ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസ് എന്നത് നമ്മെ സംബന്ധിച്ച് ഉത്സവമോ ആഘോഷമോ വ്യാപാരോത്സവമോ അല്ല. അതിലുപരിയായി കർത്താവായ ക്രിസ്തുവിൻറെ മനുഷ്യാവതാരത്തിന്റെ ആഴമുള്ള ദൈവസ്നേഹ പ്രതീകമാണ് . പാരമ്പര്യത്തിലും, പൈതൃകത്തിലും വേരൂന്നി ദൈവശാസ്ത്രപരമായി ആഴമുള്ളതും വി. വേദപുസ്തകത്തിൽ, പിതാക്കന്മാരുടെ ഉപദേശങ്ങളിൽ ആരാധനയാൽ പോഷിക്കപ്പെട്ടിട്ടുള്ളതും അർത്ഥപൂർണ്ണവും ആണ്. അത്തരത്തിൽ നാം ചിന്തകളെ ക്രോഡീകരിക്കുമ്പോൾ ഓരോ അലങ്കാര വസ്തുവും ആഴത്തിലുള്ള യാഥാർത്ഥ്യങ്ങളിലേക്കുള്ള ചൂണ്ട് പലകകൾ ആണ്. എന്നാൽ അർത്ഥം മറന്ന് അലങ്കാരം മാത്രമായി മാറുമ്പോൾ രക്ഷണ്യമായ അനുഭവം ആഘോഷമായി പരിമിതപ്പെടുന്നു. സാധാരണയായി നാം ഉപയോഗിക്കുന്ന അടയാളങ്ങളും അലങ്കാരങ്ങളും ചൂണ്ട് പലകകൾ ആണ് എന്നും അതിൽ ചിലതിൻറെ യാഥാർത്ഥ്യങ്ങളും ചുവടെ കുറിക്കട്ടെ.

1 . പുൽക്കൂട് (crib)

ക്രിസ്തുമസ് ആചാരങ്ങളിൽ പുൽക്കൂടിന് ഒരു വലിയ സ്ഥാനം ഉണ്ട്. പ്രത്യക്ഷത്തിൽ ഒരു ചെറു കുടുംബത്തിൻറെ പ്രതീകം ഇവിടെ കാണുവാൻ കഴിയും. വി. മത്തായി l : 18 – 25 ലൂക്കോസ് 2 :1 – 20 വരെ ഭാഗങ്ങളിൽ ക്രിസ്തുവിൻറെ സാന്നിധ്യം കുടുംബത്തെ തിരുകുടുംബം ആയി രൂപാന്തരപ്പെടുത്തുന്നു. പൂർണതയുടെ അനുഭവം ക്രിസ്തുവിലൂടെ സാധ്യമാക്കുന്നു. നമ്മുടെ വിശ്വാസ പാരമ്യതയിൽ പുൽക്കൂടിൽ കിടത്തപ്പെട്ട ക്രിസ്തു ദൈവാവതാരത്തിന്റെ വിനയവും, രക്ഷണ്യവതാരത്തിൻ്റെ മർമ്മവുമായി സൂചിപ്പിക്കപ്പെടുന്നു. തെരുവുകളുടെ മദ്ധ്യേ അഗ്നി രഥത്തിൽ ആവേശിക്കപ്പെടേണ്ട വ്യക്തിത്വം ദാരിദ്ര്യവും അസഹായതയും സ്വയം ഏൽക്കുന്നു. ആരാധന ഗീതങ്ങളിൽ ഈ അവസ്ഥ പലവട്ടം ആവർത്തിക്കപ്പെടുന്നു. അതിരുകൾ ഇല്ലാത്ത ദൈവസ്വരൂപൻ അതിരുകളിലേക്ക് കടക്കുന്നു, മറ്റൊരർത്ഥത്തിൽ സൃഷ്ടാവ് സൃഷ്ടിയിലേക്ക് പ്രവേശിക്കുന്നു. സൃഷ്ടിയെ ദൈവികരാക്കുവാൻ. തന്നെ വഹിച്ച മാതാവ് ദൈവം മാതാവ് എന്ന മഹത്വത്തോടെ ആദരിക്കപ്പെടുന്നു. വിനയത്തിന്റെ പിതാവായി യൗസേപ്പ് മാറുന്നു. മൃഗങ്ങൾ യെശയ്യാവിന്റെ പ്രവചനത്തെ ഓർമിപ്പിക്കുന്നു. യെശയ്യാവ് 1: 3 കാള തൻറെ ഉടമയേയും കഴുത തൻറെ യജമാനന്റെ തൊഴുത്തിനേയും തിരിച്ചറിയുന്നു.

2 . ബേത് ലഹേമിലെ നക്ഷത്രം

പുൽക്കൂടിന്റെ മുകളിലായി നിൽക്കുന്ന നക്ഷത്രം ഒരു പ്രധാന ചിഹ്നമാണ്. വിദ്വാന്മാരും ജ്ഞാനികളും ബൗധികതയെ മറന്ന് തങ്ങൾക്ക് ലഭിച്ച അടയാളത്തെ പിൻപറ്റുന്നതായി നാം മനസ്സിലാക്കുന്നു. വി. മത്തായി 2: 1 -12 വരെ നമുക്ക് ഈ അനുഭവം വായിക്കാം. ജ്യോതിശാസ്ത്രമായ ഒരു പ്രതിഭാസം ആയി കരുതുന്നവർ ഉണ്ടാകാം. സംഖ്യാപുസ്തകം 24: 17 ൽ പറയുന്ന യാക്കോബിൽ നിന്ന് ഒരു നക്ഷത്രം ഉദിക്കും എന്നതിന്റെ പൂർത്തീകരണം ആണിത്. ജ്ഞാനികൾ ജ്ഞാനത്തിന്റെ അജ്ഞാനാന്തകാരത്തെ ദൂരീകരിക്കുവാൻ ആകുന്നുവെങ്കിൽ, ക്രിസ്തു സർവജനത്തിന്റെയും അന്ധകാരത്തെ ദൂരീകരിക്കുന്നവൻ ആകുന്നു. അതിനാൽ യഥാർത്ഥമായ വെളിച്ചം ക്രിസ്തു ആകുന്നു എന്നും നക്ഷത്രം അവിടെ എത്തിയപ്പോൾ നിശ്ചലമായി . നമ്മുടെ ഭവനങ്ങളിൽ തൂക്കുന്ന ഓരോ നക്ഷത്രവും ഇത് പ്രതിനിധാനം ചെയ്യപ്പെടുന്നതായിരിക്കണം. ആ പ്രകാശം കണ്ട് അവിടേക്ക് വരുന്ന ഓരോരുത്തർക്കും ജാതം ചെയ്ത ക്രിസ്തുവിനേയും, ആ ജ്ഞാനം പ്രാപിച്ച നാം ഓരോരുത്തരേയും പ്രാപ്യമാക്കണം.

3 . ക്രിസ്തുമസ് മരം.

എപ്പോഴും ജീവനുള്ള പ്രതീകമായി പച്ച ഇലകളുള്ള മരം നാം ഒരുക്കാറുണ്ട്. പൗരസ്ത്യ ഭാഗങ്ങളിൽ ഇത് ആദിമ കാലങ്ങളിൽ ഇല്ലായിരുന്നെങ്കിലും പാശ്ചാത്യ സ്വാധീനത്താൽ നമ്മുടെ ഇടങ്ങളിലും ഇത് ഒഴിച്ച് കൂടാനാവാത്ത പ്രതീകമായി ചേർന്നിരിക്കുന്നു. ഇല വാടാത്ത വൃക്ഷം നിത്യജീവന്റെ പ്രതീകമാണ്. ആറ്റരികത്ത് നട്ടിരിക്കുന്നതും ഇലവാടാത്തതുമായ വൃക്ഷം ഒരു വലിയ പ്രതീകമാണ്. ഇത് സ്വർഗത്തിലെ ജീവ വൃക്ഷത്തിന്റെയും പ്രതീകമാണ് – ദൈവ അവതാരത്തിലൂടെ തുറക്കപ്പെട്ട ദിനങ്ങളിലൂടെ കാൽവരിയും കുരിശും ഉയിർപ്പും മുഖാന്തിരം പൂർണ്ണതയിൽ എത്തിയ ജീവൻറെ യാത്രയിൽ ഈ വൃക്ഷത്തിന്റെ പ്രതീകം എത്ര വലുതാണെന്ന് നമ്മെ പഠിപ്പിക്കുന്നു.

4 . വിളക്കും വെളിച്ചവും.

അലങ്കാരങ്ങളിൽ പ്രാധാന്യം ഏറെയുണ്ട്. ആകർഷകമായ വിളക്കുകൾക്ക് അത് പല നിറങ്ങളിലും ശോഭകളിലും രീതികളിലും ഭവനങ്ങളിലും വഴിയോരങ്ങളിലും അലങ്കാരത്തിന് ഉപയോഗിക്കുന്നു. വി. യോഹന്നാൻ 1:9 എല്ലാ മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർത്ഥ വെളിച്ചം ആയി ക്രിസ്തുവിനെ പ്രഖ്യാപിക്കപ്പെടുന്നു. അന്ധകാരമയമുള്ള പാപമുള്ള ജീവിതം. ആ അവസ്ഥയിൽ നിന്ന് പ്രകാശത്തിലേക്ക് വരുന്ന അനുഭവം ആണ് ക്രിസ്തുമസ് . വെളിച്ചം ദൈവമഹിമയും ദൈവ സാന്നിധ്യവും ആയി മനസ്സിലാക്കുക. ഏതൊരു കാര്യവും നാം ആരംഭിക്കുമ്പോൾ വിളക്ക് കൊളുത്തി ആരംഭിക്കുന്നതിന്റെ അർത്ഥവും ഇത് തന്നെയാണ് .

5 . ദൂതന്മാർ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുഞ്ഞുങ്ങളുടെ ക്രിസ്തുമസ് പരിപാടികൾ നാം ശ്രദ്ധിക്കുമ്പോൾ ചിറക് ധരിച്ച മാലാഖമാരുടെ സാന്നിധ്യം ഏറ്റവും ശ്രദ്ധേയമാണ്. കാരൾ ഗാനങ്ങളിൽ പ്രത്യേകിച്ചും ആട്ടിടയന്മാരോടുള്ള പ്രഖ്യാപനം ശ്രദ്ധേയമാണ്. ലൂക്കോസ് 2 :8 -14. ദൈവസന്നിധിയിൽ മഹത്വം അർപ്പിക്കുകയും ദൈവ സന്ദേശം മനുഷ്യരിലേക്ക് എത്തിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം ദൂതന്മാർക്കുണ്ട്. അത്തരത്തിൽ നാമും ഈ സദൃശ്യം ധരിച്ചവരല്ലേ. ദൈവത്തെ മഹത്വപ്പെടുത്തുവാനും സദ് വാർത്ത പങ്ക് വയ്ക്കുവാനും ഉള്ള സാധ്യത നമ്മളിലും ഇല്ലേ?

6 . മണികൾ, മാലകൾ, റീത്തുകൾ

മണികൾ പ്രഖ്യാപനത്തിന്റെ സൂചനകൾ ആണ്. വാടാത്ത ഇലകളും പൂക്കളും ചേർത്ത് ദൈവത്തിൻറെ അനാദ്യന്ത സ്നേഹവും പുനക്രമീകരിക്കപ്പെടുന്ന ജീവിതവും, സന്തോഷവും ഒക്കെ സൂചനയായി മാലകളും റീത്തുകളും അലങ്കാരത്തിനായി കരുതുന്നു. അതിലും ഉപരിയായി ചുവന്ന പുഷ്പങ്ങളും കായ്കളും കാൽവരിയിലെ ബലി ആയും ദൈവ അവതാരം ക്രൂശിൽ നിന്ന് മാറി ചിന്തിക്കുവാൻ പറ്റില്ല എന്നും നമ്മെ ശീലിപ്പിക്കുന്നു.

7 . സമ്മാനങ്ങളും ആശംസകളും.

ക്രിസ്തുമസ് മരത്തിന്റെ ചുവട്ടിൽ സമാനങ്ങൾ പൊതിഞ്ഞ് വയ്ക്കുന്ന ഒരു പതിവ് നമുക്കുണ്ട്. സമ്മാനങ്ങൾ അർപ്പണത്തിന്റെ പ്രതീകം ആണ്. അതിലും ഉപരിയായി ക്രൂശ് നമുക്ക് നൽകിയ സമ്മാനം ആണ് നിത്യജീവൻ . തിരു അവതാരത്തിന്റെ സമ്മാനം ദൈവം മനുഷ്യനായി നമ്മുടെ ഇടയിൽ വന്നു പാർത്തു എന്നതാണ്. ഇങ്ങനെ ജീവനെ നേടുന്ന സമ്മാനങ്ങൾ നമുക്ക് ലഭിച്ചത് കൊണ്ട് സമ്മാനങ്ങളിലൂടെയും കാരുണ്യ പ്രവർത്തനങ്ങളിലൂടെയും നമ്മളും പങ്ക് വയ്ക്കുന്നു.

മുൻ പറഞ്ഞതെല്ലാം അലങ്കാരങ്ങളായി കാണാതെ “ദൈവം നമ്മോട് കൂടെ ” എന്ന പൂർണ്ണതയിലേക്ക് നമ്മെ എത്തിക്കുന്ന ചിന്തകളാകട്ടെ. സ്വർഗ്ഗവും ഭൂമിയും ഒന്നാകുന്ന ഈ ദിനത്തിൽ നാം ഓരോരുത്തരും പുനഃസ്ഥാപിക്കപ്പെടുവാൻ ഈ ചിന്തകൾ സഹായകമാകട്ടെ.

ഏവർക്കും പുതുക്കപ്പെട്ട വിശ്വാസത്തിന്റെയും വിനയത്തിന്റെയും സ്നേഹത്തിന്റെയും സദ് വാർത്തകളുടെയും അടിസ്ഥാനത്തിൽ ആശംസിക്കുന്നു ; “ദൈവം നമ്മോടുകൂടെ, ഇമാനുവേൽ”.

ഹാപ്പി അച്ചൻ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907