ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്ന എന്‍ജിന്‍ തകരാര്‍ വ്യോമയാന വ്യവസായ മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വിമാനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന റോള്‍സ് റോയ്‌സ് എന്‍ജിനുകളിലാണ് തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. 200ഓളം വിമാനങ്ങള്‍ക്ക് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതായാണ് വിവരം. നിരവധി വിമാനക്കമ്പനികള്‍ക്ക് ഇതു മൂലം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. ക്രിസ്തുമസ് പുതുവത്സര സീസണില്‍ യാത്രക്കാരേറെയുള്ള സമയമായതിനാല്‍ ഈ പ്രശ്‌നം യാത്രാക്ലേശം രൂക്ഷമാക്കുമെന്ന് കരുതുന്നു.
എന്‍ജിനുകളുടെ ടര്‍ബൈന്‍ ബ്ലേഡുകള്‍ വിചാരിച്ചതിനേക്കാള്‍ നേരത്തേ തേഞ്ഞുതീരുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടത്. ടര്‍ബൈന്‍ ബ്ലേഡുകളുടെ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെ എയര്‍ ന്യൂസിലന്‍ഡിന് അടുത്തടുത്ത ദിവസങ്ങളില്‍ തങ്ങളുടെ രണ്ട് ബോയിംഗ് 787-9 വിമാനങ്ങള്‍ നിലത്തിറക്കിയിരുന്നു. ഓക്ക്‌ലന്‍ഡില്‍ നിന്ന് ടോക്യോ, ബ്യൂണസ് അയേഴ്‌സ് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട വിമാനങ്ങളാണ് സമാനമായ പ്രശ്‌നങ്ങളേത്തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാര്‍ അസാധാരണ ശബ്ദങ്ങള്‍ കേള്‍ക്കുകയും വിമാനത്തിന് വിറയല്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മറ്റ് രണ്ട് വിമാനങ്ങള്‍ക്ക് കൂടി ഇതേ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഇത് സര്‍വീസുകള്‍ റദ്ദാക്കുന്നതിലേക്കും വിമാനങ്ങള്‍ വൈകുന്നതിലേക്കുമാണ് നയിച്ചത്. വെള്ളിയാഴ്ച മാത്രം മൂന്ന് ദീര്‍ഘദൂര വിമാനങ്ങളാണ് റദ്ദാക്കിയത്. മറ്റു ചില സര്‍വീസുകള്‍ 8 മണിക്കൂര്‍ വരെ വൈകുകയും ചെയ്തു. തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മിക്ക വിമാനക്കമ്പനികളും റോള്‍സ് റോയ്‌സ് ട്രെന്റ് 1000 എന്‍ജിന്‍ ഘടിപ്പിച്ച വിമാനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
Leave a Reply