ലണ്ടന്‍: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ജനങ്ങള്‍ പണം ചെലവഴിക്കുന്നത് ഈ സീസണില്‍ കുറവായിരിക്കുമെന്ന് സര്‍വേ. വിസ, ഐഎച്ച്എസ് മാര്‍ക്കിറ്റ് എന്നിവര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. വേതന നിരക്കിലുണ്ടായ കുറവും സാമ്പത്തിക വളര്‍ച്ച മന്ദീഭവിച്ചതും ഉപഭോക്താക്കള്‍ പണം ചെലവാക്കുന്നതിനെ ബാധിക്കും. 0.1 ശതമാനം ഇടിവാണ് ഇക്കാര്യത്തില്‍ ഉണ്ടാകാന്‍ ഇടയുള്ളതെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് കാലത്ത് ചെലവഴിക്കല്‍ 2.8 ശതമാനം വര്‍ദ്ധിച്ച സ്ഥാനത്താണ് ഈ വര്‍ഷം ഇടിവുണ്ടാകുമെന്ന പ്രവചനങ്ങള്‍ വരുന്നത്.
എന്നാല്‍ ഓണ്‍ലൈന്‍ വിപണി കൂടുതല്‍ ഉഷാറാകുമെന്നും സര്‍വേ പറയുന്നു. ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ മണ്‍ഡേ ഓഫറുകളുമായി വെബ്‌സൈറ്റുകള്‍ രംഗത്തെത്തുമ്പോള്‍ ജനങ്ങള്‍ അവയിലേക്ക് ആകൃഷ്ടരാകുമെന്നാണ് പരാമര്‍ശം. എങ്കിലും മൊത്തം സ്‌പെന്‍ഡിംഗ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമായിരിക്കുമെന്ന് വിസയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ മാര്‍ക്ക് ആന്റിപോഫ് പറഞ്ഞു. 2012നു ശേഷം ആദ്യമായാണ് വിപണിയില്‍ ഇത്രയും ഇടിവുണ്ടാകാന്‍ പോകുന്നത്. 2016ലായിരുന്നു ഇതിനു മുമ്പ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ചത്.
കുറഞ്ഞ നാണ്യപ്പെരുപ്പ നിരക്കും ശമ്പള നിരക്കുകള്‍ ഉയര്‍ന്നു നിന്നതും കുടുംബങ്ങള്‍ക്ക് ചെലവഴിക്കാന്‍ കൂടുതല്‍ പണം ലഭ്യമാക്കി. ഇതിന് നേര്‍ വിപരീതമായ അവസ്ഥയാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്. ശമ്പള നിരക്ക് കുറഞ്ഞതും നാണ്യപ്പെരുപ്പ നിരക്ക് ഉയര്‍ന്നതും കൂടാതെ ഈ വര്‍ഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ ഉയര്‍ത്തിയത് വിപണിയില്‍ മാന്ദ്യമുണ്ടാക്കുമെന്നാണ് പ്രവചനം.
Leave a Reply