുന്നു. പൂക്കൾ കൊഴിഞ്ഞു വീഴുന്നു. (1 പത്രോസ് 1:24).

ലോകം മുഴുവൻ അറിയപ്പെടുന്ന മലയാളത്തിന്റെ പ്രീയ നടൻ മമ്മൂക്കാ കഴിഞ്ഞ ദിവസം നൽകിയ ഇന്റർവ്യൂൽ ഇപ്രകാരം പറഞ്ഞു,
എത്രനാൾ അവർ എന്നെ ഓർക്കും?
ഒരു വർഷം, 10 വർഷം, 15 വർഷം? തീർന്നു
ലോകാവസാനം വരെ ആളുകൾ നിങ്ങളെ ഓർക്കുമെന്ന് പ്രതീക്ഷിക്കരുത്.
അത് ആർക്കും സംഭവിക്കില്ല.
വലിയ മഹാന്മാരെ ഓർക്കുന്നത് വളരെ കുറവാണ്.
പരിമിതമായ ആളുകൾ മാത്രമേ ഓർമ്മയുള്ളൂ. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാളാണ് ഞാൻ.
അവരെങ്ങനെ എന്നെ കൂടുതൽ ഓർക്കും? ഒരു വർഷത്തിൽ കൂടുതൽ? അതിനൊന്നും പ്രതീക്ഷയില്ല.
ഒരിക്കൽ നിങ്ങൾ ലോകത്തിൽ ഇല്ലെങ്കിൽ, നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ അറിയാം?
എല്ലാവരും വിചാരിക്കും അവരെ ഓർത്തു പോകുമെന്ന്, ഇല്ല….

ഈ വാക്കുകൾ 100% ശരി അല്ലെ. എത്ര വലിയ ആളുകൾ ആണെങ്കിലും ഓർമ്മിക്കലിന്റെ ദിനങ്ങൾ വളരെ വളരെ കുറവായിരിക്കും. ഒരു വ്യക്തിയുടെ മരണം അറിഞ്ഞാൽ വെറും 20-45 സെക്കൻ്റുകൾ മാത്രമേ മനുഷ്യ മനസ്സിൽ നില്ക്കു എന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ നമ്മളൊക്കെ യേശുവിനെ സ്നേഹിക്കുന്നു ഓർക്കുന്നു, ആരാധിക്കുന്നു. ലോകത്തിലേക്ക്, സമാധാനത്തിന്റെ സന്ദേശവുമായി ബെത്‌ലഹേമിലെ, കാലി തൊഴുത്തിൽ പിറന്നു വീണ യേശുനാഥൻ. നസ്രത്തിൽ , തന്റെ മാതാവ് മറിയത്തോടും പിതാവ് ജോസഫിനോടൊപ്പം വളർന്ന് വലുതായി, തന്റെ സ്വർഗസ്ഥനായ പിതാവ് ഏല്പിച്ച കാര്യങ്ങൾ ഉപമയിലൂടെയും, അത്ഭത പ്രവർത്തികളിലൂടെയും രോഗികളെ സുഖപെടുത്തിയും ജീവിച്ചു പോന്ന യേശു നാഥനെ, തന്റെ പ്രിയ ശിഷ്യൻ തന്നെ ചുംബനം കൊണ്ട് ഒറ്റി കൊടുത്ത്, കാൽവരി കുന്നിലേക്ക്, തനിക്ക് ശിക്ഷ വിധിച്ച കുരിശു മരണത്തിന്റെ പൂർത്തീകരണത്തിനായി, ഭാരമുള്ള കുരിശും ചുമന്നു കൊണ്ട്, ചാട്ടവാറിന്റെ അടിയാൽ വേദന കൊണ്ട് പുളഞ്ഞപ്പോൾ സഹായിക്കാൻ ഒരു പാട് ആളുകൾ വന്നില്ല. ഓർഷേലേം പുത്രിമാരോട്, യേശു പറഞ്ഞത്, എന്നെ ഓർത്ത് കരയാതെ, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്ത് കരയുവിൻ എന്നാണ്. കുരിശിൽ കിടന്ന് മരിച്ച യേശുനാഥനെ, നമ്മുടെയൊക്കെ തലമുറകളിൽ പെട്ടവർ ആരും നേരിട്ട് കണ്ടിട്ടില്ല. വി. ബൈബിൾ വഴിയാണ് നമ്മളൊക്കെ യേശുവിനെ കുറിച്ച് അറിഞ്ഞതും, നമ്മൾ പ്രാർത്ഥിക്കുന്നതും.

2000 വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മളൊക്കെ യേശുവിനെ ഓർക്കുന്നു. എന്നാൽ, നമ്മുടെ ഇടയിൽ നിന്നും, ഇന്നലെ, കഴിഞ്ഞ ആഴ്ചയിൽ, കഴിഞ്ഞ മാസം മരണപെട്ടു പോയവരെ കുറിച്ച് ഓർക്കുന്നുണ്ടോ. ഇല്ലേ ഇല്ല. മനുഷ്യന്, മറവി എന്നത് നൽകിയത് കൊണ്ടും, മനുഷ്യ ബന്ധങ്ങളുടെ ആഴത്തിന്റെ കുറവ് കൊണ്ടും, ന്യൂ ജനറേഷൻ ജീവിത രീതികൾ കൊണ്ടും ആണ് ഇങ്ങനെ സംഭവിക്കുന്നത്. എത്ര വലിയ സ്നേഹം ഉള്ളവർ ആണെങ്കിലും, കാണാമറയത്തേക്ക് കടന്നു പോയാൽ, ഓർമ്മകളുടെ കുറവുകൾ ഉണ്ടായേക്കാം. കുടുംബ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകളിൽ, പയ്യെ പയ്യെ ഇല്ലാതെ ആകും. ഇതൊരു സത്യമായ കാര്യമല്ലെ.

പൂക്കൾ വിരിഞ്ഞു നിൽക്കുന്ന, പൂന്തോട്ടം, എല്ലാവരെയും ആകർഷിക്കും, എന്നാൽ, കൊഴിഞ്ഞു വീണ പൂക്കളെ ആരും നോക്കാറില്ല. ഈ ലോകത്തിലെ നമ്മുടെയൊക്കെ ജീവിതം ആസ്വദിക്കാൻ ഉള്ളതാണ്. ഓരോ നിമിഷങ്ങളും വിലയേറിയതാണ്. ഈ ജീവിത കാലത്ത് മറ്റുള്ളവരുടെ പിടിച്ചുപറിച്ചും, അഴിമതി നടത്തിയും സമ്പാദിക്കുന്നത്, അനുഭവിക്കാൻ കൂടി യോഗം ഉണ്ടാകണം. അങ്ങനെ സമ്പാദിക്കുന്നതിന് ആയുസുണ്ടാകില്ല. ചിരിക്കാൻ പോലും മനസ്സിലാത്ത എത്രയോ ആളുകൾ ഉണ്ട് നമ്മുടെ ഇടയിൽ. അവരുടെ കണക്കുകുട്ടലുകൾ എല്ലാം തെറ്റിപോകാൻ വെറും നിമിഷങ്ങൾ മതി.

നൂറായിരം സ്നേഹിതർ നമ്മൾക്ക് ഉണ്ട്. എന്നാൽ അവരിൽ, എത്ര ആളുകൾ നമ്മളെ ദിവസവും ഓർക്കുന്നുണ്ടാകും, വളരെ വളരെ കുറച്ചു ആളുകൾ മാത്രം. പുതിയ സമൂഹ്യ ചുറ്റുപാടുകളിൽ, എല്ലാം വെറും ഒരു മായാ ലോകമാണെന്ന് നമ്മളൊക്കെ ഓർക്കുക. ആർക്കും ഒന്നിനും നേരമില്ല.

സ്നേഹിച്ചും സഹായിച്ചും ജീവിക്കാം. നമ്മളെ സ്‌നേഹിക്കുന്നവരെയും നമ്മളെ സഹായിച്ചവരെയും മറക്കരുത്. നമ്മളൊക്കെ കടന്നു പോയാലും ഈ ലോകം ഇങ്ങനെ ഒക്കെ തന്നെ മുന്നോട്ട് പോകും. ആരും ആരെയും എന്നും ഓർത്തിരിക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ. ഉള്ള കാലം സന്തോഷത്തോടെ ജീവിക്കുക. എതിരെ വരുന്ന അപരിചിതന് ഒരു ചെറു പുഞ്ചിരി നൽകുക. സ്നേഹം വാരി വിതറാം. വെള്ളത്തിന്റെ കൂടെ ഒഴുകി നീന്തുന്നതാണ് നല്ലത്.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore