ഫാ. ഹാപ്പി ജേക്കബ്ബ്

തിരു അവതാരത്തിന്റെ അടിസ്ഥാന ചിന്തകളിൽ മുഴങ്ങുന്ന ഒരു പ്രധാന വാക്കാണ് പ്രതീക്ഷ എന്നുള്ളത്. ദൈവം മനുഷ്യനായി പിറന്നു എന്നുള്ളത് ചരിത്രപരമായ വസ്തുതയാണെങ്കിലും ഇരുളിലും മരണ നിഴലിലും ഇരിക്കുന്നവർക്ക് പ്രകാശത്തിന്റെ സമ്മാനവും ആയിരുന്നു. യശയ്യാ പ്രവചന പുസ്തകം 9-ാം അധ്യായം രണ്ടു 2 മുതൽ 7 വരെ വാക്യങ്ങളിൽ ഇത് വായിക്കാവുന്നതാണ്. കഴിഞ്ഞ് പോയ നൂറ്റാണ്ടുകളിൽ മാത്രമല്ല ഇന്നും പ്രസക്തമായ ചിന്തയാണ് ഇത്.

1. പ്രത്യാശ – ദൈവികമായ ഇടപെടൽ.

” ഇരുട്ടിൽ നടക്കുന്ന ജനം ഒരു വലിയ പ്രകാശം കണ്ടിരിക്കുന്നു” യെശയ്യാ :9 : 2 എന്ന വാക്യം മനുഷ്യ ജീവിതങ്ങളിൽ ദൈവിക ഇടപെടലുകളുടെ സൂചന നൽകുന്നു. രോഗവും ദുഃഖവും, പീഡനവും ഒക്കെ മറികടക്കുവാൻ ആഗ്രഹിക്കുമെങ്കിലും പല അവസരങ്ങളിലും അതിൽ തന്നെ കഴിയേണ്ടി വരുന്നു. പ്രത്യാശ കൈവിടാതെ ജീവിക്കുവാൻ തിരു അവതാരം നമ്മെ ഒരുക്കുന്നു. പ്രത്യാശ അമൂർത്തമായ ആശങ്കയല്ല, ദൈവ നടപടികളിലേക്കുള്ള ആത്മ വിശ്വാസമായാണ് നാം ഉൾക്കൊള്ളേണ്ടത്. ആയതിലേക്ക് നാം ഒരുങ്ങേണ്ടുന്ന സമയമാണിത്. കേട്ട കഥയായല്ല വ്യക്തിപരമായ ബന്ധമായും ക്രിസ്തുമസ് മാറട്ടെ.

2. പ്രത്യാശ – പ്രവാചക വചനങ്ങളിൽ.

അസ്സീറിയൻ അധിനിവേശങ്ങളിൽ വ്യാകുലപ്പെട്ടിരുന്ന ജനതയ്ക്ക് പ്രത്യാശയുടെ പുതു വെളിച്ചം ആണ് ഈ പ്രവചനം. രാജകീയ അസ്ഥിരതയും ആത്മീക ശോഷണവും അധിനിവേശത്തിന്റെ കയ്പ്പ് നീരും രുചിക്കുന്ന ജനങ്ങൾ. ഇതിലും അപ്പുറമായി ദൈവ നിന്ദയും, മിഥ്യാരാധനയും കൂടി ആയപ്പോൾ ജനത്തിന്റെ ആവലാതികൾ എത്രമാത്രം കഠിനമായിരുന്നുവെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇന്നും ഈ സമാനതകൾ നടമാടുന്നില്ലേ. പ്രവാചകൻ ദൈവ സാന്നിധ്യവും, ആശ്വാസവും, പ്രത്യാശയും ജനങ്ങൾക്ക് ഏകുവാൻ വരുവാനുള്ളവനെ ഇങ്ങനെ വിശേഷിപ്പിച്ചു:- വീരനാം ദൈവം, സമാധാന പ്രഭു, നിത്യപിതാവ് അത്ഭുത മന്ത്രി, നമ്മുടെ വിശ്വാസത്തിൽ കർത്താവിൻറെ രക്ഷണ്യമായ അനുഭവങ്ങളുടെ നാമമായും, നമ്മെ ഒക്കെ യഥാ സ്ഥാനപ്പെടുത്തുന്ന ക്രിയയായും ഉൾക്കൊള്ളുക. ദൈവിക സ്വഭാവവും സൃഷ്ടിയുടെ പുനരുജ്ജീവനത്തിന്റെ പ്രതീകവും ആണ് ക്രിസ്തുമസ് . ആയതിനാൽ പ്രത്യാശാ വാഗ്ദാനം മനുഷ്യ ശ്രമത്തേക്കാൾ വലുതായി സൗഖ്യവും സുഖവും പ്രത്യാശയും പുന:സ്ഥാപിക്കുന്ന കത്തൃഗമനം ആയി നാം സ്വീകരിക്കുക.

3 . പ്രത്യാശ – കാത്തിരിപ്പിന്റെ ആത്മീക അനുഭവം

ഈ ശുദ്ധീകരണ കാലം സമാധാനത്തിന്റെയും ശാന്തതയുടെയും ഒരുക്കത്തിന്റെയും കാലമാണ്. ധ്യാനാത്മകമായി ഉൾക്കൊള്ളുമ്പോൾ തിരു അവതാരത്തെ നമ്മുടെ രക്ഷയ്ക്കായുള്ള യാഗമായി മനസ്സിലാക്കുവാൻ കഴിയും. ദൈവമായിരിക്കെ തന്നെ മനുഷ്യനായി നമ്മുടെ ഇടയിൽ വന്ന് പാർത്തു. മാനുഷിക അനുഭവങ്ങളിൽ നിന്നും ദൈവീകതയിലേക്ക് നമ്മെ കയറ്റുവാനുള്ള ത്യാഗമാണ് ഈ യാഗം. ആയതിനാൽ ഈ രക്ഷണ്യ അനുഭവത്തിന് സംബന്ധികളായി തീരണമെങ്കിൽ ഈ കാത്തിരിപ്പിന്റെ അനുഭവം ശുദ്ധീകരണത്തിന്റെ ദിനങ്ങളായി മാറണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

4 . പ്രത്യാശയുടെ പൂർത്തീകരണം – ക്രിസ്തു.

ക്രിസ്തുവിൻറെ അവതാരമാണ് പ്രത്യാശയുടെ പൂർണ്ണത ; അന്ധകാരത്തിലും ഭരണനിഴലിലും ഉഴലുന്നവർക്ക് പ്രതീക്ഷ നൽകിയ ദിനം. മനുഷ്യാത്മാവിന്റെ ഉള്ളറയിലേക്ക് ദൈവീക ആത്മാവിനെ പകരുന്ന അനുഭവമാണ് അന്ധകാര ഗുഹയിൽ ദൈവസുതൻ ജാതം ചെയ്തതിലൂടെ നൽകപ്പെട്ടത്. പ്രകാശത്താൽ നിറയപ്പെട്ട അനുഭവം കാഴ്ചകളുടെയും ഉൾക്കാഴ്ചകളുടെയും തലങ്ങളെ തന്നെ മാറ്റിമറിച്ചു. അതിനാലാണ് ഉണ്ണിയേശുവിനെ കണ്ടവർ വേറെ വഴിയായി സ്വദേശത്തേക്ക് പോയതെന്ന് നമുക്ക് വായിച്ചെടുക്കാം. പ്രതീക്ഷിച്ചിരുന്ന ഈ ജനനം മനുഷ്യർക്കിടയിലും അത്രമാത്രം സ്വാധീനം ചെലുത്തിയ അനുഭവം ആയിരുന്നു.

5 . ആത്മീക വിടുതലിനായുള്ള പ്രത്യാശ

കാലങ്ങൾ ഏറെയായെങ്കിലും, ആത്മീകതയുടെ പലതലങ്ങൾ നാം കണ്ടുകഴിഞ്ഞു. എങ്കിലും ഇന്നും ഈ തിരു അവതാരത്തിന്റെ പ്രസക്തി നിലനിൽക്കുന്നു. രോഗം ,ദുഃഖം ,പാപം എല്ലാം ഇപ്പോഴും തുടരുന്നു. ഇത് ദൈവ അസാന്നിധ്യമായി പലരും വ്യാഖ്യാനിക്കപ്പെടുന്നെങ്കിലും ദൈവിക പ്രവർത്തനത്തിനുള്ള അവസരങ്ങളായി എന്തേ നമുക്ക് കാണാൻ കഴിയാതെ പോകുന്നു. ഞാൻ ഏത് മേഖലയിലാണ് പ്രകാശം ആകേണ്ടത്? സ്വയം ശോധനയിലും, ആത്മസമർപ്പണത്തിലും, സത്യസന്ധതയിലും, പ്രതീക്ഷയിലും പ്രത്യാശയിലും പ്രകാശിതരാകുവാൻ നമുക്ക് ശ്രമിക്കാം. ഈ ക്രിസ്തുമസ് പ്രതീക്ഷയുടെ പുതിയ നാമ്പുകൾ നമ്മളിൽ പകരട്ടെ.

സ്നേഹത്തോടെ

ഫാദർ ഹാപ്പി അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907