ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിലെങ്ങും ക്രിസ്മസ് കാലം ഒത്തുചേരലുകളുടെയും പുനസമാഗമങ്ങളുടെയും സമയമാണ്. ഡിസംബർ രണ്ടിന് ലോക്ക്ഡൗൺ അവസാനിച്ചതിനുശേഷം ഏതുതരം നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ക്രിസ്മസ് കാലത്ത് കെയർഹോമുകളിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലിന് അവസരം ഒരുക്കണമെന്നുള്ള ആവശ്യം ഇതിനോടകം തന്നെ ഉയർന്നു വന്നിരുന്നു. എന്നാൽ ക്രിസ്മസ് കാലത്തെ ഒത്തുചേരലുകൾക്കായും പുനസമാഗമങ്ങൾക്കായും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് രോഗവ്യാപന തോത് ഉയർത്തുകയും ജനുവരിയിൽ മരണ നിരക്ക് നിയന്ത്രണാതീതമായി ഉയരാനും കാരണാമാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ കൊണ്ട് നേടിയെടുത്ത എല്ലാ നന്മകളെയും നിഷ്പ്രഭമാക്കാൻ ക്രിസ്മസ് കാലത്ത് വരുത്തുന്ന ഇളവുകൾ കാരണമാകുമെന്ന് ശക്തമായ താക്കീത് നൽകിയത് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസർ ആൻഡ്രൂ ഹെയ്‌വാർഡ് ആണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രധാനമന്ത്രി ബോറിസ് ജോൺസനും മന്ത്രിമാരും ക്രിസ്മസ് കാലത്ത് നിയന്ത്രണങ്ങളിൽ ഇളവ് പ്രതീക്ഷിക്കാമെന്ന സൂചനകൾ നൽകിയിരുന്നു. ഡിസംബർ 24 മുതൽ 28 വരെ നാല് വ്യത്യസ്ത ഭവനങ്ങളിൽ താമസിക്കുന്നവർക്ക് വരെയുള്ള ഒത്തുചേരലുകൾ അനുവദിക്കുന്നതിനെകുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ ആ 5 ദിവസത്തെ ആഘോഷങ്ങളെ തുടർന്ന് രാജ്യത്ത് നടപ്പിലാക്കിയ 25 ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് നേടിയ നേട്ടങ്ങൾ ബലികഴിക്കേണ്ടതായി വരുമെന്ന് ആരോഗ്യ മേധാവികൾ മുന്നറിയിപ്പുനൽകി.

ക്രിസ്തുമസ് സന്തോഷകരമായി ആഘോഷിക്കുക എന്നതിനർത്ഥം ജനുവരി – ഫെബ്രുവരി മാസത്തിൽ സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും മരണത്തിന് വിട്ടു കൊടുക്കുക എന്നാണ് അർത്ഥമാക്കുന്നത് എന്ന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഗബ്രിയേൽ സ്കാലി അഭിപ്രായപ്പെട്ടു.   രോഗതീവ്രതയുടെ തോതും വാക്സിൻ വിതരണത്തെയും ആശ്രയിച്ചായിരിക്കും ക്രിസ്മസ് കാലത്തെ ഇളവുകൾ പ്രഖ്യാപിക്കുക എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.