ലണ്ടന്‍: എയിഡ്‌സ് ചികിത്സയില്‍ പുതിയ മുന്നേറ്റം. എച്ച്‌ഐവി വൈറസിനെ പ്രതിരോധിക്കാന്‍ ശ്വാസകോശ ക്യാന്‍സറിന്റെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തി. നിലവിലുള്ള എച്ച്‌ഐവി ചികിത്സകളേക്കാള്‍ ഫരപ്രദമാണ് ഈ മരുന്നെന്നാണ് വ്യക്തമായിരിക്കുന്നത്. ശ്വാസകോശാര്‍ബുദത്തിന് ചികിത്സ തേടിയ എച്ച്‌ഐവി ബാധിതനായ 51കാരനിലുണ്ടായ മാറ്റമാണ് ലോക എയിഡ്‌സ് ദിനമായ ഇന്ന് ഈ രോഗ ചികിത്സയില്‍ മുന്നേറ്റത്തിന്റെ സൂചന നല്‍കിയിരിക്കുന്നത്.

നിവോലമുമാബ് എന്ന മരുന്നാണ് ഫലപ്രദമെന്ന് കണ്ടെത്തിയത്. പഴകിയ അര്‍ബുദത്തിന്റെ ചികിത്സക്ക് ഉപയോഗിക്കുന്ന ഈ മരുന്ന് എച്ച്‌ഐവി വൈറസുകളെ ആക്രമിക്കുകയും അവയെ ഇല്ലാതാക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തിയത്. ആന്നല്‍സ് ഓഫ് ഓങ്കോളജി എന്ന ജേര്‍ണലിലാണ് ഈ മരുന്ന് ഫലപ്രദമായെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 50 രോഗികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് വ്യക്തമായതെന്നും പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ക്ക് കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ക്യാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന നിവോമുലാബ് എച്ച്‌ഐവിയെ പ്രതിരോധിക്കുന്നുണ്ടെന്ന് വ്യക്തമാകുന്ന ആദ്യ സംഭവമാണ് ഇതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ജീന്‍ ഫിലിപ്പ് സ്പാനോ പറഞ്ഞു. ശറീരത്തിലെ രോഗപ്രതിരോധ സംവിധാനമായ വെളുത്ത രക്താണുക്കളെ ബാധിക്കുകയും പ്രതിരോധ ശേഷി ഇല്ലാതാക്കുകയുമാണ് എച്ച്‌ഐവി വൈറസ് ചെയ്യുന്നത്. നിവോമുലാബ് വൈറസുകള്‍ക്കെതിരെ ശരീരത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.