ഫാ. ഹാപ്പി ജേക്കബ്ബ്
ക്രിസ്തുമസ് സൂചനകൾ ഒരു ബൈബിൾ വീക്ഷണം.
ക്രിസ്തുമസ് കാലയളവിൽ നാം ഭവനങ്ങളിലും ദേശങ്ങളിലും സഞ്ചരിക്കുമ്പോൾ ധാരാളം പ്രത്യേകതകൾ കാണാറുണ്ട്. അലങ്കാരങ്ങൾ ആണ് എന്ന് കരുതി നാം പലപ്പോഴും അതിനുവേണ്ടി മനസ്സൊരുക്കുകയോ അർത്ഥം ഗ്രഹിക്കുകയോ ചെയ്യില്ല . എന്നാൽ ഇവ ഓരോന്നും ക്രിസ്തു എന്ന രക്ഷകന്റെ ജനനം നമ്മെ ഓർമ്മപ്പെടുത്തുന്ന സൂചനകൾ എന്ന് മനസ്സിലാകുമ്പോൾ ക്രിസ്തുമസ് ദിനം കൂടുതൽ അർത്ഥപൂർണ്ണമാകും.
1) ക്രിസ്തുമസ് ട്രീ : നിത്യജീവിതവും പ്രതീക്ഷയും.
വിളക്കുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച ജീഡിൻറെ പ്രതീകമായ പച്ചമരം വളരെ അർത്ഥം നമുക്ക് നൽകുന്നു. ക്രിസ്തുവിലൂടെ നാം ആർജ്ജിച്ച രക്ഷ ഇതിലൂടെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ രക്ഷകൻ നമ്മുടെ രക്ഷയ്ക്കും വീണ്ടെടുപ്പിനുമായി മരത്തിന്മേൽ തൂക്കപ്പെടുന്നു. ശാപത്തിൽ നിന്നും മരണത്തിൽ നിന്നും രോഗത്തിൽ നിന്നും നമ്മെ വീണ്ടെടുത്ത അനുഭവത്തിന്റെ പ്രതീകമായി ഇതിനെ കാണാം. ക്രിസ്തുമസ് മരത്തിന്റെ ചുവട്ടിൽ നാം ക്രമീകരിക്കുന്ന സമ്മാനം കാൽവരിയുടെ ചുവട്ടിൽ കടന്നുവന്ന് രക്ഷ നേടുന്ന ഓരോരുവനും സ്വീകരിക്കുന്ന സമ്മാനത്തിന് തുല്യമാണ്. വിടുതൽ, രക്ഷ, പ്രതീക്ഷ, പ്രത്യാശ, വീണ്ടെടുപ്പ്, സന്തോഷം , സമാധാനം, സൗഖ്യം ഇവയെല്ലാം ഈ സമ്മാനപ്പൊതികൾ പ്രതിനിധീകരിക്കുന്നു. മരത്തിൻറെ നിത്യഹരിതഭാവം ക്രിസ്തുവിൻറെ നിത്യതയും, നിവർത്തിയും നമുക്ക് നൽകുന്നു. വലിയ സമ്മാനമായ ക്രിസ്തു തന്നെ ആണ് എന്ന ബോധ്യം വളർത്തുക.
2) നക്ഷത്രം: വഴികാട്ടിയും വഴിയും .
രക്ഷകന്റെ ജനന നാളിൽ കിഴക്ക് നിന്ന് വിദ്വാന്മാർ യഹൂദിയായിലെത്തി “യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ , ഞങ്ങൾ അവൻറെ നക്ഷത്രം കിഴക്ക് കണ്ടു. അവനെ നമസ്കരിക്കുവാൻ വന്നിരിക്കുന്നു എന്ന് പറഞ്ഞു. വി. മത്തായി 2:2. തുടർന്ന് നാം വായിക്കുന്നു. അവർ പുറപ്പെട്ടു. അവർ കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന് മീതെ വന്ന് നിൽക്കുവോളം അവർക്ക് മുൻപായി പൊയ്ക്കൊണ്ടിരുന്നു. വി. മത്തായി 2: 9. കോടാനുകോടി ജ്വാലകളെ സൃഷ്ടിച്ചവൻ, സാക്ഷാൽ സത്യപ്രകാശമാകുന്ന പ്രഭാ പൂർണ്ണൻ തന്റെ ജനനം കാണ്മാൻ വരുന്നവരെ സുരക്ഷിതമായി അവിടേയ്ക്ക് എത്തിക്കുന്നു. നമ്മുടെ ജീവിതത്തിലും പല കാലങ്ങളിലും പല അവസരങ്ങളിലും തന്നിലേക്ക് കടന്നുവരുവാൻ അവൻ പല മുഖാന്തിരങ്ങളും നൽകിയെങ്കിലും നാം വഴിതെറ്റിലും തൻ കാര്യങ്ങളിലും അഴലുന്നവരായി. ഈ ക്രിസ്തുമസ് നക്ഷത്രം നാം ആയിക്കൂടെ. അനേകരെ രക്ഷക സനിധിയിലേയ്ക്ക് നയിക്കുന്നവരായി രൂപാന്തരപ്പെട്ടു കൂടെ നമുക്ക് . നമ്മുടെ ഭവനങ്ങളിൽ നാം തൂക്കുന്ന നക്ഷത്രത്തിന്റെ അർത്ഥം അതിലും പ്രാധാന്യമുള്ളതാണ്. നക്ഷത്ര ശോഭ കണ്ട് അതിനെ പിൻപറ്റി അനേകർ കടന്നുവരാം നമ്മുടെ ഭവനങ്ങളിലേക്കും. അവരുടെ പ്രതീക്ഷ രക്ഷകന്റെ ജനനവും അതിലൂടെ ലഭിച്ച സ്നേഹവും , സമാധാനവും, പ്രത്യാശയും അനുഭവിക്കുവാനാണ്. പുൽക്കൂടിന്റെ ശാന്തത നമ്മുടെ ഭവനങ്ങൾക്കുണ്ടോ ? എത്തിച്ചേർന്നവരെ രൂപാന്തരപ്പെടുത്തുവാനും , സമാധാനം നിറയ്ക്കുവാനും നമ്മുടെ ഭവനങ്ങൾക്കാവുന്നുണ്ടോ ? നക്ഷത്രം കാണുമ്പോഴും നമ്മുടെ ഭവനങ്ങളിൽ നക്ഷത്രം തൂക്കുമ്പോഴും വേദലഹേമിലെ പുൽത്തെഴുത്തും അവിടെ പിറന്ന ഉണ്ണിയേശുവിനെയും നാം ഓർക്കണം. നമ്മുടെ ഭവനങ്ങളും അനേകർക്ക് ആശ്വാസം നൽകുന്ന ഇടമായി മാറ്റിയെടുക്കണം.
3) സന്തോഷകരമായ പ്രഖ്യാപനത്തിന്റെ മണികൾ
ഈ സന്തോഷവാർത്തയെ ലോകമെങ്ങും എത്തിക്കുന്ന പ്രഘോഷണമാണ് ഈ മണികൾ നിവർത്തിക്കുന്നത് . വലിയ സന്തോഷത്തിന്റെ മഹത്തരമായ പ്രഘോഷണം. ഈ വാർത്ത അറിഞ്ഞവർ ആരും മിണ്ടാതിരുന്നില്ല. “പെട്ടെന്ന് സ്വർഗീയ സൈന്യത്തിന്റെ ഒരു വലിയ സംഘം ദൂതനോടൊപ്പം പ്രത്യക്ഷപ്പെട്ടു. ദൈവത്തെ സ്തുതിച്ചുകൊണ്ട് അത്യുന്നതമായ സ്വർഗത്തിൽ മഹത്വം, ഭൂമിയിൽ ദൈവപ്രീതിയുള്ളവർക്ക് സമാധാനം, വി. ലൂക്കോസ് 2 :13 -14 . എന്നാൽ നമ്മുടെ ജീവിതത്തിൽ ഈ സന്തോഷവാർത്ത എത്രമാത്രം പ്രഘോഷിച്ചു. ക്രിസ്തുമസിന്റെ മണിമുഴക്കം കേൾക്കുമ്പോൾ നാമും പാടുക , പറയുക രക്ഷകൻ ജനിച്ചുവെന്ന് .
4) പുൽക്കൂടിന്റെ അനുഭവം : കുടുംബരക്ഷ.
യേശുക്രിസ്തുവിന്റെ ജനനം ചിത്രീകരിക്കുന്ന പുൽക്കൂടും അതിലെ പ്രതീകങ്ങളും മറ്റൊരു പാഠം നമുക്ക് നൽകുന്നു. പരിമിതികളും പരാധീനതകളും നമ്മുടെ സന്തോഷം കെടുത്തുമ്പോൾ പുൽക്കൂട് നൽകുന്ന അർത്ഥം ഇപ്രകാരമാണ്. നമ്മുടെ കുറവുകൾ ഒരിക്കലും നമ്മുടെ സന്തോഷം കെടുത്തരുത്. കാരണം എല്ലാ മാനുഷിക പരിമിതികളും അതിൻറെ നടുവിൽ പ്രത്യാശയും പ്രതീക്ഷയും നൽകുന്ന തിരുജനനം ആണ് . പുൽക്കൂട് നൽകുന്ന അർത്ഥം മറിയം, ജോസഫ് , ശിശു, ഇടയന്മാർ, ജ്ഞാനികൾ, കന്നുകാലികൾ ഇവയെല്ലാം ഒരു സാധാരണ കുടുംബ പശ്ചാത്തലം പരിചയപ്പെടുത്തുകയും, നിസ്സാരമായി നാം കാണുന്ന അനുഭവങ്ങളിലാണ് ദൈവം ജനിക്കുവാൻ ഇടങ്ങളായി തീരുകയും ചെയ്യുന്നത് എന്ന് നമ്മെ പഠിപ്പിക്കുന്നു. ഈ പുൽക്കൂട്ടിൽ നമ്മുടെ കാഴ്ചപ്പാട് പോലെ ഉള്ള അനുഭവങ്ങൾ ഇല്ല എങ്കിലും സമാധാനവും, സന്തോഷവും രക്ഷയും ആവിർഭവിക്കുന്നു ; അതിനല്ലേ പ്രാധാന്യം.
ഇനിയുമുണ്ട് പ്രതീകങ്ങൾ ധാരാളം. ബലിയുടെയും രക്ഷയുടെയും പ്രതീകമായ റീത്തുകളും , വിളങ്ങി കത്തുന്ന മെഴുകുതിരികളും , ആശംസാ കാർഡുകളും നമ്മെ കൊണ്ടെത്തിക്കുന്നത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും , പ്രത്യാശയുടെയും , സ്നേഹത്തിന്റെയും ദിനങ്ങളിലേയ്ക്കാണ്. നമ്മുടെ രക്ഷയ്ക്ക് വേണ്ടി ദൈവപുത്രൻ വെറുമയക്കപ്പെട്ടു . സ്വയം ചെറുതായി, മനുഷ്യനായി, കാൽവരിയിലേയ്ക്ക് നടന്ന് കയറി. ജനനത്തിന്റെ പ്രതീകങ്ങൾ എല്ലാം ത്യാഗത്തിന്റെ ചൂണ്ട് പലകയാക്കി അവൻ തീർത്തു.
ക്രിസ്തുമസിന്റെ അനുഭവം നിങ്ങളുടെ ഹൃദയത്തെ ക്രിസ്തുവിൻറെ സ്നേഹത്താൽ നിറയ്ക്കട്ടെ . നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും പ്രത്യാശയും നിറയട്ടെ . ദൈവത്തിൻറെ അനന്തമായ സ്നേഹവും ദിവ്യകാരുണ്യവും നിറഞ്ഞ അനുഗ്രഹീതമായ ക്രിസ്തുമസും പുതുവർഷവും ആശംസിക്കുന്നു.
പ്രാർത്ഥനയിൽ ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
Leave a Reply