അഡ്വ .പി . എസ്. ശ്രീധരൻപിള്ള , മിസോറാം ഗവർണർ
ക്രിസ്തുമസിനോട് അനുബന്ധമായുള്ള ഓർമ്മകൾ തുടങ്ങുന്നത് എന്റെ ഗ്രാമമായ വെണ്മണിയിൽ നിന്നാണ്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഇടകലർന്നു ജീവിക്കുന്ന എൻെറ നാട്ടിൽ സ്വാഭാവികമായും ക്രിസ്തുമസിനോട് ബന്ധപ്പെട്ടിട്ടുള്ള ആഘോഷങ്ങളിൽ എല്ലാവരും വളരെ സജീവമായിരുന്നു.വെണ്മണിയിൽ വൈ എം സി എ തുടങ്ങിയ കാലം തൊട്ടുള്ള ക്രിസ്തുമസ് പരിപാടികളിൽ ഞാൻ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ബന്ധങ്ങളിലൂടെയാണ് ക്രിസ്തുവിനെ കുറിച്ചും ക്രിസ്തുമസ്സിനെക്കുറിച്ചുമുള്ള ആശയങ്ങൾ ചെറിയ പ്രായത്തിൽ തന്നെ എന്നിലേയ്ക്ക് സന്നിവേശിക്കപ്പെട്ടത്. പിന്നീട് കൂടുതൽ പ്രായമായപ്പോൾ ക്രിസ്തുമസിന്റെ സന്ദേശങ്ങൾ സാമൂഹിക തലത്തിലൂള്ള ചിന്തകൾ എന്നിലേയ്ക്ക് കടന്നു വരുവാൻ കാരണമായി.
ജീസസ് ക്രൈസ്റ്റ് ദൈവപുത്രനാണ് എന്ന വിശ്വാസത്തിലാണ് ക്രിസ്തീയ വിശ്വാസം തന്നെ ഉണ്ടായിട്ടുള്ളത്. രമ്യഹർമ്മങ്ങളിലോ രാജകൊട്ടാരത്തിലോ അല്ല മറിച്ച് എളിമയുടെ പ്രതീകമായ കാലിത്തൊഴുത്തിലെ പുൽക്കൂട്ടിലാണ് ക്രിസ്തു ജനിച്ചത്. അതുകൊണ്ടുതന്നെ ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്നാമതായി സ്നേഹം. സ്നേഹമാണ് ദൈവം എന്ന മഹത്തായ സന്ദേശം. രണ്ടാമതായി ദയയാണ്. മനുഷ്യരോടും സഹജീവികളോടും ഉള്ള ദയ. മൂന്നാമതായി സമാധാനം. ഈ മൂന്നു മഹത്തായ സന്ദേശങ്ങളാണ് ക്രിസ്തുവിന്റെ തിരുപ്പിറവിയോടു കൂടി ലോകത്തിന് ലഭിച്ചത്.
ലോകത്തിലെ അറിയപ്പെടുന്ന എല്ലാ മതങ്ങളെയും സ്വീകരിക്കുകയും അവയ്ക്ക് വളരാനും വികസിക്കാനും അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്ത പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. നമ്മുടെ അടിസ്ഥാനപരമായ സങ്കല്പം തന്നെ സർവ്വ ധർമ്മ സമഭാവമാണ്. മതേതരത്വം എന്ന സങ്കല്പം ഭരണഘടനയിൽ വരുന്നതിന് വളരെ മുൻപ് തന്നെ യുഗയുഗാന്തരങ്ങളായി ഈ സമഭാവനയിൽ രൂപപ്പെട്ട നാടാണ് നമ്മുടേത്. എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയണം.
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന് പറയുമ്പോൾ വിശ്വത്തിന് മുഴുവൻ സമാധാനം എന്ന വിശ്വമാനവികതയുടെ മഹത്തായ സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നത്. വളരെ മുൻപുതന്നെ ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള പല പരിപാടികളിലും ക്രിസ്മസ് സന്ദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. ഞാൻ പഠിച്ച എം. റ്റി .എച്ച് .എസ്. മാർത്തോമാ ഹൈസ്കൂളിൽ തന്നെ ക്രിസ്മസ് പരിപാടികളിൽ പ്രസംഗിച്ചിട്ടുണ്ട്.അപ്പോഴെല്ലാം പരസ്പര സൗഹാർദ്ദത്തിന്റെയും സ്നേഹത്തിൻെറയും അനുരണനങ്ങളാണ് എന്റെ മനസ്സിൽ നിറയുന്നത് .
ആത്യന്തികമായി സത്യം ഒന്നാണ്. ആ സത്യത്തിലേക്ക് വ്യത്യസ്ത വഴികളിലൂടെ നമ്മൾ യാത്ര ചെയ്യുന്നു. ഈ ഒരു കാഴ്ചപ്പാടിലാണ് ഭാരതീയ ആത്മീയ ജീവിതം തന്നെ ഉള്ളത്. അതു കൊണ്ടു തന്നെ ക്രിസ്തു ജീവിതത്തിന്റെ നന്മ സ്വാംശീകരിക്കാനുള്ള അവസരമാണ് ക്രിസ്തുമസ്.
നമ്മുടെ രാജ്യം വലിയ പുരോഗതിയിലേയ്ക്ക് എത്തിച്ചേരാൻ ഒരു മനസ്സോടെ ഏകോദര സോദരരായി പ്രവർത്തിക്കാം. അതിൽ പരസ്പര വിശ്വാസവും സ്നേഹവും ഉണ്ടാകണം. കൂടുതൽ കരുത്തോടെ 2020 ൽ ഭാരതത്തിന് മുന്നോട്ടുപോകാൻ ക്രിസ്തുമസും പുതുവത്സരവും സഹായകമാകട്ടെ എന്ന പ്രാർത്ഥനയും ആശംസയും ആണ് എനിക്കുള്ളത്.
വളരെ സന്തോഷത്തോടും പ്രാധാന്യത്തോടും ക്രിസ്തുമസ്സ് ആഘോഷിക്കുന്ന സമൂഹമാണ് മിസോറാമിൽ ഉള്ളത്.ക്രിസ്തുമസ്സിനോടനുബന്ധിച്ച് അഞ്ചു പൊതുഅവധികൾ തന്നെ മിസോറമിലുണ്ട് . ഏതാണ്ട് രണ്ടാഴ്ചക്കാലത്തോളം എല്ലാവരും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും തിരക്കിലായിരിയ്ക്കും . മിസോറാം രാജ്യഭവനിൽ തൊണ്ണൂറ് സ്റ്റാഫ് അംഗങ്ങളാണ് ഉള്ളത് .രാജ്യ ഭവനിലെ എല്ലാവർക്കും സമ്മാനങ്ങളും മധുരവും നൽകി ക്രിസ്തുമസ് ആഘോഷം ഞാൻ നടത്തിയിരുന്നു . എല്ലാവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ.
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
Leave a Reply