ന്യൂസ് ഡെസ്ക്, മലയാളം യുകെ

പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പോലീസ് സേന ഇടപ്പെടുന്നതിന് പിന്നാലെ, മെട്രോപോളിറ്റൻ പോലീസ് തലവൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ. ക്യാമ്പെയ്ൻ എഗെയ്ൻസ്റ്റ് ആൻറിസെമിറ്റിസവും (സിഎഎ) മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും ആണ് മെറ്റ് പോലീസ് സേനയുടെ തലവനായ സർ മാർക്ക് റൗലി, യഹൂദ വിരുദ്ധ നടപടികൾ നടത്തിയെന്ന് ആരോപിച്ച് അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

യഹൂദവിരുദ്ധ പ്രതിഷേധങ്ങൾ നടത്തിയവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ സേന പരാജയപ്പെട്ടുവെന്ന് ആരോപിച്ച സുല്ല ബ്രാവർമാൻ സർ മാർക്കിനെയും പോലീസ് സേനയേയും കുറ്റപ്പെടുത്തി. യഹൂദവിരുദ്ധ പെരുമാറ്റം കൈകാര്യം ചെയ്യുന്നതിൽ പോലീസ് സേന പരാജയപ്പെട്ടതായി സുല്ല ബ്രാവർമാൻെറ പ്രസ്താവനയിൽ പറയുന്നു.

പോലീസ് സേന ആദ്യം പുറത്ത് വിട്ട പ്രസ്താവനയിൽ യഹൂദ വിരുദ്ധ പരാമർശം ഉള്ളതായി ആരോപണങ്ങൾ വന്നതിന് പിന്നാലെ ക്ഷമാപണം നടത്തി സേന അധികൃതർ രംഗത്ത് വന്നിരുന്നു. ജൂത വിരുദ്ധ സംഘടനകളെ പ്രീതിപ്പെടുത്തുന്നതിനായി രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന പൗരന്മാരുടെ അവകാശങ്ങൾ ലംഘിച്ചുവെന്ന ആരോപണവും സേനയ്‌ക്കെതിരെ ഉണ്ട്. ഉയർന്ന് വരുന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ പോലീസിംഗ് മന്ത്രി ക്രിസ് ഫിൽപ്പ് സംഭവത്തെ അഭിസംബോധന ചെയ്യാൻ അടുത്ത ആഴ്ച സർ മാർക്കുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു.