ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ക്രിസ്മസ് ദിനത്തിൽ ബ്രിസ്റ്റോളിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി ജലവിതരണം തടസ്സപ്പെട്ടു. ജലവിതരണ പൈപ്പിൽ ഉണ്ടായ ചോർച്ച സൗത്ത് ഗ്ലോസെസ്റ്റർ ഷെയറിലെ 3000 ത്തോളം വീടുകളെ 12 മണിക്കൂറോളമാണ് ക്രിസ്മസ് ദിനത്തിൽ ബുദ്ധിമുട്ടിലാക്കിയത്. ചോർച്ച പുനഃസ്ഥാപിച്ചതിനു ശേഷവും വെള്ളത്തിന് കുറെയധികം നേരം തവിട്ട് കലർന്ന നിറമായിരുന്നു എന്നും ജനങ്ങൾ പറയുന്നു. തന്റെ ക്രിസ്മസ് ഡിന്നർ മുഴുവൻ നശിച്ചതായി സ്ത്രീകളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. ജലത്തിന്റെ നിറവ്യത്യാസം മാറുവാനായി ജനങ്ങൾ പൈപ്പുകൾ കുറെയധികം നേരം തുറന്നിടണമെന്ന നിർദ്ദേശം ബ്രിസ്റ്റോൾ വാട്ടർ കമ്പനി നൽകി. വിന്റർബോൺ, സ്റ്റോക്ക് ഗിഫോർഡ്, ബ്രാഡ്‌ലി സ്റ്റോക്ക് ഏരിയകളിലേക്ക് ജലം നൽകുന്ന ഈ കമ്പനി പ്രശ്നം പൂർണമായും പരിഹരിച്ചതായി അറിയിച്ചു. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും അവർ വ്യക്തമാക്കി. വിന്റർബോൺ റോഡിലെ താമസക്കാർക്ക് ഇന്നലെ വൈകുന്നേരം മുതൽ കുപ്പിവെള്ളം വിതരണം ചെയ്തതായും അവർ അറിയിച്ചു.
എന്നാൽ ക്രിസ്മസ് ദിനത്തിൽ തങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചതായി ജനങ്ങൾ പരാതിപ്പെട്ടു. വർഷത്തിൽ ഒരിക്കൽ ആഘോഷിക്കുന്ന ക്രിസ്മസ് ദിനം വളരെയധികം മോശമായിരുന്നു എന്ന് നിരവധിപേർ വ്യക്തമാക്കി. ഭക്ഷണം ഉണ്ടാക്കാനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമുള്ള വെള്ളം പോലും ഇല്ലായിരുന്നുവെന്ന് മറ്റുചിലർ പറഞ്ഞു. പൈപ്പിൽ ഉണ്ടായ ചോർച്ച എത്രയും വേഗം പരിഹരിക്കാൻ ശ്രമിച്ചുവെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Leave a Reply