ഫാ. ഹാപ്പി ജേക്കബ്
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും തിരുജനനത്തിന്റെ ഒരുക്ക ശുശ്രൂഷയിലേക്ക് നാം കടക്കുകയാണ്. ഒരു അനുസ്മരണം മാത്രമാണ് തിരുജനനം എങ്കിൽ ആഘോഷങ്ങളിൽ മാത്രം ഒതുങ്ങേണ്ടതാണ്. എന്നാൽ തിരുജനനം അനുഭവം ആണെങ്കിൽ അതിനു വേണ്ടി നാം ഒരുങ്ങേണ്ടിയിരിക്കുന്നു. അവൻ അന്യനൻ ആണെങ്കിൽ പിന്നെ നാം എന്തിന് ഒരുങ്ങണം ? എന്തിന് കാത്തിരിക്കണം ?
തിരുജനനത്തിൻറെ ആദ്യ വാക്കുകൾ വന്നു പതിച്ചത് പരിശുദ്ധ മറിയത്തിന്റെ കാതുകളിലാണ്. കൃപ നിറഞ്ഞവളെ നിനക്ക് സമാധാനം . കർത്താവ് നിന്നോടുകൂടെ. വി. ലൂക്കോസ് 1: 28. ആധുനിക കാലങ്ങളിൽ വിശ്വാസം വ്യതിചലിക്കുകയും ഭൗതികത ആശ്രയം ആകുകയും ചെയ്യുമ്പോൾ നാം അറിയാതെ തന്നെ ഈ മംഗളവാർത്ത നമ്മിൽ നിന്ന് അകലുന്നു. താൻ പേനിമയും ,ആസക്തിയും, മായാ മോഹങ്ങളും ഈ അകൽച്ചയ്ക്ക് ആക്കം കൂട്ടുന്നു. ഒരിക്കൽ നാം അകന്നു കഴിയുമ്പോൾ തിരിച്ചുവരവിന്റെ പാത അന്യമായി തീരുന്നു. “കർത്താവു നിന്നോട് കൂടെ ” എന്ന ദൈവവചനം എന്ന് നമ്മിൽ നിന്ന് മാറുന്നുവോ അന്ന് തുടങ്ങും നമ്മുടെ പതനവും .
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം മുതൽ നാം വായിക്കുന്നു, ആദിയിൽ വചനം ഉണ്ടായിരുന്നു . വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവം ആയിരുന്നു . ആ വചനം ആണ് മാലാഖ മറിയത്തോട് അരുളിച്ചെയ്തത് . ആ വചനം സ്വീകരിച്ച് വചനം ജഡമായി അവതരിക്കുവാൻ മറിയം പറഞ്ഞു “ഇതാ ഞാൻ കർത്താവിൻറെ ദാസി, അവിടുത്തെ ഹിതം പോലെ ഭവിക്കട്ടെ ” .
ഇവിടെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത് പരിശുദ്ധ കന്യാമറിയത്തിന്റെ വിധേയത്വവും വിശ്വാസവുമാണ്. രക്ഷകൻ ജനിക്കുവാനുള്ള അടിസ്ഥാന കാരണങ്ങളായി ഇതിനെ നമുക്ക് കാണാം. ഇനി നമ്മിലേക്ക് ഒന്ന് നോക്കിയാൽ ഇവ രണ്ടും നാം എന്നേ മറന്നൂ. ജീവിത യാത്രയിൽ ഇവ രണ്ടുമില്ലാതെ ഇത്രയും സഞ്ചരിച്ചു. ഒരു തിരിച്ചറിവിനേക്കാൾ കൂടുതലായി പിന്തുടർന്ന വഴികൾ അല്ലേ നമ്മെ കൊണ്ടുപോകുന്നത്.
അവൻ അന്യനല്ല എൻറെ ഇമ്മാനുവേൽ ആണെങ്കിൽ നാം അവനെ നമ്മുടെ ഉള്ളിൽ സ്വീകരിച്ചേ മതിയാവൂ. പഴയനിയമത്തിൽ അവന് ധാരാളം നാമങ്ങൾ നൽകിയിട്ടുണ്ട്. അവൻ രക്ഷകൻ ആണ് , വീണ്ടെടുപ്പ് ആണ് , അത്യുന്നതൻ ആണ് , നല്ലിടയൻ ആണ് അവൻ എല്ലാം എല്ലാം ആണ് .
അത്തരത്തിൽ നാം മനസ്സിലാക്കുമ്പോൾ നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും , പ്രയാസങ്ങൾക്കും . ആഗ്രഹങ്ങൾക്കും മതിയായവൻ അവൻ തന്നെ . മറ്റെവിടെ നാം പോയാലും നിത്യ സമാധാനം ലഭിക്കണമെങ്കിൽ തിരിച്ച് വന്നേ മതിയാവുകയുള്ളൂ. ‘അവൻ നമ്മോടു കൂടെ ‘ എന്ന അർഥപൂർണമായ വാഗ്ദത്തം നാം ഉൾകൊണ്ടേ മതിയാവുകയുള്ളൂ.
അവൻ ബലവാനും സർവ്വശക്തനും ആണെങ്കിലും നമ്മുടെ വിധേയത്വവും സമർപ്പണവും ഇല്ല എങ്കിൽ എങ്ങനെ ഇമ്മാനുവേൽ ആകും . “ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു ; ആരെങ്കിലും എൻറെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവൻറെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും”. വെളിപാട് 3: 20
ഇമ്മാനുവേൽ എത്ര കാലമായി നമ്മുടെ ഹൃദയ വാതിൽക്കൽ നിൽക്കുന്നു. എത്ര ക്രിസ്തുമസ് നാം പിന്നിട്ടു. അന്യനായി അല്ലേ നാം അവനെ കണ്ടിരുന്നത്. ലോകം മുഴുവൻ മഹാരോഗത്തിൽ വലഞ്ഞപ്പോഴും ഇപ്പോഴും ആശങ്കയും അവ്യക്തതയും നിലനിൽക്കുമ്പോഴും നാം തിരിച്ചറിയുക. ദൈവ പുത്രന് ജനിക്കുവാൻ ഒരിടം വേണം. അവൻ എൻറെ ഹൃദയ വാതിലിൽ നിന്നും മുട്ടുമ്പോൾ വാതിൽ തുറക്കുവാൻ എൻറെ വിശ്വാസവും വിധേയത്വവും കന്യകയെ പോലെ സമർപ്പിക്കുവാൻ കഴിയട്ടെ . നാം ഇന്നും ജീവനോടെ നിലനിൽക്കുന്നുവെങ്കിൽ അവൻ നിലനിർത്തി എങ്കിൽ അവന് ഞാൻ അന്യനല്ല. എനിക്ക് അവൻ എൻറെ ഇമ്മാനുവേൽ .
ലോകരക്ഷകൻ ബലം നൽകി നമ്മെ ആ നല്ല ദിനത്തിലേയ്ക്ക് ഒരുക്കട്ടെ .
പ്രാർത്ഥനയോടെ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
Leave a Reply