ലേബർ പാർട്ടി എംപി ക്രിസ് വില്ലിയംസനെ പാർട്ടി വീണ്ടും സസ്പെൻഡ് ചെയ്തു. രണ്ടു ദിവസങ്ങൾക്കു മുൻപാണ് യഹൂദ വികാരങ്ങൾക്കെതിരെയുള്ള പ്രസ്താവനയ്ക്ക് അദ്ദേഹത്തിനെതിരെയുണ്ടായിരുന്ന വിലക്ക് നീക്കിയത്.എന്നാൽ ഈ പ്രസ്താവനയെ സംബന്ധിച്ച അന്വേഷണം ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തത് എന്നത് സംബന്ധിച്ച് പാർട്ടിയിലുണ്ടായ പൊട്ടിത്തെറിയാണ് വീണ്ടും സസ്പെൻഷനുള്ള കാരണം. അറുപതിലധികം ലേബർ പാർട്ടി എംപിമാരാണ് വില്യംസനു സസ്പെൻഷൻ നൽകണം എന്നത് സംബന്ധിച്ച് പരാതി പാർട്ടി നേതാവ് ജെറെമി കോർബിനു സമർപ്പിച്ചത്. ഇതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ തന്നെ രണ്ടു അഭിപ്രായങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.

ലേബർ പാർട്ടിയുടെ നയങ്ങൾ യഹൂദ വിരുദ്ധമാണെന്നുള്ള വില്ലിയംസന്റെ പ്രസ്താവനയാണ് അദ്ദേഹത്തിന്റെ സസ്പെൻഷനിലേക്കു വഴിതെളിച്ചത്. അദ്ദേഹത്തിന്റെ പ്രസ്താവനയെ സംബന്ധിച്ച അന്വേഷണത്തിന് നിയോഗിക്കപ്പെട്ട മൂന്നംഗ കമ്മിറ്റിയിൽ എംപിമാരായ കെയ്ത് വാസ്, ജോർജ് ഹൊവാർത്, ഹൂഡ എൽമി എന്നിവർ ഉൾപ്പെട്ടിരുന്നു. പാർട്ടി ശാസന നൽകിയാൽ മാത്രം മതി എന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം. എന്നാൽ കെയ്ത്ത് വാസ് എംപി ഈ തീരുമാനത്തെ പിന്നീട് പ്രതിരോധിച്ചു. താൻ അവസാനനിമിഷമാണ് കമ്മിറ്റിയിൽ ഉൾപ്പെട്ടതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഉള്ള ആവശ്യം അദ്ദേഹം ഉയർത്തി. പാർട്ടി ഉപനേതാവ് ടോം വാട്സണിന്റെ നേതൃത്വത്തിൽ 120ഓളം എംപിമാർ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ഉയർത്തി.വില്യംസണിനെ തിരിച്ചെടുത്തതിൽ ഉള്ള പ്രതിഷേധം അറിയിച്ച് എഴുപതോളം എംപിമാർ പാർട്ടിക്ക് കത്ത് നൽകി.

പല ഭാഗത്തു നിന്നും അദ്ദേഹത്തെ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വന്നു. 12 മാസത്തേക്ക് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും തുടരന്വേഷണം നടത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നുവന്നു.

ലേബർ പാർട്ടിയുടെ നയങ്ങൾ യഹൂദ വിരുദ്ധമാണെന്നുള്ള പ്രസ്താവന സംബന്ധിച്ച വീഡിയോ പുറത്തുവന്നതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. എന്നാൽ പിന്നീടു വില്യംസൺ ഖേദം പ്രകടിപ്പിച്ചിരുന്നു. യഹൂദ വിരുദ്ധവികാരം തടയാൻ പാർട്ടി നടത്തിയ പരിശ്രമങ്ങളെ കുറിച്ചാണ് താൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിനെ സംബന്ധിച്ച വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല.