എബ്രഹാം മാർ സ്‌റ്റെഫാനോസ് മെത്രാപ്പോലീത്താ

കർത്താവിൽ സ്നേഹിതരെ
ഒരു ക്രിസ്തുമസ് കാലം കൂടി വന്നിരിക്കുന്നു. എല്ലാവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ നേരുന്നു.നമ്മുടെ ജീവിത സാഹചര്യങ്ങളെ കർത്താവിന്റെ മനുഷ്യാവതര സംഭവങ്ങളുമായി ചേർത്ത് ചിന്തിക്കുകയും അതിലൂടെ ആശ്വാസവും പ്രത്യാശയും നേടുകയെന്നത് അനുഗ്രഹകരമായ ഒരു അനുശീലനമാണ്. അപ്പനേയും അമ്മയേയും നാടിനെയും പിരിഞ്ഞുള്ള യാത്ര അബ്രഹാമിൽ നാം കാണുന്നു. അത് ഒരുവിശ്വാസത്തിന്റെ യാത്രയാണ്. ചെല്ലുന്ന ഇടത്ത് ദൈവം സർവ്വതും ഒരുക്കും എന്നുള്ള ഉറപ്പിന്റെ നേരാണ് ആ യാത്രയുടെ ശക്തി. അപരിചിത ദേശത്ത് നമ്മുക്കു വേണ്ടി ആരോ പ്രവർത്തിക്കുന്നുണ്ടെന്ന ബോധം ഒരു തിരിച്ചറിവാണ്. നമ്മുടെ കഴിവിന്റയോ മേന്മയുടെയോ പ്രതിഫലമായിട്ടല്ല   ജീവിതം നമ്മൾക്ക് നൽകുന്ന അനുഭവങ്ങൾ.

ദൈവം മനുഷ്യനായി നമ്മുടെ ഇടയിൽ പാർത്തതിന്റെ ഈ സദ് വാർത്താ കാലത്ത് ഒരു വേദപുസ്തക ഭാഗം കൂടി ഓർമ്മിപ്പിക്കുന്നു. ഹേരോദാരാജാവിന്റെ മരണം വരെ ജോസഫ് കുടുംബവുമായി മിസ്രയീമിൽ പ്രവാസികളായി കഴിഞ്ഞു (മത്താ. 2.15). യേശു കടന്നുപോകാത്ത മാനുഷിക പ്രതിസന്ധികളില്ല. തന്റെ മനുഷ്യ പരമ്പരയിൽ മോശയേ പോലെയുള്ള മഹാരഥൻമാർ അനുഭവിച്ച പ്രവാസ ജീവിതത്തിന്റെയും മരു പ്രയാണത്തിന്റെയും കനൽ വഴികളിലൂടെയാണ് ജോസഫ് അമ്മ മറിയത്തോടും കുഞ്ഞിനോടുമൊപ്പം മിസ്രേമിൽ പാർത്തത്. മൂന്നു മൂന്നര വർഷക്കാലം യേശു കുഞ്ഞു മോശയുടെ വഴിയിൽ പ്രവാസിയായിരുന്നു. അപരിചിതത്ത്വം മതിലായ, സ്വന്തംഭാഷയ്ക്ക് യാതൊരർത്ഥവുമില്ലാത്ത, പ്രാണസ്നേഹിതർ വഴി കാട്ടാനില്ലാത്ത , ഇനിയെന്ത് എന്ന ചോദ്യം മാത്രം എപ്പോഴും ഉയരുന്ന പ്രവാസത്തിന്റെ പെരും കാലം. പക്ഷേ ആ കഠിന കാലവും നമ്മൾ അതിജീവിക്കും. മോശയെ പോലെ രാജകുമാരൻമാരും രാജകുമാരിമാരുമായി നമ്മൾ ജീവിക്കും. അതാണ് ചരിത്രം. പക്ഷേ പലപ്പോഴും നമ്മുടെ ആദ്യ പ്രതിസന്ധികളുടെ നാളുകകളെയും കൂട്ടായി നിന്നവരെയും ചിലപ്പൊഴൊക്കെ നമ്മൾ മറക്കും. ഈ ക്രിസ്മസ് കാലം ഓർമ്മയുടേതാകട്ടെ . പൈതൽ പ്രായം മുതൽ ഈ പ്രവാസത്തിലും നമ്മേ നടക്കാൻ പ്രാപ്താനാക്കിയ ദൈവത്തേ ഓർക്കാം. നമ്മുടെ മനുഷ്യത്ത്വത്തിന്റ മാതൃകയും മൂശയുമായ മാതാപിതാക്കളെ ഓർക്കാം. ബലം നല്കിയ സൗഹൃദങ്ങളെ ഓർക്കാം. ഓർമയുടെ ഉതിർന്നു പോകാത്ത സ്നേഹത്തിൽ യേശു രക്ഷകന്റെ മനുഷ്യാവതര സ്മരണ തലമുറകൾക്ക് കൈമാറാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്നേഹ സുസ്മരണകളോടെ

എബ്രഹാം മാർ സ്‌റ്റെഫാനോസ് മെത്രാപ്പോലീത്താ