ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ

ഭൂമിയിൽ സമാധാനം സ്ഥാപിക്കുവാൻ അവതരിച്ച ക്രിസ്തു ഭഗവാന്റെ തിരുപ്പിറവിയാണ് ക്രിസ്തുമസ് . ലോകമെമ്പാടും അധിവസിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനവിഭാഗമായ ക്രൈസ്തവർക്കു മാത്രമല്ല നന്മയെ ഉൾക്കൊള്ളുന്ന ഏതൊരു ജനവിഭാഗത്തിനും ആനന്ദവായ്പ് സൃഷ്ടിക്കുന്ന പുണ്യ ദിനമാണ് ക്രിസ്തു ദേവൻറെ ഈ തിരുപ്പിറവി ദിനം .

സ്നേഹത്തിൻറെ പ്രവാചകനായിരുന്നു ക്രിസ്തു ദേവൻ. ബുദ്ധൻ അഹിംസയ്ക്കും കൃഷ്ണൻ ധർമ്മത്തിനും നബി സാഹോദര്യത്തിനും ശ്രീശങ്കരൻ ജ്ഞാനത്തിനും ശ്രീനാരായണഗുരു അനുകമ്പയ്ക്കും പ്രാധാന്യം നൽകിയതു പോലെ ദൈവപുത്രനായ യേശുക്രിസ്തു സ്നേഹ സിദ്ധാന്തത്തിനു പ്രാധാന്യം നൽകി. സ്നേഹത്തിൻറെ ഭാഷയിൽ ഒരു സ്വർഗ്ഗസാമ്രാജ്യം പടുത്തുയർത്തുവാനാണ് ക്രിസ്തു ആഗ്രഹിച്ചത്. അതിനാൽ അവിടുന്ന് ഉപദേശിച്ചു. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു. ദൈവം എന്നെ സ്നേഹിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുന്നു. അതുപോലെ നിങ്ങളെല്ലാവരും പരസ്പരം സ്നേഹിക്കുവിൻ . ക്രിസ്തു ദേവൻറെ മുഴുവൻ ഉപദേശ സാരവും മേൽപ്പറഞ്ഞ വചനങ്ങളിലുണ്ട്. പ്രസിദ്ധമായ ബൈബിൾ വചനം നിന്നെപ്പോലെ നിൻറെ അയൽക്കാരനേയും സ്നേഹിക്കുക എന്നത് ലോകത്തിലെ തത്വചിന്തകന്മാർക്ക് സത്യമാർഗ്ഗത്തിലേയ്ക്കുള്ള മാർഗ്ഗദീപമായി നിലകൊള്ളുന്നതാണ്.

“ശാന്തോ വസന്തോ നിവസന്തി സന്തോ
വസന്തവത് ലോകഹിതം ചരന്തം ”

എന്നൊരു ആചാര്യവചനമുണ്ട് . മഹാ ഗുരുക്കന്മാരുടെ അവതാരം വസന്ത ഋതുവിനോട് ഉപമിപ്പിക്കുന്നു. വസന്ത ഋതുവിൽ കണ്ണിനും , കാതിനും , കരളിനും കുളിരേകുന്ന ദിവ്യാനുഭവമുളവാകുന്നു. ചെടികൾ പൂക്കുന്നു. വൃക്ഷങ്ങൾ ഫലാഢ്യമാകുന്നു. എല്ലായിടത്തും അനുപമേയമായ വർണ്ണാഛവി തൂകിത്തുളുമ്പുന്നു. വസന്ത ഋതുവിന്റെ ഈ സംസൃഷ്ടി പോലെയാണ് സദ്ഗുരുക്കന്മാരുടെ തിരുവവതാരം കൊണ്ട് ലോകത്തു സംഭവിക്കുന്നത്. ക്രിസ്തു ദേവൻറെ തിരുവവതാരത്തിലൂടെ ലോകത്ത് സംഭവിച്ചതും ഇതു തന്നെയാണ്. പ്രപഞ്ച പ്രകൃതിയിൽ അത്ഭുതമായ പരിവർത്തനം സൃഷ്ടിക്കുവാൻ ദൈവപുത്രനായ ക്രിസ്തുവിന് സാധിച്ചിട്ടുണ്ട്.

ഇതെഴുതുന്ന സച്ചിദാനന്ദ സ്വാമി ഒരു വേദാന്തിയാണ്. ഭാരതീയ ഗുരുക്കന്മാർ ഉപദേശിച്ചു തന്ന ഔപ നിഷിധമായ ദർശനത്തെയാണ് പിന്തുടരുന്നത്. അതിൽ ആധുനികകാലത്തെ ഋഷി വര്യനായ ശ്രീനാരായണ ഗുരുവിൻറെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഗുരുവിൻറെ ഉപദേശപ്രകാരം അവതാരം, ദൈവപുത്രൻ , സിദ്ധൻ, ബുദ്ധൻ, പ്രവാചകൻ എല്ലാം ഈശ്വരാനുഭൂതിയിൽ വിഹരിച്ച് ലോകസേവന ചെയ്യുന്ന സദ്ഗുരുക്കന്മാരുടെ വിശേഷണങ്ങളാണ്. ആദ്യപടിയായി തങ്ങളെ ഒരു കുളത്തിലേയ്ക്കിറങ്ങി ഓരോ പടിയിൽ കൂടി ഇറങ്ങിയ ഓരോരുത്തരും വെള്ളം, തണ്ണി, നീര് , പാനി, തോയം, വാട്ടർ, ജലം ഇതുപോലെയാണ് ദൈവത്തിൻറെ പ്രതിപുരുഷന്മാരായ സദ്ഗുരുക്കന്മാരെ മേൽപ്പറഞ്ഞതുപോലെ ഓരോരോ പേരു ചൊല്ലി വിളിക്കുന്നതും ക്രിസ്തു ദേവൻറെ പ്രസിദ്ധമായ ഗിരി ഗീതയിലെ ഒരു ഉപദേശമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമാധാനമുണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർ ദൈവപുത്രൻ എന്ന് വിളിക്കപ്പെടും അതു പ്രകാരം ലോകത്തിന് സമാധാനം സൃഷ്ടിക്കപ്പെടുന്ന ക്രിസ്തു ദേവൻ ദൈവപുത്രനായി പ്രകാശിക്കുന്നു . ശിവഗിരി മഠത്തിൽ ശ്രീനാരായണഗുരുദേവൻ നിത്യ പ്രാർത്ഥനയ്ക്കായി ഉപദേശിച്ച അനുകമ്പാദശകമെന്ന കൃതിയുണ്ട്. സർവ്വ ദാർശനിക ചിന്താധാരകളെയും മത ഗുരുക്കന്മാരെയും ഗുരുദേവൻ അനുകമ്പയിൽ സമന്വയിപ്പിക്കുന്നുണ്ട്. . ശ്രീകൃഷ്ണൻ , വർദ്ധമാന മഹാവീരൻ , ശ്രീ ശങ്കരാചാര്യർ എന്നിവരെ പരാമർശിച്ചതിനുശേഷം ഗുരു ഉപദേശിക്കുന്നു .

പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ ?
പരമേശ പവിത്ര പുത്രനോ
കരുണാവിൽ നബി മുത്തു രത്നമോ?

ഇവിടെ ലോക മതത്തിലെ നാലു ഗുരുക്കന്മാരെ സ്മരിക്കുന്നു. പുരുഷാകൃതി പൂണ്ട ദൈവം ഹിന്ദുമതത്തിന്റെ പരമാചാര്യനായ ആദി നാരായണ ഋഷിയെ സ്മരിക്കുന്നു. നരദിവ്യാകൃതി പൂണ്ട ധർമ്മം, ധർമ്മത്തിന്റെ മൂർത്തരൂപമായ ഭഗവാൻ ശ്രീബുദ്ധനാണ് . പരമേശ്വര പവിത്ര പുത്രനിൽ ഭഗവാൻ യേശുക്രിസ്തുവാണ്. ക്രിസ്തു ദേവനെ പരമേശ്വരന്റെ പവിത്ര പുത്രനായി ഗുരു വിശേഷിപ്പിക്കുന്നു. പവിത്ര പുത്രൻ എന്ന വിശേഷണം പ്രത്യേകം ശ്രദ്ധേയം. ക്രിസ്തുവിൻറെ അവതാരം സംബന്ധിച്ച് വിവാദമണ്ടല്ലോ . അതിൽ ക്രിസ്തു പവിത്രനായ പുത്രൻ തന്നെയാണ് എന്ന് ശ്രീനാരായണഗുരുദേവൻ അഭിപ്രായപ്പെടുന്നു. മേൽ കൊടുത്ത പദ്യത്തിലൂടെ പ്രധാന മതങ്ങളെ സഹിഷ്ണുതയോടെ സമന്വയിപ്പിക്കുന്നു. ഈ സഹിഷ്ണുത തന്നെയാണ് ക്രിസ്തുവിന്റെ ജീവിതം എന്നു കാണാനാകും. നിന്നെപ്പോലെ നിൻറെ അയൽക്കാരനെ സ്നേഹിക്കുക എന്ന ഉപദേശവാക്യം തന്നെ ശ്രദ്ധിക്കുക. അയൽക്കാരൻ ക്രിസ്തുമത വിശ്വാസിയോ മതവിശ്വാസിയോ ദൈവവിശ്വാസിയോ ആകണമെന്നില്ല. അയാൾ ചുങ്കക്കാരനോ നല്ല സമരിയാക്കാരനോ ആരുമാകട്ടെ അവനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം.

ശ്രീനാരായണഗുരു ഏഷ്യയിൽ ആദ്യമായി ആലുവയിൽ വെച്ച് 1924-ൽ സർവ്വമത മഹാസമ്മേളനം നടത്തി. ഹിന്ദുവിനെയും ക്രിസ്ത്യാനിയേയും ഇസ്ലാമി നേയും ജൈനനേയും ചേർത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ ഗുരുദേവൻ നടത്തിയ ആദ്യ സന്ദേശത്തെ തുടർന്ന് ശിവഗിരിയിൽ സർവ്വമത പാഠശാല സ്ഥാപിച്ചു. ഭാരതീയ വേദാന്തശാസ്ത്രത്തോടൊപ്പം ബൈബിളും ഖുർആനും ഈ പാഠശാലയിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി . ആ പാഠ്യശാലയിൽ പഠിച്ച ഒരു വിദ്യാർത്ഥിയാണ് ഇപ്പോൾ സന്യാസിയായി ഇതെഴുതുന്നത്. അതുപോലെ ശിവഗിരിയിലെ സന്ധ്യാവേളയിലെ പ്രാർത്ഥനയിൽ ഉപനിഷത്തും ഭഗവത്ഗീതയും ശ്രീനാരായണ ധർമ്മവും ഒപ്പം ബൈബിളും ഖുറാനും പാരായണം ദിവസവും ചെയ്യാറുണ്ട്. ഈ മാതൃക എല്ലാ മതവിശ്വാസികളും അനുവർത്തിച്ചാൽ സർവ്വമത സൗഹാർദ്ദം എവിടെയും ഊട്ടി ഉറപ്പിക്കാനാകും.

” ഞാൻ മുന്തിരിയും നിങ്ങളതിൻറെ ശാഖകളും ഉപശാഖകളുമാകുന്നു . എന്നെ അറിഞ്ഞവൻ എൻറെ പിതാവിനെയും അറിഞ്ഞു കഴിഞ്ഞു . ഞാനും പിതാവും ഒന്നുതന്നെ ” എന്ന ക്രിസ്തു വചനം ഈശ്വരൻ ജഗത്ത് ഈ മൂന്നിനെയും ഒന്നായി ഐക്യപ്പെടുത്തുന്നതുമാണ്. അതാണ് അദ്വൈതം. അത് നമ്മുടെ ജീവിതദർശനമാകട്ടെ . ഈ ക്രിസ്തുമസ് വേളയിൽ ദൈവമക്കളായ മുഴുവൻ ജനതയ്ക്കും ആത്മസഹോദരരാണെന്ന വചനം സാക്ഷാത്കരിക്കുമാറാകട്ടെ . ഒപ്പം ദൈവമേവ പരം മന്യേ പൗരഷതു പലിശനും നിർദ്ദകം. പരമമായത് ദൈവസത്യമാണ്. പൗരുഷമല്ല എന്ന ഉപദേശത്തെയും സാർത്ഥകമാകട്ടെ . എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ