ഫാ. ഹാപ്പി ജേക്കബ്ബ്

എല്ലാ സൃഷ്ടികളെയും സന്തോഷിപ്പിക്കുവാനും, വീണ്ടെടുക്കുവാനും ത്യാഗമായ ദൈവപുത്രന്റെ വരവേൽപ്പിന്റെ ദിനങ്ങൾ അടുത്ത് വന്നുവല്ലോ. ആഘോഷങ്ങളിൽ അല്ല ഒരുക്കവും സമർപ്പണവും ആണ് ഈ ദിനങ്ങളിലെ വിശേഷം. താരതമ്യേന ഒന്നാം കാര്യമാണ് ഈ കാലഘട്ടം ആഗ്രഹിക്കുന്നത്. ആഘോഷിക്കുവാനും, സന്തോഷിക്കുവാനും വ്യാപാര താത്‌പര്യങ്ങളും എല്ലാം ഈ കാലത്തിൽ പ്രസ്തുതമാണെങ്കിലും അതിന് കാരണമായ ത്യാഗത്തിന്റെ ചില ചിന്തകൾ ഇവിടെ കുറിക്കട്ടെ.

1. നമ്മുടെ പാപം നീക്കാൻ അവൻ സ്വയം ബലിയായി.

ദൈവ സൃഷ്ടികളുടെ പാപജീവിതത്തിൽ നിന്നും വീണ്ടെടുപ്പിന്റെ അനുഭവത്തിലേയ്ക്ക് നേടുവാൻ ന്യായപ്രമാണം, അരുളപ്പാടുകൾ, പ്രവാചകന്മാർ, ബാധകൾ, ദൈവകോപം കാലാകാലങ്ങളിലൂടെ കടന്നുപോയി. എന്നാൽ വീണ്ടെടുപ്പിനും പാപ മോചനത്തിനും ദൈവസുതൻ സ്വയം യാഗമാകുന്നു. മനുഷ്യൻ അനുഭവിക്കുന്ന സർവ്വ പാപങ്ങളും ദോഷങ്ങളും വിട്ടൊഴിഞ്ഞ് ദൈവസാന്നിധ്യം അനുഭവിപ്പാനും നിത്യജീവിതത്തിലേക്ക് ചേർക്കുവാനും ആയാണ് ഈ ത്യാഗം അവൻ നിർവഹിച്ചത്. “സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം” ഇതാണ് . അല്ലാതെ നാം കരുതുന്നതുപോലെ വിരുന്നും സമ്മാനവും അല്ല. അതൊക്കെ വെറും പ്രതീകം മാത്രം. ആഘോഷങ്ങൾക്കിടയിലും ഈ ത്യാഗം തിരിച്ചറിഞ്ഞാൽ ക്രിസ്തുമസ് ദിനങ്ങൾക്ക് ശോഭയേറും.

2. പിതാവിൻറെ ഇഷ്ടത്തിന് വിധേയമായി ദൈവസുതൻ ബലിയായി

ഈ സംഭവം ഒരു അവതാര പിറവിയുടെ അനുഭവം ആയിട്ടല്ല ലോകാരംഭം മുതലുള്ള രക്ഷാകര പദ്ധതിയുടെ ഭാഗത്തിന്റെ നിവർത്തീകരണം കൂടിയാണ്. അതിനാൽ ജനത്തിന്റെ അർത്ഥം തിരയുമ്പോൾ കുരിശു മരണവും അടക്കവും, പുനരുത്ഥാനവും ചേർന്ന് ത്യാഗത്തിന്റെയും വിജയത്തിൻറെയും ജീവന്റെയും അനുഭവങ്ങൾ ചേർന്ന് ചിന്തിക്കേണ്ടി വരുന്നത്. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവും ജനനസമയത്ത് അനുഭവിച്ച ഇല്ലായ്മകളും വല്ലായ്മകളും പാലായനങ്ങളും മരണത്തിന്റെ കാസായുടെ മുൻ അനുഭവങ്ങൾ ആയി നമുക്ക് മനസ്സിലാക്കാം. (മത്തായി 1: 21, ലൂക്കോസ് 1 : 32 ) ഈ വേദഭാഗങ്ങൾ വായിക്കുമ്പോൾ ദൈവീക പദ്ധതിയുടെ ഭാഗവും, അനുസരണവും വിധേയത്വവും ജീവൻ തന്നെ ത്യാഗമായി സമർപ്പിക്കുന്നതും നമുക്ക് മനസ്സിലാകും. ക്രിസ്തുമസ് കാരൾ ഗാനങ്ങളിലെ വരികളും, ആശംസ വാചകങ്ങളും പ്രതീക്ഷയും പ്രത്യാശയും സ്നേഹവും കരുതലും പകരുന്നുവെങ്കിൽ അത് അർത്ഥമാക്കുന്നത് ഈ ത്യാഗത്തിന്റെ അർത്ഥം ആണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

3 . അവൻ ത്യാഗമായത് നമ്മെ വിശുദ്ധരാക്കുവാൻ വേണ്ടിയാണ് ‘

സ്വന്തം കൈപ്പണിയായതും, ജീവശ്വാസം ഉൾക്കൊള്ളുന്നതുമായ മനുഷ്യൻ അനുസരണക്കേടും പാപവും നിമിത്തം ദൈവ സംസർഗ്ഗത്തിൽ നിന്ന് അകന്ന് പോയപ്പോൾ വീണ്ടെടുക്കുവാനും തിരികെ ദൈവീകരാക്കുവാനും അവൻ ത്യാഗമായി. കുരിശു മരണത്തിൽ “സകലവും നിവർത്തിയായി ” എന്ന് അവൻ മൊഴിഞ്ഞപ്പോൾ ഈ രക്ഷണ്യ പ്രക്രിയയുടെ പൂർത്തീകരണമാണ് പ്രഖ്യാപിച്ചത്. ‘വിശുദ്ധി ‘ എന്ന പദം ക്ഷണികവും ശിപ്രവുമല്ല. ഇത് അനുദിനം വളരേണ്ട അനുഭവം ആണ്. ഡിസംബർ മാസം, ക്രിസ്തുമസ് മാസം മാത്രമല്ല ലഭിച്ച ദൈവിക ദാനം നമ്മളിലൂടെ വളരണം. നമ്മുടെ ജീവിതത്തിലൂടെ അനേകരിലേക്ക് ഇത് എത്തപ്പെടണം. മാലാഖമാരുടെ വൃന്ദങ്ങൾ സ്വർഗ്ഗോനതികളിൽ ആർത്ത് സ്തുതിച്ച ദൈവ സന്തോഷം സർവ്വ ജനതയിലേക്കും എത്തിക്കുവാൻ നമുക്ക് ശ്രമിക്കാം ; മറ്റെന്തിനേക്കാളും ഉപരി നമ്മുടെ ജീവിതത്തിലൂടെ . വി. ലൂക്കോസ് 2 :10 – 11, മാലാഖ അവരോട് ; നിങ്ങൾ ഭയപ്പെടേണ്ട സർവ്വ ജനത്തിനും ഉണ്ടാക്കുവാനിരിക്കുന്ന മഹാ സന്തോഷം നിങ്ങളെ അറിയിക്കുന്നു. മശിഹാ എന്ന കർത്താവ് ദാവീദിന്റെ നഗരത്തിൽ നിങ്ങൾക്കായി ജാതം ചെയ്തിരിക്കുന്നു.

സ്നേഹത്തോടെ
ഹാപ്പി അച്ചൻ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907