ഫാ.ഹാപ്പി ജേക്കബ്

രക്ഷകനായ ക്രിസ്തുവിന്റെ ജനനത്തിന്റെ വലിയ സന്തോഷം പങ്കിടുവാന്‍ നാം ഒരുങ്ങുന്ന ഈ സമയം മനസില്‍ കടന്നുവന്ന സമ്മിശ്ര വികാരപരമായ ചിന്തകള്‍ ഇവിടെ പങ്കുവയ്ക്കയാണ്. ഒരു ജനസമൂഹം കാത്തിരുന്ന വലിയ ഒരു ദിവസം, അതാണല്ലോ ക്രിസ്തുമസ്. രണ്ട് വ്യത്യസ്ത കുടുംബങ്ങള്‍ ആണ് ഈ ആഴ്ചകളിലൊക്കെ പ്രതിപാദന വിഷയമായി ഭവിക്കുന്നത്. ഒന്നാമത് സഖറിയ പുരോഹിതന്റെയും എലിസബത്തിന്റേയും കുടുംബവും രണ്ടാമത് ജോസഫിന്റേയും മറിയയുടേയും കുടുംബവും. മനുഷ്യരാല്‍ അസാധ്യമെന്ന് കരുതിയ രണ്ട് സംഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വി. ലൂക്കോസിന്റെ സുവിശേഷം രണ്ടാം അധ്യായത്തില്‍ ഈ സംഭവം വിവരിക്കുന്നു. ജനിക്കുവാന്‍ പോകുന്ന പൈതങ്ങളുടെ വിശേഷണം മാലാഖ അറിയിക്കുന്നത് നാം എല്ലാവരും ശ്രദ്ധിക്കേണ്ട വസ്തുതകളാണ്. കുടുംബത്തിന്റെ പ്രത്യേകിച്ചും മക്കളുടെ ഭാവിയില്‍ ഉത്കണ്ഠാകുലരാകുന്ന ഏവരും ഈ ഭാഗം മനസിലാക്കുക. ദൈവ സന്നിധിയില്‍ ഉള്ള ജീവിതം നമ്മുടെ മക്കള്‍ക്ക് നല്‍കിയാല്‍ അതിന്റെ അനുഗ്രഹം തലമുറ തലമുറയായി അനുഭവിക്കാം. എന്നാല്‍ ഇന്ന് പല അവസരങ്ങളിലും പലരും പങ്കുവെച്ചിട്ടുള്ളത്. ”അവര്‍ക്ക് പ്രാപ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങളാലാവമത് കൊടുത്തിട്ടും എന്തേ ഇങ്ങനെ സംഭവിക്കുന്നു. ഇത് ഒരു വിലാപം മാത്രമല്ല ഒരു സമൂഹത്തിന്റെ ദുഃഖം കൂടിയാണ് എന്ന് വിസ്മരിക്കരുത്.

മാതാപിതാക്കളും അനുവര്‍ത്തിക്കപ്പെടേണ്ടതായ തത്വങ്ങള്‍ ഈ കുടുംബങ്ങളില്‍ നിന്ന് പകര്‍ത്താവുന്നതാണ്. ദൈവാനുഗ്രഹം ലഭിച്ച സഖറിയാവ് മകന്റെ ജനനത്തോളം മൗനമായിരുന്നു. മൗനം എന്നത് ആന്തരികമായി മനസിലാക്കുമ്പോള്‍ വലിയ ഒരു പാഠം ഉള്‍ക്കൊള്ളേണ്ടതാണ്.

വിലാപങ്ങള്‍ 3:26 യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്. മൗനമായി രക്ഷയുടെ അനുഭവങ്ങളെ ധ്യാനിക്കുവാന്‍ നാം പരിശീലിക്കണം. മറിയയുടെ അനുഭവത്തില്‍ ഇപ്രകാരം സംഭവിച്ചപ്പോള്‍ ”ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഹിതം പോലെ എനിക്ക് ഭവിക്കട്ടെ” എന്ന് പ്രതിവചിക്കുന്നു. ദൈവ സന്നിധിയില്‍ മൗനമായിരുന്ന് അനുഗ്രഹം സ്വീകരിക്കയും അതിനനുസരിച്ച് വിധേയരായി ജീവിക്കുകയും ചെയ്താല്‍ നമ്മുടെ ഭവനങ്ങളിലും അനുഗ്രഹിക്കപ്പെട്ട മകള്‍ ജനിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ജനനത്തിന്റ സന്തോഷം സമൂഹത്തില്‍ എത്തുന്നത് വീണ്ടെടുപ്പിന്റെ അനുഭവത്തിലൂടെയാണ്. മരണ നിഴലില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശ, തെറ്റിപ്പോയവര്‍ക്ക് തിരിച്ച് വരവ്, കാണാതെ പോയിട്ടുള്ളവരുടെ കണ്ടെത്തല്‍ രോഗികളുടെ സൗഖ്യം, അശരണര്‍ക്ക് ആശ്രയം ഇവയൊക്കെയാണ് ഏറ്റവും വലിയ സമ്മാനവും. അതിന് നാം പാത്രീഭവിക്കേണ്ടതിന്റെ ഒരുക്ക സമയമാണ് ഈ നോമ്പിന്റെ കാലം. നമ്മെ തന്നെ ഒരുക്കി നമ്മുടെ ഉള്ളില്‍ രക്ഷകന്‍ ജനിക്കുവാന്‍ ഇടയാകട്ടെ. പ്രത്യേകിച്ചും ഈ ദിവസങ്ങളില്‍ കേരളത്തില്‍ കാറ്റും മഴയും മൂലം ജീവന്‍ നഷ്ടപ്പെട്ടവരും, വീടും സമ്പത്തും നഷ്ടപ്പെട്ടവരേയും അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ നല്‍കുന്നവരേയും നമുക്ക് ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം. നമുക്ക് ലഭിച്ചിരിക്കുന്ന സമാധാനം ഏവര്‍ക്കും ലഭ്യമാകണം. സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ള ആ മഹാസന്തോഷം ഭൂതലമെങ്ങും നിറയുവാന്‍ നമുക്ക് ഒരുങ്ങാം.

സ്നേഹത്തോടെ

ഹാപ്പി ജേക്കബ് അച്ചന്‍