ഫാ. ഹാപ്പി ജേക്കബ്
സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാ സന്തോഷം ഇന്ന് നിങ്ങളോട് അറിയിക്കുന്നു. കര്‍ത്താവ് നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. ഈ മഹാ സന്തോഷം ദര്‍ശിക്കുവാനായി നാം ഒരുങ്ങുകയാണല്ലോ, തലമുറ തലമുറയായി കാത്തിരുന്ന ദൈവ പുത്രന്റെ ജനനം. ഈ ജനനത്തിന്റെ മുന്‍കുറിയായി ഈ ആഴ്ച നാം ഓര്‍ക്കുന്നത് യോഹന്നാന്‍ സ്‌നാപകന്റെ ജനനമാണ്. ദൈവപുത്രന് വഴിയൊരുക്കുവാന്‍ മരുഭൂമിയില്‍ മാനസാന്തരം പ്രസംഗിച്ച യോഹന്നാന്റെ ജനനം.
അരുളപ്പാട് ലഭിച്ച ഉടന്‍ മൗനിയായിരുന്ന സഖറിയ പുരോഹിതന്‍ നാവെടുത്ത് സംസാരിക്കുന്നു. ആത്മീയ അനുഗ്രഹം പ്രാപിച്ച ദൈവാത്മാവില്‍ നിന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്ന സഖറിയയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. നീയോ പൈതലേ, അത്യുന്നന്റെ പ്രവാചകന്‍ എന്ന് വിളിക്കപ്പെടും. കര്‍ത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ അതേ കരുണയാല്‍ അവന്റെ ജനത്തിന് പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുക്കുവാനുമായി നീ അവന് മുമ്പായി നടക്കും.
ഏതൊരു ക്രിസ്ത്യാനിയുടേയും ജീവിത ലക്ഷ്യമാണ് പ്രത്യാശയോടെ ദൈവ സന്നിധിയില്‍ ആയിത്തീരുക എന്നത്. ഇന്ന് അന്ധകാരം നയിക്കപ്പെടുവാന്‍ അത് നമ്മുടെ മുന്‍പില്‍ ഉണ്ട്. ഒരു യഥാര്‍ത്ഥ ഗുരു, നമ്മുടെ കൈ പിടിച്ച് നടത്തുവാന്‍ ഒരു നായകന്‍ ആയി നാം വളര്‍ന്ന് വരേണ്ടതാണ്. എപ്രകാരം ജീവിച്ച് ഒരു മാതൃക കാട്ടിക്കൊടുക്കുവാന്‍ നമുക്ക് കഴിയും. പ്രസംഗകരും ഉപദേശകരും ധാരാളം നമുക്കുണ്ട്. എന്നാല്‍ അതനുസരിച്ച് ജീവിത മാതൃക തരുവാന്‍, കൊടുക്കുവാന്‍ ആരുണ്ട്, അധരം കൊണ്ട് മഹത്വപ്പെടുത്തുകയും അന്തരംഗം കൊണ്ട് ത്യജിക്കുകയും ചെയ്യുന്നവരായ നാം യഥാര്‍ത്ഥ ജീവിത ലക്ഷ്യത്തിന് പാത്രമായി ഭവിക്കേണ്ടതാണ്.
മൂന്ന് ഘടകങ്ങള്‍ ഈ വിശുദ്ധ ദിവസങ്ങളില്‍ നാം പാലിക്കേണ്ടതുണ്ട്. ഒന്നാമതായി പരിജ്ഞാനത്തില്‍ വളരുക. അറിവും ജ്ഞാനവും വ്യത്യസ്തമാണ്. ബിരുദങ്ങളുടെ പട്ടിക നിരത്തുമ്പോഴും മനുഷ്യനായി ജീവിക്കുവാന്‍ മറക്കുന്ന നാം ഇന്ന് മനസിലാക്കി ജീവിത മാര്‍ഗ്ഗം പരിശീലിക്കുക.
രണ്ടാമതായി നമ്മുടെ ഇടയില്‍ തന്നെ സൂക്ഷിക്കുക. ഈ വായനാ ഭാഗങ്ങളെല്ലാം കുടുംബ പശ്ചാത്തലത്തിലാണ് നാം മനസിലാക്കുന്നത്. ഏറ്റവും അടുത്ത ഗുണഭോക്താക്കളാണ് നമ്മുടെ കുടുംബാംഗങ്ങള്‍. അവരുടെ മുന്‍പില്‍ ദൈവ ജീവിതം സാക്ഷിക്കുവാന്‍ നമുക്ക് കഴിയണം.
മൂന്നാമതായി വഴികാട്ടുക. നാം പരിശീലിച്ച, സാക്ഷിച്ച ദൈവീകത അനേകര്‍ക്ക് ദൈവത്തെ കാട്ടിക്കൊടുക്കുവാന്‍ ഉതകുന്നതായിരിക്കണം. യോഹന്നാനെ പോലെ തന്റെ പിന്നാലെ വരുന്നവന്റെ രക്ഷാദൗത്യം കാട്ടി കൊടുക്കുവാന്‍ ദൈവ സമൂഹത്തെ ഒരുക്കുന്ന ശുശ്രൂശഷകരായി നാം രൂപാന്തരപ്പെടുക. യേശുക്രിസ്തുവിന്റെ ജനനത്തില്‍ അനേകം ദൃഷ്ടാന്തങ്ങള്‍ ഈ വഴികാട്ടലുമായി ബന്ധപ്പെട്ട് നാം ധ്യാനിക്കാറുണ്ട്. യോഹന്നാന്‍ സ്ഥാപകന്റെ ജനനത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്ന സഖറിയാവിനോടും ആ വെളിപാട് ശ്രവിക്കുന്ന അവന്റെ കുടുംബത്തോടും നമുക്ക് അനുരൂപപ്പെടാം. ദൈവം അനുഗ്രഹിക്കട്ടെ.
ഹാപ്പി ജേക്കബ് അച്ചന്‍
Leave a Reply