ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ് കാലം ആകുമ്പോൾ ഭവനങ്ങളും തെരുവുകളും അലങ്കരിക്കുകയും അതി സന്തോഷത്തിൻ്റെ ക്രമീകരണങ്ങളും കൂടി വരവുകളും നാം പങ്കു വെക്കാറുണ്ട്. എന്നാൽ ഈ ബാഹ്യ അലങ്കാരങ്ങളേക്കാൾ ശ്രേഷ്ഠമാണ് ആഴത്തിലുള്ള സ്വാധീനവും അതിലേക്കുള്ള ഒരുക്കവും അത് മാറ്റത്തിലേക്കുള്ള ഒരു വിളിയാണ്. അത്തരത്തിലുള്ള ഒരു ചിന്തയാണ് ഹൃദയ ഒരുക്കത്തിലൂടെ സാധ്യമാകുന്നത്.

യോഹന്നാൻ സ്നാപകൻ ഈ ഒരുക്കത്തിന്റെ ശബ്ദം മരുഭൂമിയിൽ വിളിച്ചുപറഞ്ഞു. കാത്തിരുന്നവൻ യഥാർത്ഥത്തിൽ ആരാണ് എന്നും വരവിന്റെ ഉദ്ദേശം എന്നും, വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന മാറ്റത്തെ കുറിച്ചും മുന്നോട്ടക്കാരൻ വിളിച്ചു പറഞ്ഞു. ലൂക്കോസ് 3 : 4, കർത്താവിൻറെ വഴി ഒരുക്കുവിൻ, അവന്റെ പാതകളെ നേരെ ആക്കുവിൻ. ആത്മീകതയിൽ നിന്നും വ്യതിചലിച്ച് ജീവിച്ചിരുന്ന സമൂഹം ഈ വചനങ്ങളിൽ പ്രത്യാശ ദർശിക്കുകയും രക്ഷകനെ സ്വീകരിപ്പാൻ മാനസാന്തരം സ്വീകരിക്കുകയും ചെയ്തു.

1 . ഹൃദയപാത ശുദ്ധീകരിക്കാം.

യോഹന്നാന്റെ പ്രസംഗം ഒരു രാജകീയ വരവിന്റെ ഒരുക്കം ആയിരുന്നു. ഇത് പുരാതന കാലങ്ങളിൽ രാജകീയ വരവുമായി ബന്ധപ്പെട്ട് സാധാരണ കാഴ്ച ആയിരുന്നു. താഴ് വരകൾ ഉയർത്തപ്പെടുകയും മലകൾ താഴ്ത്തപ്പെടുകയും കല്ലുകൾ നീക്കപ്പെടുകയും വളഞ്ഞ വഴികൾ നേരെ ആക്കുകയും ചെയ്യുമായിരുന്നു. ഇത് തികച്ചും ആത്മീകതയുടെ ദൃഷ്ടാന്തമാണ്. രാജാധി രാജാവായ കർത്താവ് എഴുന്നള്ളി വരുന്ന ഈ നാളുകളിൽ പശ്ചാത്താപവും വിനയവും ഒരുക്കി പശ്ചാത്തലമാക്കിയ നമ്മുടെ ഹൃദയങ്ങൾ തുറന്നു കൊടുക്കാം. നമ്മുടെ ഹൃദയങ്ങൾ നമ്മുടേതായ ആത്മീകതയുടെ അവശിഷ്ടങ്ങളാൽ നിറഞ്ഞിരിക്കുന്നവയാണ്. ഒരു മാറ്റത്തിന്റെ കാലം ആയില്ല എന്ന് മനസ്സ് നമ്മോട് പറഞ്ഞിരിക്കാം. അഹങ്കാരത്തോടെ ബന്ധങ്ങളെ നിസ്സാര വത്കരിച്ചിരിക്കാം. ആത്മികതയുടെ മുഖമായ പ്രാർത്ഥനയും മൗനവും ഇല്ലാതായിരിക്കാം. വിശ്വാസം പൊയ് പോകുന്ന ആകുലതയും ഉത്കണ്ഠയും നമ്മെ ഭരിച്ചിരിക്കാം കൃപാ പൂർണ്ണമായ കർമ്മങ്ങളെ വേണ്ടാ എന്ന് മനസ്സും സമൂഹവും നമ്മെ ശീലിപ്പിച്ചിരിക്കാം. എന്നാൽ സ്നാപകന്റെ വാക്കുകൾ പൂർണ്ണമായ അർത്ഥം നൽകി ആഘോഷങ്ങളേക്കാൾ കൂടുതലായി ഹൃദയം ഒരുക്കി രക്ഷകനെ വരവേൽക്കാം.

2 . അനുതാപം – ഹൃദയ ഒരുക്കത്തിന് ദൈവികദാനം

പശ്ചാത്താപം ഭാരമല്ല, കൃപയുടെ ദാനമാണ്. പല അവസരങ്ങളിലും പശ്ചാത്താപം കുറ്റമായും, ഭാരമായും ദുഃഖമായും ഒക്കെ വ്യാഖ്യാനിക്കപ്പെടാറുണ്ട്. എന്നാൽ വിശുദ്ധ വചനങ്ങളിലും പിതാക്കന്മാരുടെ പഠിപ്പിക്കലുകളിലും അനുതാപത്തെ സന്തോഷകരമായ മടങ്ങി വരവാണ് എന്നാണ് പഠിപ്പിച്ചിരിക്കുന്നത്. അനുതാപ അവസരങ്ങളെ ശിക്ഷയായി പരിഗണിക്കാതെ ശുദ്ധീകരിക്കപ്പെടുവാനുള്ള അവസരങ്ങളായി മനസ്സിലാക്കുക. ബേത് ലഹേമിലെ പുൽത്തെഴുത്ത് നമ്മുടെ കാഴ്ചപ്പാടിൽ കുറവുകളുടെ മേഖലയായി തോന്നുമെങ്കിലും രാജാധിരാജന് വസിപ്പാൻ അത് മതിയായിരുന്നു. ദൈവം തിരഞ്ഞെടുത്ത ഹൃദയങ്ങൾ എത്ര അപൂർണ്ണമെങ്കിലും, എത്ര കുറവുള്ളതെങ്കിലും പശ്ചാത്താപത്തിലൂടെ ശുദ്ധമാകുമ്പോൾ വാസ യോഗ്യമായി തീരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

3 . പരിശുദ്ധ കന്യകാമറിയം – ഒരുക്കത്തിന്റെ മാതൃക

ദൈവിക വചനങ്ങളെ ഗബ്രിയേൽ മാലാഖ അറിയിച്ചപ്പോൾ മറിയത്തിന്റെ പ്രതിവചനങ്ങൾ ലളിതവും ലോക സങ്കല്പങ്ങളെ മാറ്റിമറിക്കുന്നതുമായിരുന്നു. “അവിടുത്തെ ഹിതം പോലെ എനിക്ക് ഭവിക്കട്ടെ “. ലൂക്കോസ് 1: 38 അവളുടെ സമർപ്പണം വിനയം, ദൈവഭക്തി ഇവയെല്ലാം ഹൃദയ ഒരുക്കത്തിന്റെ ഫലങ്ങളാണ്. നമ്മുടെ പ്രാർത്ഥന ശകലങ്ങളിൽ “ഒരുക്കപ്പെട്ട ആലയവും, ജീവനുള്ള ബലിപീഠവും ” എന്നൊക്കെ പരിശുദ്ധ കന്യകാമറിയമിനെ വിശേഷിപ്പിക്കാനുള്ള കാരണം ഇതാണ്. വിശ്വാസവും സമർപ്പണവും , അനുസരണവും ഒത്തുചേരുന്നിടത്ത് ക്രിസ്തു ജാതം ചെയ്യുമെന്ന് ഈ പാഠം നൽകുന്നു. ഇവയെല്ലാം നമ്മെ ഓർമിപ്പിക്കുന്നത് ക്രിസ്തുമസ് ഒരു ചടങ്ങായിട്ടല്ല, ഒരുക്കപ്പെട്ട ഹൃദയങ്ങളിൽ വെളിപ്പെടുന്ന ഒരു അത്ഭുതമാണ്. ഇന്നത്തെ നമ്മുടേതായ അർത്ഥങ്ങൾ നൽകുന്ന ആചരണങ്ങളിലും ശബ്ദ സാന്ദ്രമായ കൂട്ടങ്ങളിലും, വിഭവങ്ങൾ നിറഞ്ഞ തീൻ മേശകളും അല്ല ഹൃദയത്തിൻറെ ഒരുക്കമാണ് ക്രിസ്തുമസ് . ഒരു നിമിഷം കേൾക്കുക, അനുസരിക്കുക, ഹൃദയങ്ങളെ ഒരുക്കുക, ക്രിസ്തുവിന് നമ്മുടെ ഉള്ളിൽ ഇടം നൽകുക. അവൻറെ ജനനത്തിങ്കൽ പ്രകമ്പനം കൊണ്ട “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” – നമുക്കും സാധ്യമാക്കാം.

സ്നേഹത്തോടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907