ഫാ.ഹാപ്പി ജേക്കബ്
കേവലം ഒരാഴ്ച കൂടി മാത്രമേ ഉള്ളൂ ജനനത്തിന്റെ തിരുന്നാള്‍ വന്നു ചേരുവാന്‍. നാടെങ്ങും അലങ്കാരങ്ങളും നക്ഷത്രങ്ങളും ആശംസാ കാര്‍ഡുകള്‍ വന്നു തുടങ്ങി. എങ്ങും ആഘോഷത്തിന്റെ പകിട്ടുകള്‍, നക്ഷത്രം തൂക്കിയാല്‍ വീട്ടിലും പള്ളിയില്‍ പോയാല്‍ സമൂഹത്തിലും ക്രിസ്മസ് ആയി എന്ന് വിശ്വസിക്കുന്ന ശരാശരി വിശ്വാസികള്‍. ഇതില്‍ എവിടെയാണ് ക്രിസ്തുവിന്റെ ജനനം എന്നും എന്താണ് ഇതിന്റെ കാലിക പ്രസക്തി എന്നും ആരും ചിന്തിക്കുന്നില്ല.
ദൈവപുത്രന്റെ ജനനം ആണ് ചിന്താവിഷയമെങ്കിലും കാലങ്ങളായി രക്ഷകന്റെ വരവിന് വേണ്ടിയുള്ള കാത്തിരിപ്പിനായി ഒരുങ്ങിയ ഒരു വലിയ വിഭാഗവും രക്ഷകന്റെ ജനനം മൂലം ഉണ്ടായ മാറ്റവും ഇന്നും ആവര്‍ത്തിക്കപ്പെടേണ്ടതുണ്ട്. ഈ രക്ഷണ്യപ്രവര്‍ത്തനത്തില്‍ പങ്കുകാരാകേണ്ട ഉത്തരവാദിത്തം ഇന്ന് നമുക്കും ഉണ്ട്. ആചാരവും ആഘോഷവും ഇതിന്റെ കൂടെ ഉണ്ടെങ്കിലും അത് മാത്രം ശ്രദ്ധാകേന്ദ്രം ആകുമ്പോള്‍ ഈ പെരുന്നാളിന്റെ അന്തസത്തയില്‍ നിന്നും നാം അകന്നുപോകുന്നു. ഈ ജനന പെരുന്നാള്‍ അര്‍ത്ഥവത്തായി തീരുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
പല പ്രതീകങ്ങളും ഈ പെരുന്നാളുമായി ബന്ധപ്പെട്ട് നാം ഒരുക്കാറുണ്ട്. നക്ഷത്രവും അലങ്കാരവും സമ്മാനങ്ങളും എല്ലാം നാം തയ്യാറാക്കുമ്പോള്‍ യഥാര്‍ത്ഥമായ ചില ദൈവിക ചിന്തകളും നാം കൂടെ കൊണ്ടു പോകേണ്ടതാണ്. ഇതിന് പലതും നാം ആയിത്തീരേണ്ടതാണ്. ഒന്നാമതായി ദൈവത്തിന്റെ അരുളപ്പാട് കൈമാറിയ ഇസ്രായേല്‍ മാലാഖയ്ക്ക് സമനാകണം. (ലൂക്കോസ് : 25-38). ഇതെങ്ങനെ സംഭവിക്കുമെന്ന് മറിയം ചോദിക്കുമ്പോള്‍ ‘ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ് എന്ന് മറുപടി പറയുന്നു. സാധാരണ നാട്ടില്‍ ജീവിക്കുന്ന ഒരു ക്രൈസ്തവന്‍ ശരാശരി പതിനഞ്ചോളം പ്രസംഗങ്ങള്‍ ടിവിയിലും നേരിട്ടും ആയി കേള്‍ക്കുന്നു. എന്നും ഒരു ചെറുചലനം പോലും സംഭവ്യമാകുന്നില്ല ജീവിതത്തില്‍. ദൈവ സന്നിധിയില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് ദൈവിക വചനം പകരുവാന്‍ കഴിയുകയുള്ളൂ. അല്ലാതെ ഉള്ള അവസരങ്ങളില്‍ ഈ ശുശ്രൂഷ ചെയ്യുമ്പോള്‍ ദൈവ സന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേലിനും സമന്‍മാരാകണം.
രണ്ടാമതായി ദൈവവചനങ്ങളെ സ്വീകരിച്ച് തന്റെ ഉള്ളില്‍ വളര്‍ത്തുന്ന മറിയം. ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഹിതം പോലെ ഭവിക്കട്ടെ എന്ന് വിധേയപ്പെടുന്നു മറിയം. നാം കേള്‍ക്കുന്ന വചനങ്ങളും ധ്വാന ചിന്തകളും നമ്മുടെ ഉള്ളില്‍ വളരണം. മുപ്പതും അറുപതും നൂറും മേനി ഫലം നല്‍കുന്ന അനുഭവങ്ങളാക്കി മാറ്റണം. ഒറ്റവാക്കില്‍ ദൈവപുത്രന്‍ ഉരുവാകണം നമ്മുടെ ഉള്ളില്‍. എങ്കില്‍ മാത്രമേ ഇനിയുള്ള എല്ലാ ശുശ്രൂഷകളും ആരാധനകളും നമുക്ക് അനുഭവമാക്കുവാന്‍ സാധിക്കയുള്ളൂ. ഭൗതികമായി കാര്യസാധ്യത്തിനായി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും ക്രിസ്തുവിന്റെ ജനനം അത്ര സുഖകരമായ അനുഭവമല്ല നല്‍കുന്നത്. വചനം ദൃഢമാകുവാന്‍ സമര്‍പ്പിച്ച മറിയം സഹിച്ച യാതനകള്‍ നമുക്ക് അനുഭവം ആകേണ്ടതാണ്. പ്രസവിക്കുവാന്‍ ഒരു സ്ഥലവും, പാലായനങ്ങളും കഷ്ടതകളും യാതനകളും ഭൂവിനെ നിരസിച്ച് ദൈവീകതയെ പുല്‍കുവാന്‍ നമ്മെ പ്രാപ്തരാക്കേണ്ടതാണ്.
മൂന്നാമതായി പ്രകൃതിയില്‍ ഉള്ള മാറ്റങ്ങള്‍. നക്ഷത്രം വഴികാട്ടി ആവുന്നു. വിദ്വാന്മാര്‍ കാഴ്ചകളുമായി കടന്നുവരുന്നു. മൂകപ്രകൃതികള്‍ രക്ഷകനെ സ്വീകരിക്കുവാന്‍ വെമ്പല്‍ കൊള്ളുന്നു. ഇങ്ങനെ ദൈവപുത്രനെ സ്വീകരിച്ച് ലോകത്തിന് ദൈവികതയെ നല്‍കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ ഈ ക്രിസ്തുമസ് ഏറ്റവും അര്‍ത്ഥവത്താവും. ഇനി ഓരോ ആഴ്ചകളിലും ദേവാലയത്തില്‍ ആരാധനക്കായി പോകുമ്പോള്‍ ഈ പെരുന്നാളിന്റെ തുടര്‍ച്ചയാണ് നാം പിന്തുടരുന്നത്.
ആകയാല്‍ പ്രതീകങ്ങളുടെ അര്‍ത്ഥങ്ങള്‍ ചലനം സൃഷ്ടിക്കുന്ന അനുഭവങ്ങള്‍ ആയി ഈ ക്രിസ്തുമസ് തീരട്ടെ.
സ്‌നേഹത്തോടെ
ഹാപ്പി അച്ചന്‍
Leave a Reply