ഫാ. ഹാപ്പി ജേക്കബ്

ഏവർക്കും തിരുജനനത്തിന്റെ പുണ്യം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. കാത്തിരുന്ന ദിനം ആഗതമായി. ഈ ആഴ്ചകളിൽ നാം ചിന്തിച്ച വേദ ചിന്തകളുടെ അടിസ്ഥാനത്തിൽ ഏവരും ക്രിസ്തുയേശുവിൽ വളരുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരു ചിന്ത മാത്രം ഏവരും ഉൾക്കൊള്ളുവാൻ ഞാൻ ആഗ്രഹിക്കുന്നു.  പാതിരാ കുർബാന കഴിഞ്ഞ് ദേവാലയത്തിൽ നിന്നും ഇറങ്ങി വരുന്ന ഏവരും ക്രിസ്തുവിനെ കൂടെ കൂട്ടുവാൻ മറക്കല്ലേ. കാത്തിരുന്ന ദിനം , സന്തോഷം ,കൂട്ടായ്മ എല്ലാം ലഭ്യമാകുന്നത് ക്രിസ്തുവിനെ കൂടെ കൂട്ടുമ്പോഴാണ് . അതില്ലാതെ  ഒരു  അനുഭവം നമുക്ക് ഉണ്ടാകരുതേ. കാരണം മറ്റൊന്നുമല്ല. പല കുടുംബങ്ങളുടെയും ഒരുക്കം കാണുമ്പോൾ ഏതോ വലിയ ആഘോഷം എന്ന് തോന്നിപ്പോകുന്നു . വിശുദ്ധ കുർബാന കഴിയുവാൻ സമയം നോക്കിയിരിക്കുവാണ് മിക്കവരും.

ദൂതൻ അവരോട്; ഭയപ്പെടേണ്ട ; സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം ഞാൻ നിങ്ങളോട്            സുവിശേഷിക്കുന്നു . കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. വി. ലൂക്കോസ് 2:10-11.

എല്ലാ ഭയാശങ്കകളും നീങ്ങി സന്തോഷ അനുഭവത്തിലേക്ക് നമ്മെ  എത്തിക്കുന്ന  ദിവ്യമായ ത്യാഗം. നോമ്പ് നോറ്റ് ഈ ജനനം സ്വീകരിപ്പാൻ ഒരുക്കത്തോടെ ഇരിക്കുന്ന ഏവർക്കും സന്തോഷം ലഭിക്കുന്ന തിരുജനനം.         ക്രിസ്തുവിന്റെ ജനനം ആണല്ലോ ക്രിസ്മസ് ആയി ആഘോഷിക്കുന്നത്. എന്നാൽ ഒന്നോർക്കുക. കേവലം ആഘോഷത്തിനു വേണ്ടി ഒരു ദിനം മാറ്റി വയ്ക്കാതെ ഈ ജനനത്തെ  നമ്മുടെ ജീവിതവുമായി ചേർത്തുവയ്ക്കുക. അവൻ നമ്മിൽ  ജനിക്കട്ടെ , നമ്മളിൽ വളരട്ടെ. എന്റെ  ഇമ്മാനുവേൽ എന്നിൽ എന്ന് നമുക്ക് തീരുമാനിക്കാം .

മാലാഖമാരും ആട്ടിടയന്മാരും ജ്ഞാനികളും എല്ലാം ക്രിസ്തുവിനെ കാണുന്നത് നമുക്ക് പ്രചോദനങ്ങളാണ്. മാലാഖമാർ ദിവ്യ സന്ദേശവാഹകർ ആയതുപോലെ ഈ തിരുജനനത്തിൻെറ  സന്തോഷം വഹിച്ച് അന്ധകാരത്തിലും മരണ  നിഴലിലും ആയിരിക്കുന്ന അനേകർക്ക്   എത്തിക്കുവാൻ നാം ഒരുങ്ങണം . കഷ്ടതയുടെയും, വേദനയുടെയും, രോഗത്തിൻെറയും   നടുവിൽ കഴിയുന്ന നമ്മുടെ ഓരോരുത്തരുടെയും പ്രതീകമായിട്ടാണ് തണുപ്പ്  ഏറ്റ്  കാത്തിരിക്കുന്ന ആട്ടിടയന്മാർ. ബൗദ്ധികമായ  നേട്ടങ്ങളല്ല, സമർപ്പണമാണ് ഉന്നതിയുടെ ഭാവം എന്ന് വിശിഷ്ട സമ്മാനങ്ങൾ നൽകി ജ്ഞാനികൾ നമ്മെ പഠിപ്പിച്ചു. എന്നാൽ ആണ്ടോടാണ്ട് നാം ഈ  ശുശ്രൂഷകളിൽ പങ്കുകാരായിട്ടും നമ്മിൽ ഒരു ചലനവും ഉണ്ടായിട്ടില്ല എങ്കിൽ നാം ഇനിയും ക്രിസ്തുവിനെ സ്വീകരിച്ചിട്ടില്ല എന്നർത്ഥം. രാജത്വവും ധനവും ദാനവും എല്ലാം ശിശുവിനെ വന്നുകണ്ട്  സമർപ്പിച്ചപ്പോൾ അത് ധന്യതയുടെ അനുഭവം ആയി മാറിയ പോലെ നമുക്കും നമുക്കുള്ളതും  തിരുമുമ്പാകെ സമർപ്പിച്ചുകൊണ്ട് ഈ ജനനത്തിരുനാളിനെ വരവേൽക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രിസ്തുവിൻ്റെ ആശയങ്ങൾ പ്രസംഗിക്കുന്നവരെ അല്ല പ്രാവർത്തികമാക്കുന്നവരെയാണ് ലോകം ഇന്ന്  ആവശ്യപ്പെടുന്നത്. ജീവിതത്തിലൂടെയും പ്രവർത്തനത്തിലൂടെയും ഈ  സദ്വർത്തമാനം  നമുക്ക് മറ്റുള്ളവരെയും അറിയിക്കാം. അനേകം ആത്മാക്കളെ  നേടുന്നവരും അനേക ജീവിതങ്ങളെ സ്വാധീനിക്കുന്നവരും ആയി തീരാം നമുക്ക്. പ്രത്യേകിച്ചും കിടപ്പാടം  നഷ്ടപ്പെട്ടും  ഉപജീവനമാർഗങ്ങൾ ഇല്ലാതെയും, രോഗികളായും അനാഥരായും  തീർന്നവർ ഈ       മഹാവ്യാധി  മൂലം നമ്മുടെ ഇടയിൽ ധാരാളം ഉണ്ട്. അവരുടെ മുൻപിൽ ആർഭാടവും അഹന്തയും ആയി ഈ പെരുന്നാളിൽ  നാം ആയിത്തീരുന്നെങ്കിൽ ഈ ക്രിസ്തുമസും യാതൊരു മാറ്റവും നമുക്ക് തന്നില്ല എന്ന് മനസ്സിലാക്കാം .

ഈ സദ്വർത്തമാനം ദൂതരിൽ  നിന്ന്  ശ്രവിച്ച ആട്ടിടയർ ” നാം ബെത്ലഹേമോളം ചെന്ന് കർത്താവ് നമ്മോട്  അറിയിച്ച ഈ സംഭവം ചെന്ന് കാണണം എന്ന് പറഞ്ഞു” ആയതുപോലെ ആശംസകാർഡിലും , കരോളിലും  ആരാധനയിലും നാം മനസ്സിലാക്കിയ ഉണ്ണിയേശുവിനെ ദർശിച്ച് സായൂജ്യം അടയാം. ആചരണങ്ങളേക്കാളും മഹത്തരമാകട്ടെ നമ്മുടെ ഇനിയുള്ള ജീവിതം. പ്രതീകങ്ങളേക്കാൾ  പ്രശംസനീയമാകട്ടെ നമ്മുടെ ജീവിതം.
“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ;ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” . ഇത് തന്നെയാകട്ടെ നമ്മുടെ ക്രിസ്മസും .

ഏവർക്കും ആശംസകൾ നേർന്നുകൊണ്ട് പ്രാർത്ഥനയോടെ
ഫാ. ഹാപ്പി ജേക്കബ്ബ്

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം