ഫാ. ഹാപ്പി ജേക്കബ്

അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം. വിശുദ്ധ ലൂക്കോസിൻെറ സുവിശേഷം അധ്യായം രണ്ടിലെ 14- ലാമത്തെ വാക്യത്തിൽ തിരുജനനത്തിൻ്റെ അല ഒലികൾ ഭൂമിയിൽ മാത്രമല്ല സ്വർഗ്ഗത്തിലും നാം ദർശിക്കുന്നു. ഈ ഗീതികൾ പൂർത്തീകരിക്കപ്പെട്ടത് കാൽവരിയിൽ ആണെങ്കിലും അതിൻെറ ദീർഘദർശനമായി നമുക്ക് ഈ വാക്കുകൾ ശ്രവിക്കാം. ഇതാ സകലവും നിവൃത്തിയായി എന്ന് പറഞ്ഞു തൻ്റെ പ്രാണൻ വിട്ടപ്പോൾ തൻ്റെ ദൗത്യം പൂർത്തീകരിക്കപ്പെട്ടതായി നമുക്ക് മനസ്സിലാക്കാം.

എൻ്റെ വീണ്ടെടുപ്പ് ആണ് കർത്താവിൻ്റെ ജനനത്തിനായി നമ്മെ ഒരുക്കേണ്ടത് എന്ന് പ്രാഥമികമായി നാം ഓർക്കുക. ദൈവപ്രസാദമുള്ളവരായി നാം തീരേണ്ടതിന് ദൈവസുതൻ ജാതം ചെയ്തതിന് നാം ദൈവത്തെ മഹത്വപ്പെടുത്തണം . സകല ലോക അനുഭവങ്ങളും ത്യജിച്ചാണ് ദൈവപ്രീതി ലഭ്യമാക്കാൻ അവൻ അവതരിച്ചത്. ലോക പ്രകാരമുള്ള ഒരു ലാഭവും അവൻ്റെ ജനനത്തിന് നിദാനമായിട്ടില്ല . ആന്തരിക സമാധാനവും ദൈവപ്രീതിയുമാണ് ക്രിസ്തുമസിന് പിൻപിലുള്ളത്. പണമോ , സുഖസൗകര്യങ്ങളോ, പ്രൗഢിയോ , ആഡംബരമോ ഒന്നും തരുവാനല്ല എൻെറ യേശു ഈ ലോകത്തിൽ ജാതം ചെയ്തത്. എന്നാൽ ഇന്ന് പലരും ഇതിനെ കോട്ടികളയുകയും ഹൃദയങ്ങളിൽ നിന്ന് ദൈവപ്രീതി വികലമാക്കുകയും ചെയ്യുന്നു.

തൻ്റെ ഉള്ളിൽ ശിശു ജാതം ചെയ്തു എന്ന് തിരിച്ചറിഞ്ഞ മറിയം തൻ്റെ ചാർച്ചക്കാരിയായ എലിസബത്തിനെ കാണാൻ പോയ അനുഭവം നാം ഓർക്കേണ്ടതായിട്ടുണ്ട്. വി. ലൂക്കോസിൻെറ സുവിശേഷം അധ്യായം 1, 42-മത്തെ വാക്യം മുതൽ ഇത് പ്രതിപാദിക്കുന്നു. അവിടെ മറിയം ദൈവത്തെ മഹത്വപ്പെടുത്തി കൊണ്ട് പറയുന്ന നാല് കാര്യം ഈ കാലയളവിൽ നാം ഓർക്കുക. 1, അവനെ ഭയപ്പെടുന്നവർക്ക് അവൻ്റെ കരുണ തലമുറതലമുറയോളം ലഭിക്കും. 2 .ഹൃദയംകൊണ്ട് അഹങ്കരിക്കുന്നവരെ അവൻ ചിതറിക്കും. 3 സിംഹാസനങ്ങളെ മറിച്ച് താഴെ ഉള്ളവരെ ഉയർത്തും. 4 . വിശന്നിരിക്കുന്നവരെ നന്മകൾ കൊണ്ട് നിറയ്ക്കും.

ഈ കാര്യങ്ങളാണ് ഒരുവൻെറ ഹൃദയത്തിൽ ക്രിസ്തു ജനിക്കുമ്പോൾ സംഭവിക്കുന്നത്. സൂക്ഷ്മമായി നാം ചിന്തിക്കുമ്പോൾ ഈ നാല് കാര്യങ്ങൾ കൊണ്ട് ഒരുവൻ പുതുതായി തീരും. നാം ആയിരിക്കുന്ന ഭാവവും ചുറ്റുപാടും ജനനത്തിൽ പങ്കാളി ആവുമ്പോൾ മാറിമറിയും. അങ്ങനെ ഒരു പാപി അനുതപിക്കുമ്പോൾ സ്വർഗ്ഗം സന്തോഷിക്കും.

ദൈവികമായ ഈ ജനനം സ്വീകരിക്കുവാൻ ദൈവപ്രീതി ആവശ്യമാണ്. യാഥാർഥ്യമായി ജനനം നമ്മിൽ ചലനം സൃഷ്ടിക്കുമ്പോൾ നമ്മുടെ സമാധാനം മാത്രമല്ല സ്വർഗീയ സന്തോഷം കൂടി നാം പ്രാപ്തമാക്കുന്നു. എന്നാൽ ഇന്ന് നാം കാണുന്ന ആധുനിക പ്രഭാഷണങ്ങളും പഠിപ്പിക്കലുകളും യഥാർത്ഥമായ ഈ അനുഭവങ്ങളിൽനിന്നും വളരെ ദൂരെയാണ്. കോടികളുടെ കഥയും ആർഭാടവും ആണ് ഇന്നിൻെറ സുവിശേഷം . ജനത്തിന് അതുമതി. പരമ്പരാഗതമായി പാലിച്ചു വന്ന വിശ്വാസങ്ങളെല്ലാം കാറ്റിൽപറത്തി പണവും സ്റ്റാറ്റസും കൈമുതൽ ആക്കുവാനുള്ള സാധാ ജീവിതത്തിൽ ക്രിസ്തു ജനിക്കുകയില്ല. പ്രവാചകന്മാർ അരുളി ചെയ്ത പ്രവചനങ്ങളിലും സഹനത്തിൻെറ ദാസനായ ദൈവപുത്രനെയാണ് വരച്ച് കാണിച്ചിരിക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അത്തരത്തിൽ നാം മനസ്സിലാക്കുമ്പോൾ എളിമയുടെ, ലാളിത്യത്തിൻെറ പ്രതീകമായ പെരുന്നാളാണ് ക്രിസ്തുമസ്. ഗലാത്യർ 4 :4 -ൽ ഇപ്രകാരം വായിക്കുന്നു. എന്നാൽ കാലത്തിൻെറ പൂർണ്ണത വന്നപ്പോൾ ദൈവം തൻെറ പുത്രനെ സ്ത്രീയിൽ നിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൽ കീഴുള്ളവരെ വിലയ്ക്ക് വാങ്ങിയിട്ട് നാം പുത്രത്വം പ്രാപിക്കേണ്ടതിന് തന്നെ. നിങ്ങൾ മക്കൾ ആകകൊണ്ട് ആബാ പിതാവേ എന്ന് വിളിക്കുന്ന സ്വപുത്രൻ്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ ആയ്ച്ചു. അങ്ങനെ വിശേഷതയുള്ളവരായി നമ്മെ തീർക്കുകയും ദാസനല്ല, പുത്രത്വത്തിൻ്റെ ആത്മാവിനെ ഈ ജനനം മൂലം നമുക്ക് നൽകി. നമ്മുടെ സന്തോഷം പൂർത്തീകരിക്കുന്നതിന് ഒപ്പം സ്വർഗ്ഗവും സന്തോഷിക്കുവാൻ എൻെറ ഉള്ളിൽ ക്രിസ്തു ജനിച്ചിരിക്കണം. അതിനുവേണ്ടി നമ്മെ ഒരുക്കുന്ന ദിനങ്ങളാണ് ഈ നോമ്പിലൂടെ നാം യാഥാർഥ്യമാക്കുന്നത് . വീണ്ടും ഓർമ്മിപ്പിക്കട്ടെ. പ്രതീകങ്ങളിൽ ഉള്ള നമ്മുടെ ആചാരങ്ങളെ മാറ്റി യഥാർത്ഥമായ അനുഭവം നമുക്കുണ്ടാകണം. ഈ ലോകത്തിൻെറ കെടുതികളും യാതനകളും നമ്മെ ഗ്രസിക്കുമ്പോൾ അല്പമെങ്കിലും സമാധാനം നമ്മൾക്കുണ്ടാകാനും നമ്മളിലൂടെ മറ്റുള്ളവർക്ക് പ്രാപ്യമാകാനും നമുക്ക് ശ്രമിക്കാം.

എൻറെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു, ലോകം തരുന്നത് പോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത് , ഭ്രമിക്കുകയും അരുത് . യോഹന്നാൻ 14 : 27 ലൗകികതകളെ വെടിഞ്ഞ് യഥാർത്ഥമായ അനുഭവം ഈ ജനനപ്പെരുന്നാളിൽ സാധ്യമാകട്ടെ. നമുക്ക് ദൈവപ്രീതി ലഭിക്കുകയും സ്വർഗ്ഗം സന്തോഷിക്കുകയും ചെയ്യുവാൻ ക്രിസ്തു നമ്മിൽ ജനിക്കട്ടെ.

ക്രിസ്തു ശുശ്രൂഷയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം