പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു കൊണ്ട് ലോകമെമ്പാടും ഉള്ള ക്രൈസ്തവർക്കൊപ്പം വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനിൽ ക്രിസ്തുമസ് ആഘോഷിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ചു ഡിസംബർ 24ന് രാത്രി പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു. കാർഡിഫിലെ സെന്റ്. ഇൽറ്റിഡ്സ് സ്കൂൾ ചാപ്പലിൽ നടന്ന തിരുക്കർമ്മങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. തിരുക്കർമ്മങ്ങൾക്ക് മിഷൻ കോർഡിനേറ്റർ ഫാ അജൂബ് തോട്ടനാനിയിൽ കാർമ്മികത്വം വഹിച്ചു. പ്രത്യാശയുടെ വെളിച്ചത്തിലൂടെ സഞ്ചരിക്കാനും തെറ്റുകൾ തിരുത്തി ഈശ്വര വിശ്വാസത്തിൽ അധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കുവാനും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നവരോട് ഫാ. അജൂബ് ആവശ്യപ്പെട്ടു. പരസ്പരം ഉള്ള സ്നേഹവും പങ്കു വയ്ക്കലും കൂടി ചേരുമ്പോൾ ആണ് ക്രിസ്തുമസ് ഒരു വലിയ അനുഭവമായി തീരുന്നതെന്ന് കാര്‍മ്മികന്‍ ക്രിസ്തുമസ് സന്ദേശത്തില്‍ എടുത്ത് പറഞ്ഞു.
ബിനീഷ് കുര്യന്റെ നേതൃത്വത്തിലുള്ള മിഷൻ ഗായകസംഘത്തിന്റെ ഗാനങ്ങള്‍ തിരുകര്‍മ്മങ്ങളെ ഭക്തിയുടെ ഉന്നതിയില്‍ എത്തിച്ചു. ഷിബു തോമസ് നിർമ്മിച്ച ഈ വർഷത്തെ പുൽക്കൂട് വളരെ ശ്രദ്ധേയമായി. വി. കുർബാനയ്ക്ക് ശേഷം ക്രിസ്മസ് കേക്ക് മുറിച്ചുകൊണ്ട് ഫാ. അജൂബ് ക്രിസ്മസ് കൾച്ചറൽ പരിപാടികളുടെ ഉത്‌ഘാടനം നിർവഹിച്ചു. കുട്ടികൾക്കായി ക്രിസ്മസ് ട്രീ റാഫിളും, കരോളും അരങ്ങേറി.
സൺഡേ സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച അതിമനോഹരമായ നേറ്റിവിറ്റി സ്‌കിറ്റിലൂടെ ബത്‌ലഹേമിന്റെ മലച്ചെരുവുകളില്‍ ദൈവപുത്രന്റെ വരവറിയിച്ചുകൊണ്ട് രണ്ടായിരം വര്‍ഷം മുന്‍പ് മാലാഖമാര്‍ ആട്ടിടയന്‍മാര്‍ക്ക് സമാധാനത്തിന്റെ പുതിയ സന്ദേശം നല്‍കിയ ആ പുണ്യദിനത്തിന്റെ മാറ്റൊലികള്‍ വീണ്ടും വിശ്വാസികളുടെ മനസ്സില്‍ തെളിഞ്ഞു വന്നു. മിഷനിലെ ലീജിയൻ ഓഫ് മേരി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ ക്രിസ്മസ് ഫീസ്റ്റോടെ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു. റിസ് തോമസും റിയ റ്റിജോയും കൾച്ചറൽ പ്രോഗ്രാമിന്റെ ആങ്കേഴ്സ് ആയിരുന്നു. കൈക്കാരൻമാരായ ബെന്നി ഫിലിപ്പിന്റെയും ജെയിംസ് ജോസഫിന്റെയും തങ്കച്ചൻ ജേക്കബിന്റേയും നേതൃത്വത്തില്‍ ക്രിസ്മസ് പ്രോഗ്രാം കമ്മറ്റി അംഗങ്ങളുടെ കൂട്ടായ സംഘാടന മികവ് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകര്‍ന്നു.
Leave a Reply