ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ക്രിസ്തുമസ് എന്ന് കേൾക്കുമ്പോൾ ഓരോരുത്തരുടെയും മനസ്സിൽ വരുന്നത് കേക്കുകളും അലങ്കാരങ്ങളും സമ്മാനങ്ങളും ഒക്കെ ആവാം. എന്നാൽ പതിവിനു വിപരീതമായി വ്യത്യസ്തമായ രീതിയിൽ ക്രിസ്തുമസ് ആഘോഷിച്ച ചിലരെ പരിചയപ്പെടാം. 34 കാരനായ ബാരി വിൽസൺ, ഡോർസെറ്റ് ക്രൈസ്റ്റ്ചർച്ചിലെ കടലിൽ മുങ്ങികുളിച്ചാണ് ക്രിസ്തുമസ് ആഘോഷിച്ചത്. മാക്മില്ലൻ കെയറിംഗ് പ്രാദേശികമായി നടത്തിയ ഈ പരിപാടിയിൽ നൂറുകണക്കിന് ആളുകൾ സംബന്ധിച്ചു. ഇത് മൂന്നാം തവണയാണ് ബാരി, വളരെ വ്യത്യസ്തമായി ക്രിസ്തുമസ് ആഘോഷിക്കുന്നത്.
ക്രിസ്തുമസ് പിറവിയുടെ ദിനം കൂടിയായിരുന്നു. ദൈവപുത്രന്റെ മാത്രമല്ല. കെന്റിലെ വില്യം ഹാർവി ആശുപത്രിയിൽ രണ്ടു പെൺകുഞ്ഞുങ്ങൾ ഇന്നലെ ജനിക്കുകയുണ്ടായി. ആദ്യത്തെ കുട്ടി ജനിച്ചത് 1:36നാണ്. തനിക്കു ലഭിച്ച എക്കാലത്തെയും വലിയ ക്രിസ്തുമസ് സമ്മാനം ആണിതെന്ന് അമ്മ വിക്ടോറിയ ഹിൽഡൻ പറയുകയുണ്ടായി. രണ്ടാമത്തെ കുട്ടിയുടെ അമ്മ ജോഡി വിറ്റ്സ് തന്റെ കുഞ്ഞിനെ ഒരു ക്രിസ്തുമസ് അത്ഭുതം ആയാണ് വിശേഷിപ്പിച്ചത്. 03:08നാണ് രണ്ടാമത്തെ കുട്ടി ജനിച്ചത്.
ക്രിസ്തുമസ് ദിനത്തിൽ മറ്റുള്ളവർക്ക് സന്തോഷം നൽകികൊണ്ട് അതിൽ ആനന്ദം കണ്ടെത്തുകയാണ് ആൻ ഹോഗ്ട്ടൺ. അടുത്ത ബന്ധുവിന്റെ ഓർമയ്ക്കായി നൂറോളം പേർക്ക് ആൻ ഭക്ഷണം നൽകുന്നു. ഇതിനായി 700 പൗണ്ട് ആണ് അവൾ സമാഹരിച്ചത്. തന്റെ നാല് പെൺമക്കളും ഭർത്താവും ആനിനോടൊപ്പം ചേർന്നു പ്രവർത്തിക്കുന്നു. സെഡ്‌ഗ്ലി കമ്മ്യൂണിറ്റി ചർച്ചിൽ ഭക്ഷണം വിതരണം ചെയ്തു. ഒപ്പം ആനിന്റെ കുടുംബം ഭവനരഹിതർക്ക് സ്ലീപ്പിംഗ് ബാഗുകൾ വിതരണം ചെയ്യുന്നുമുണ്ട്.
15 കാരിയായ ഫിഫിയോൺ ഡയസ്, തന്റെ ക്രിസ്മസ് ദിനം ഗ്ലൗസെസ്റ്ററിലെ ഇൻഡോർ ക്ലൈമ്പിങ് സെന്ററിൽ ചിലവഴിച്ചു. ചാരിറ്റിക്കുവേണ്ടി പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലൈമ്പിങ് വാൾ പ്രോഗ്രാം നടത്തിയതെന്ന് അവൾ പറഞ്ഞു. ഇത് ചെയ്യുന്നത് അസാധാരണമായ ഒരു കാര്യമാണെന്ന് ഡയസ് അഭിപ്രായപ്പെട്ടു. ആൻഡ്രൂ ബിൻസും ഗാവിൻ ബഫാമും തങ്ങളുടെ ക്രിസ്തുമസ് ആഘോഷിച്ചത് ട്രാഫിക് നിയന്ത്രിച്ചുകൊണ്ടാണ്. ക്രിസ്തുമസ് ദിനത്തിൽ ജോലി ചെയ്യുന്നതിൽ യാതൊരു പ്രശ്നവുമില്ല എന്ന് പറഞ്ഞാണ് ട്രാഫിക് ഉദ്യോഗസ്ഥരായ അവർ ജോലി ചെയ്യുന്നത്.
Leave a Reply