ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ് ആചരണത്തിന്റെ എല്ലാ സാധ്യതകളും കരകവിഞ്ഞ് ഒഴുകുന്ന ദിവസങ്ങളിലാണ് നാം എത്തിച്ചേർന്നിരിക്കുന്നത്. കാണുന്നതും കേൾക്കുന്നതും ഭക്ഷിക്കുന്നതും അനുഭവിക്കുന്നതും എല്ലാം ക്രിസ്തുമസ് മയം ലോകമെമ്പാടും ആ ദിനത്തിന്റെ ഒരുക്കങ്ങളിൽ ആണ്. എന്നാൽ എൻറെ നോട്ടത്തിൽ ചുരുക്കം ചില ഇടങ്ങളിലും വ്യക്തികളിലും ആണ് ക്രിസ്തു ഉള്ള ക്രിസ്തുമസിന്റെ ഒരുക്കങ്ങൾ നടക്കുന്നത്. അതിനാൽ തന്നെ ക്രിസ്തുമസ് ഈ ദിനങ്ങളിൽ മാത്രമല്ല നമ്മുടെ അതിജീവനത്തിന്റെ ഓരോ നാളിലും അർത്ഥപൂർണ്ണമാകണം എന്ന ചിന്തയോടെ ചില കാഴ്ചകൾ വരികളിൽ ആക്കട്ടെ .

വിശുദ്ധ വേദപുസ്തകത്തിൽ ആദ്യ പുസ്തകം മുതൽ ഈ രക്ഷകന്റെ വിവരണം നൽകുകയും പ്രവചനങ്ങളിൽ മുഴങ്ങുകയും യാഥാർത്ഥ്യമായും മനുഷ്യ നേത്രങ്ങൾക്ക് ദർശനം നൽകുകയും ചെയ്ത അത്ഭുതമാണ് ഈ ജനനം. ദൂതൻ ആട്ടിടയന്മാരോടായി അരുളി ചെയ്തു. “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു” , നിങ്ങൾക്കടയാളമോ, ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും . ഇതാണ് ക്രിസ്തുമസ് യാഥാർത്ഥ്യം. ഈ ആഘോഷ ദിനങ്ങളിൽ എത്ര ഭവനങ്ങളിൽ ഇത് യാഥാർത്ഥ്യമായി ഭവിക്കും. ഈ രക്ഷണ്യമായ അനുഭവത്തെ ആണ് ഒരു പാട്ടും ; അലങ്കാരവും, സമ്മാനവും ആയി നാം പരിമിതപ്പെടുത്തുന്നത്. ആയതിനാലാണ് പരിമിതികൾക്കതീതമായി തിരുജനന ചിന്തകൾ നമ്മെ സ്വാധീനിക്കണമെന്ന് ആഗ്രഹിക്കുന്നത്.

നക്ഷത്രം – പ്രകാശവും വഴികാട്ടിയും

അലങ്കാരത്തിലെ നക്ഷത്രം നമുക്ക് തരുന്ന അർത്ഥങ്ങൾ ഏതൊക്കെയാണ്? തന്റെ ജീവിതത്തിലൂടെ “ഞാൻ സാക്ഷാൽ പ്രകാശം ആകുന്നു ” എന്ന് പഠിപ്പിച്ച ക്രിസ്തു (വി.മത്തായി 5:14 – 16) നിങ്ങൾ ലോകത്തിൻറെ പ്രകാശം ആകുന്നു എന്നും, വിളക്ക് കത്തിച്ച് പറയിൻ കീഴിലല്ല തണ്ടിന്മേൽ അത്രേ വയ്ക്കേണ്ടത് എന്നും വീട്ടിലുള്ള എല്ലാവർക്കും നിങ്ങൾ പ്രകാശം ആകേണ്ടവർ ആകുന്നു എന്നും പഠിപ്പിച്ചു. അന്ധകാരം ഭയവും അജ്ഞതയും , പൈശാചികവും ആയാൽ അതിലുള്ളവർക്ക് പ്രകാശം നൽകുവാൻ വിളിക്കപ്പെട്ടവർ ആണ് നാം എന്ന് ക്രിസ്തുമസ് പഠിപ്പിക്കുന്നു. അത് മാത്രമല്ല രക്ഷകനെ കാണുവാൻ ഇറങ്ങി പ്പുറപ്പെട്ട ജ്ഞാനികൾക്ക് മുൻപേ നക്ഷത്രം സഞ്ചരിച്ചു. അത് അവർക്ക് വഴി കാട്ടിയായിരുന്നു. ശിശു കിടന്ന ഇടം വരെയും അത് അവർക്ക് വഴികാട്ടിയായി. ഇന്നും അനേകം ആളുകൾ വഴി അറിയാതെ രക്ഷകനെ തിരിച്ചറിയാതെ അലഞ്ഞു നടക്കുമ്പോൾ നമ്മൾ ഭവനങ്ങളിൽ തൂക്കുന്ന നക്ഷത്രത്തിന് ധാരാളം അർത്ഥം നൽകുവാനുണ്ട്. ആരെങ്കിലും ആ നക്ഷത്രം കണ്ട് വന്നാൽ നമ്മുടെ ഭവനത്തിൽ ക്രിസ്തുവിനെ കാണുവാൻ പറ്റുമോ?യഥാർത്ഥമായ ക്രിസ്തുമസിൽ അവരെ ചേർക്കുവാൻ പറ്റുമോ? വഴികാട്ടുന്നവർ ആകണം , വഴിതെറ്റിക്കുന്നവർ ആകരുത് .

കാഴ്ചകൾ – ജ്ഞാനികളും അവരുടെ സമർപ്പണവും ആരാധനയുടെ പ്രതീകം

ക്രിസ്തുവിൻറെ ജനനത്തിങ്കൽ കടന്നുവന്ന ജ്ഞാനികളെ കുറിച്ച് ധാരാളം ഐതിഹ്യങ്ങൾ നാം കേട്ടിട്ടുണ്ട്. അതിലല്ല അവരുടെ നിശ്ചയദാർഢ്യവും കാരകശ്യവും, സമർപ്പണവും , സമ്മാനവും എല്ലാം സ്വർഗ്ഗീയ രാജാവിനുള്ള ആരാധനയും സമർപ്പണവും ആയിരുന്നു. കേവലം ഉള്ളതിൽ നിന്നൊരു അംശം അല്ല എല്ലാം മുഴുവനായും സമർപ്പിപ്പാൻ ക്രിസ്തു നമുക്ക് പാഠമായി ക്രിസ്തുമസിൽ നൽകി. റോമർ 12 : 1 നിങ്ങൾ സമൃദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സമ്മാന പൊതികൾ നാം ഒരുക്കുമ്പോൾ ചിന്തിക്കുക ഞാനും ഒരു സമ്മാനമായി സമർപ്പിക്കപ്പെടേണ്ടതാണ്. ഓരോ ആരാധനയും സമർപ്പണമാണ്. നമ്മെ തന്നെയാണ് സമർപ്പിക്കപ്പെടേണ്ടതും .

മാലാഖമാർ – പ്രഖ്യാപനവും പ്രേക്ഷിതവും

അറിഞ്ഞ സന്തോഷം ലഭിച്ച കൃപ അനേകരിൽ പകരണം എന്നത് ക്രിസ്തുമസ് നൽകുന്ന മറ്റൊരു പാഠം. അത്യുന്നതങ്ങളിൽ മാലാഖമാർ ആർത്ത് പാടി “അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി , ഭൂമിയിൽ മനുഷ്യ പ്രീതിയുള്ളവർക്ക് സമാധാനം”. ഇതൊരു ക്രിസ്തുമ സന്ദേശം മാത്രമല്ല. നമ്മുടെ ഉത്തരവാദിത്വത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. നാം അറിഞ്ഞ സത്യം , നാം അനുഭവിച്ച സന്തോഷം, നാം പുലർത്തുന്ന വിശ്വാസം, നാം കാത്തുസൂക്ഷിക്കുന്ന പ്രത്യാശ ഇതെല്ലാം പ്രഘോഷിക്കപ്പെടുവാനുള്ളതാണ്. മാലാഖമാരെ പോലെ നാമം ഈ ഉദ്യമം ഏറ്റെടുക്കണം. ദൈവത്തിൻറെ സന്ദേശ വാഹകരാകുവാൻ വിളിക്കപ്പെട്ടവരും ഒരുക്കപ്പെട്ടവരും ആണ് എന്നുള്ള പാഠം ക്രിസ്തുമസ് നമുക്ക് തരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആട്ടിടയന്മാർ – അനുസരണവും വിധേയത്വവും

വി. ലൂക്കോസ് 2: 15 – 20. ദൂതന്മാരുടെ പ്രഘോഷണം കഴിഞ്ഞ ശേഷം വെളിമ്പ്രദേശത്തെ ആടുകളുമായി പാർത്തിരുന്ന ആട്ടിടയന്മാർ തമ്മിൽ പങ്കുവയ്ക്കുന്നത് ആശ്ചര്യവും അതിശയവും ആയിരുന്നില്ല. പകരം അവർ അറിഞ്ഞ യാഥാർത്ഥ്യം ആയിരുന്നു. നമുക്ക് ബേത്‌ലഹേമിൽ ചെന്ന് കർത്താവ് അറിയിച്ച ഈ സംഭവം കാണണം എന്ന് തമ്മിൽ പറഞ്ഞു. അവർ പോയി മറിയത്തെയും ജോസഫിനെയും ഉണ്ണിയേശുവിനെയും കണ്ടു. എത്ര അനുഗ്രഹിക്കപ്പെട്ട ജീവിതം. തങ്ങളുടെ ജീവിത പ്രാരാബ്ദവും ഇല്ലായ്മകളും വല്ലായ്മകളും എല്ലാം മാറിപ്പോകുന്ന അവസരം. ലക്ഷ്യത്തിലേയ്ക്കുള്ള ഒരു തീർത്ഥയാത്ര . ലക്ഷ്യം കണ്ടെത്തും വരെയും ഉള്ള യാത്ര. ക്രിസ്തുവിനെ കണ്ടെത്തുക എന്നുള്ളതാണ് നമ്മുടെ ജീവിതയാത്ര എന്ന് ക്രിസ്തുമസ് പഠിപ്പിക്കുന്നു.

ക്രിസ്തുമസ് ട്രീ – കുരിശിന്റെ പ്രതീകം

എല്ലാ ഇടങ്ങളിലും ഭവനങ്ങളിലും ക്രിസ്തുമസ് പ്രതീകത്തിന്റെ ഏകഭാവ അടയാളമാണ് ക്രിസ്തുമസ് ട്രീ. നന്നായി അലങ്കരിക്കുകയും സമ്മാനങ്ങൾ പൊതിഞ്ഞ് ഈ മരത്തിന്റെ ചുവട്ടിൽ വയ്ക്കുന്ന പതിവ് നമുക്ക് അറിയാമല്ലോ. ശൈത്യത്തിന്റെ കഠിനതയിൽ സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ബാക്കി ചെടികളും മരങ്ങളും എല്ലാം ഇല പൊഴിച്ച് ഉറക്കത്തിലേക്ക് പോകുമ്പോൾ ജീവന്റെയും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പച്ചപ്പ് മാറാത്ത പൈൻ കോണിഫറസ് മരങ്ങളാണല്ലോ പ്രതീകമായി നാം അണിയിച്ചൊരുക്കുന്നത്. എന്നാൽ ഈ ക്രിസ്തുമസ് ട്രീ തന്റെ ജനനത്തിന്റെ ഉദ്ദേശത്തിന്റെ പ്രതീകം എന്ന് പറഞ്ഞാൽ ഈ അവസരത്തിൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയുമോ . കൊലോസ്യർ 1: 30 അവൻ കുരിശിൽ ചൊരിഞ്ഞ രക്തം കൊണ്ട് അവൻ മുഖാന്തിരം സമാധാനം ഉണ്ടാക്കി ” . അത്ഭുതകരമായ ജനനത്തിന്റെ ലക്ഷ്യം മരത്താൽ ഉയർത്തപ്പെട്ട കുരിശിലേക്കാണ് എന്ന് ഉള്ള ഓർമ്മപ്പെടുത്തൽ ക്രിസ്തുമസ് നൽകുന്നു. ആ മരത്തിന്മേൽ യാഗമായി അർപ്പിതമായ തന്റെ ശരീരവും രക്തവും ആണ് ഏറ്റവും വലിയ വിലയുള്ള സമ്മാനം എന്നുള്ള ഓർമ്മ ക്രിസ്തുമസ് ട്രീയുടെ ചുവട്ടിലുള്ള സമ്മാനപ്പൊതിയും നമ്മെ ഓർമിപ്പിക്കുന്നു.

പ്രിയ സ്നേഹിതരെ, ഓരോ പ്രതീകങ്ങളും അലങ്കാരങ്ങളും കടന്നുവന്നത് ഓരോ കാലങ്ങളിൽ അതിന് അർത്ഥം ഉള്ളത് കൊണ്ടായിരുന്നു. എന്നാൽ ഇന്ന് എല്ലാ ആഘോഷങ്ങളും മറന്ന് ആഘോഷവും ആചാരവും ആയി നമ്മുടെ ക്രിസ്തുമസ് മാറ്റപ്പെടുന്നുവെങ്കിൽ നാം ചിന്തിക്കുക. “ക്രിസ്തു” ഇല്ല എങ്കിൽ ക്രിസ്തുമസ് ഇല്ല. നമുക്ക് വേണ്ടി യാഗമാകുവാൻ ജാതം ചെയ്ത ക്രിസ്തുവിനെ കണ്ടെത്തുക – അതാവണം നമ്മുടെ ക്രിസ്തുമസ് .

സ്നേഹത്തോടെ ഹാപ്പി ജേക്കബ് അച്ചൻ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907