ഫാ. ഹാപ്പി ജേക്കബ്ബ്
ക്രിസ്തുമസിന്റെ അത്ഭുതത്തിൽ ആനന്ദിക്കുക: ദൈവീക സ്വഭാവം സ്വീകരിക്കുക.
നമ്മുടെ രക്ഷകനായ ക്രിസ്തുവിൻറെ ജനനത്തിന്റെ ആഘോഷത്തിൻ അടുത്ത് വരുമ്പോൾ ഈ സംഭവത്തിന്റെ അടിസ്ഥാന കർമ്മങ്ങളിൽ അടങ്ങിയ അന്തർലീനമായതും അഗാധമായതുമായ അത്ഭുതത്തെ കുറിച്ച് ചിന്തിക്കുവാൻ , ധ്യാനിക്കുവാൻ ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു. വി. ലൂക്കോസ് എഴുതിയ സുവിശേഷം 2-ാം അധ്യായം എട്ടു മുതൽ 20 വരെയുള്ള വാക്യത്തിൻ അടിസ്ഥാനപ്പെടുത്തി ധ്യാനിക്കാം. ദൈവീക വെളിപാടുകളുമായി ഇഴചേർന്ന പ്രകൃതിയുടെ മഹത്വത്തിൽ ക്രിസ്തുമസിന്റെ സത്ത പൊതിയപ്പെട്ടിരിക്കുന്നു. മനോഹരമായ പ്രകൃതിയുടെ വർണ്ണനയും ബൈബിളിലെ വെളിപ്പെടുത്തലുകളും ചേർത്തു കൊണ്ട് ക്രിസ്തുമസ് എന്ന അത്ഭുതത്തെ പ്രതിഫലിപ്പിക്കുന്ന നാല് ചിന്തകളിലേയ്ക്ക് ശ്രദ്ധയൂന്നാം.
1) ബേത് ലഹേമിലെ നക്ഷത്രം – പ്രത്യാശയുടെ വഴി .
അത്യുന്നതങ്ങളിൽ പ്രാപഞ്ചിക വിസ്തൃതിയിൽ ഒരു സ്വർഗീയ അത്ഭുതം കാണപ്പെട്ടു – ഒരു നക്ഷത്രം. ഉജ്ജ്വല പ്രകാശവും ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള വഴികാട്ടിയും ആയി നക്ഷത്രം കാണപ്പെട്ടു. അത്യുന്നതങ്ങൾ തന്നെ അത്യുന്നതന്റെ വരവറിയിച്ചു. ദൈവീക പദ്ധതിയിൽ ഭാഗമാകുവാൻ ദൈവം തന്നെ പ്രതീക നക്ഷത്രത്തെ നിയോഗമാക്കി. വി. മത്തായി 2 : 1 – 2
2) ലാളിത്യത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രതീകമായ എളിമയുള്ള പുൽക്കൂട് .
ലോകരക്ഷകൻ ജനിച്ചത് ഒരു പുൽക്കൂടിൽ . ഇതിൽപരം ത്യാഗവും എളിമയും വേറെ എവിടെ ദർശിക്കുവാൻ കഴിയും. ഈ ത്യാഗമാണ് ദൈവീകത മനുഷ്യന് കണ്ടുമുട്ടുവാൻ ഇടയാക്കിയത്. പുൽത്തൊട്ടിയുടെ സ്വഭാവം തന്നെ ധാരാളം സന്ദേശങ്ങൾ നമുക്ക് നൽകുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ലോകത്തെ അറിയിക്കുവാൻ ലോകത്തിലെ നിസ്സാരമായ സ്ഥലം തിരഞ്ഞെടുത്തു. വിനയത്തിലും അതിലൂടെയുള്ള വീണ്ടെടുപ്പിന്റെ വാഗ്ദാനത്തിലും നേടുന്ന സൗന്ദര്യത്തെ കുറിച്ചും നമ്മുടെ ചിന്തകളെ പ്രബുദ്ധമാക്കുന്നു . വി. ലൂക്കോസ് 2 : 7
3) മാലാഖമാരുടെ വൃന്ദഗാനം – മധുര സന്തോഷവാർത്ത
നിശബ്ദതയുടെ പൂർണ്ണതയിൽ സർവ്വ സൃഷ്ടിയും കാതോർത്തു. ആ മംഗള ഗാനത്തിനായി . മാലാഖമാർ പാടിയ “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ; ഭൂമിയിൽ ദൈവപ്രീതിയുള്ളവർക്ക് സമാധാനം ” താഴെ സർവ്വ പ്രവഞ്ചങ്ങളുടേയും മേൽ അലയായി ഒഴുകി എത്തി. അത്യുന്നതിയും അഗാധവും പരസ്പരം ലയിച്ചുചേർന്ന മഹാത്ഭുതത്തിന് ഈ സംഭവം സാക്ഷിയായി. വി. ലൂക്കോസ് 2: 13 -14
4) ദൈവീക വെളിപാടിന്റെ സാക്ഷികളായ ഇടയന്മാരും പ്രപഞ്ചവും.
ഈ അസാധാരണ സംഭവത്തിന് സാക്ഷിയാകുവാൻ ദൈവം തിരഞ്ഞെടുത്തത് മൂകപ്രകൃതിയും എളിമയുള്ള ആട്ടിടയന്മാരെയും ആണ് . ബുദ്ധികൊണ്ട് ഗ്രഹിക്കുവാൻ പറ്റാത്ത ജനനത്തിന്റെ അത്ഭുതങ്ങളെ അനുഭവിച്ചറിയുവാൻ ഇടയന്മാരെ പ്രാപ്തരാക്കി. അവർ അതിന്റെ കാര്യവാഹകരുമായി . സർവ്വ സൃഷ്ടിയും മൗനത്തോടെ ഈ അത്ഭുതം ദർശിച്ചു. വി. ലൂക്കോസ് 2: 8 – 20.
സഹോദരങ്ങളെ പ്രകൃതിയുടെ മഹത്വവും ക്രിസ്തുമസിന്റെ അത്ഭുതവും വേർതിരിക്കുവാൻ പറ്റില്ലാത്തതാണ് . തന്റെ ജനനം മൂലം ദൈവപുത്രൻ സൃഷ്ടികളോടുള്ള അഗാധ സ്നേഹം പ്രകടമാക്കുന്നു. ഇത് വെളിവാക്കുവാൻ നക്ഷത്ര ഭംഗിയും , പുൽത്തൊട്ടിയുടെ ലാളിത്യവും മാലാഖമാരുടെ ഗാനങ്ങളും ഇടയന്മാരുടെ നൈർമല്ല്യവും എല്ലാം കൂടി ദൈവകൃപ അവൻറെ മഹത്വത്തെ വെളിവാക്കുന്നു. കാല യുഗങ്ങളിൽ രേഖപ്പെടുത്തപ്പെട്ട അത്ഭുതം ആയിട്ടു മാത്രമല്ല. രക്ഷകന്റെ ജനനത്തിന്റെ ലാളിത്യവും, വിനയവും നമുക്ക് സ്വീകരിക്കാം. ഈ ദൈവീകമായ അനുഭവത്തിൽ കൃതജ്ഞതയോടെ ജീവിക്കുവാൻ ഈ ക്രിസ്തുമസ് നമ്മെ പ്രചോദിപ്പിക്കട്ടെ .
സ്നേഹത്തിലും പ്രാർത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചൻ .
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
Leave a Reply