സി. ഗ്ലാഡിസ് ഒ.എസ്.എസ്
ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ ഇരുപത്തിയഞ്ചുനോമ്പു നോക്കി ഉള്ളിലൊരു പുല്‍കൂട് പണിയാന്‍ ശ്രമിക്കുകയാണ് നാം. നോ+ അമ്പ്=നോമ്പ് നോമ്പുകാലം.നോമ്പ് അപരനെതിരെ വാക്കിന്റെ നോട്ടത്തിന്റെ ചെയ്തിയുടെ അമ്പ് തൊടുത്തു വിടാത്തകാലമാകണം. ക്രിസ്തുമസ്സ് ഒരു ഓര്‍മ്മപ്പെടുത്താലാണ് എളിമയുടെ, സ്നേഹത്തിന്റെ, മറവിയുടെ ഓര്‍മ്മപ്പെടുത്തല്‍. തന്റെ സൃഷ്ടിയെ രക്ഷിക്കാന്‍ അവനോടൊപ്പം സഞ്ചരിക്കാന്‍ അനേകം നാള് ദൈവം കണ്ട വലിയ സ്വപ്നത്തിന്റെ പൂവണിയലാണ് ക്രിസ്തുമസ്സ്.
പുല്‍ക്കൂടിന്റെ മുന്നില്‍ ചെന്നു നില്ക്കുമ്പോള് നിരവധി ധ്യാനചിന്തകള്‍ പുല്‍ക്കുട് പകര്‍ന്നു നല്‍കുന്നുണ്ട്. വലിയ കൂടാരങ്ങള്‍ക്ക് മുന്നില്‍ നാം പണിയുന്ന ചെറിയ പുല്ക്കൂടുകള് നമ്മോടു പറയുന്നത് എളിമയുടെ സുവിശേഷമാണ്, ചെറുതാകലിന്റെ സന്ദേശം. നിന്റെ വീടോളം നീ പുല്‍ക്കുട് ഒരിക്കലും പണിയുന്നില്ല. പണിതാല്‍ അത് പുല്‍ക്കൂടും ആകുന്നില്ല. പുല്ക്കൂടിന് പറയാനുള്ളത് നീ എന്നോളം ചെറുതാകണമെന്നാണ് പറ്റുമോ നിനക്ക്?. പുല്ക്കൂടിലെ നക്ഷത്രം പറയുന്നത് നീ നേരിന്റെ വഴിയുടെ പ്രകാശമാകണം. സത്യത്തിന്റെ പാതയില്‍ നിന്റെ സഹോദരനെ നയിച്ച് ദൈവത്തില്‍ എത്തിക്കണം നീ.
പുല്‍ക്കൂട്ടിലെ ജ്ഞാനികള്‍ അവര്‍ ലോകത്തിന്റെ കണ്ണില്‍ വിജ്ഞാനികളായിരുന്നു അവരുടെ ജ്ഞാന ദൃഷ്ടിയില് അവര്‍ ദൈവത്തെ അന്വേഷിച്ചത് ഹെറോദോസിന്റെ കൊട്ടാരത്തില്‍ ആയിരുന്നു. എന്നാല്‍ അവിടെ അവര്‍ക്ക് ദൈവത്തെ കണ്ടെത്താനായില്ല അവരുടെ അന്വേഷണം അനേകം പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തില്‍ കലാശിച്ചു. ഒടുവില്‍ ദൈവദൂതന്റെ അരുളപാട് ലഭിച്ച് നേരിന്റെ വഴിയെ നീങ്ങിയപ്പോഴാണ് അവര്‍ക്ക് ദൈവത്തെ കണ്ടെത്താനായത്. ജ്ഞാനികള്‍ നൽകുന്ന സന്ദേശം ഈ ലോകത്തിന്റെ ജ്ഞാനം ഒന്നുമല്ല നീ അധികാരത്തിന്റെ ലൗകീകസുഖങ്ങളുടെ പിന്നാലെ പരക്കം പാഞ്ഞാല്‍ നിനക്ക് വഴിതെറ്റും അതുമല്ല നീ വലിയ അപകടത്തില്‍ ചെന്നു ചാടും.
ആട്ടിടയന്മാര്, വിദ്യാഭ്യാസം ഒട്ടുമില്ലാത്ത സാധരണക്കാരായിരുന്നു നാളെപറ്റി വ്യാകുലപ്പെടാത്തവര്. അവര്‍ നല്ക്കുന്ന ചിന്ത നിങ്ങളും അവരെപോലെ നിഷ്കളങ്കര്‍ ആകനാണ് എന്നാലെ ദൈവത്തിന്റെ മഹത്വം ആദ്യം ദര്‍ശിക്കാന്‍ കഴിയൂ . പുല്‍ക്കൂട്ടിലെ മാതാവ് ഓര്‍മ്മിപ്പിക്കുന്നത് മാലഖയോട് ഒരു വാക്കുപോലും മറുത്ത് പറയാതെ ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്നു പറഞ്ഞ് എളിമയോടെ കര്‍ത്താവിന്റെ വചനത്തില്‍ വിശ്വസിച്ചവള്‍ അതിനാലാണ് അവള്‍ക്ക് ക്രിസ്തുവിന്റെ അമ്മയാകാന്‍ ഭാഗ്യം ലഭിച്ചത്.പുല്‍ക്കൂട്ടിലെ അമ്മതരുന്ന സന്ദേശം നിങ്ങളും എളിമയുടെ വാഹകരാകനാണ്. യൗസേപ്പിതാവിന് പറയാനുള്ളത് നിങ്ങള്‍ സ്വപ്നം കാണണം ദൈവത്തിന്റെ അരുളപാടിന്റെ സ്വപ്നം. മറ്റുള്ളവരുടെ പ്രവചനങ്ങളുടെ പിന്നാലെ പരക്കം പായേണ്ടവരല്ല നാം. സഹനങ്ങളില്‍ പ്രതിസന്ധികളില്‍ നീ ദൈവത്തോടെ നേരിട്ട് സംസാരിക്കണം. അവിടുന്ന് നിനക്ക് സത്യങ്ങള്‍ വെളിപ്പെടുത്തിതരും.
യൗസേപ്പും ജ്ഞാനികളും സ്വപ്നം കാണാന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. കന്യാകമറിയത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ജോസഫിനെയും, ഹെറോദോസിന്റെ ഗൂഢലോചനകളില് നിന്ന് വഴിമാറിനടക്കാന്‍ ജ്ഞാനികളെയും പഠിപ്പിച്ചത് അവര്‍ ദൈവത്തെ സ്വപ്നം കണ്ടതുകൊണ്ടാണ്. മാലഖമാര്ക്ക് പറയാനുള്ളത് അസൂയയുടെ കൂപ്പുകയത്തില് നിന്ന് അകന്നുമാറി നിന്റെ നാവ് കൊണ്ട് സന്മനസ്സ് ഉള്ളവര്‍ക്ക് സമാധനത്തിന്റെ ഗീതം ആശംസിക്കണം. ക്രിസ്ത്യാനി സമാധാനത്തിന്റെ സന്ദേശവാഹകരാകണം. അങ്ങനെ അനേകം ചിന്തയുടെ ഓര്‍മ്മപ്പെടുത്തല്‍ പുല്‍ക്കൂട് നമുക്ക് പകര്‍ന്നു തരുന്നു. ഫലം ഏറെയുള്ള വൃക്ഷത്തിനേ താഴ്ന്നു നില്ക്കാന് പറ്റൂ . ഭൂമിക്ക് മിതേ കൃപചെരിഞ്ഞ് ഫലം നല്കുന്ന വലിയ വടവൃഷം കണക്കെ ക്രിസ്തുവിന്റെ സ്നേഹം നമ്മെ പൊതിഞ്ഞു നില്‍ക്കുകയാണ്. പ്രകൃതിപോലും അനേകം കൊടുക്കലിന്റെ പാഠങ്ങള്‍ നമുക്ക് പകര്‍ന്നു നൽകുന്നുണ്ട്. പ്രതിഫലം അര്‍ഹിക്കാതെ നിരവധി അനുഗ്രഹങ്ങള്‍ പ്രകൃതി നൽകുന്നുണ്ട് എന്നതു ധ്യാനവിഷയമാക്കേണ്ട കാര്യമാണ്.
ക്രിസ്തുമസ്സ് ഒരു മറവിയുടെ ഒര്‍മ്മപ്പെടുത്തലാണ്. അത് സ്നേഹമാണ്. സ്നേഹിക്കുന്നവര്‍ക്കേ മറക്കാന്‍ പറ്റൂ . പ്രപഞ്ചസൃഷ്ടാവിനു ജനിക്കാന്‍ സ്വന്തം എന്നു പറയാന്‍ ഒരു കൂരപോലും ഇല്ലായിരുന്നു. ഇതാണ് നമ്മോടുള്ള സൃഷ്ടാവിന്റെ സ്നേഹം. സ്വയം അവഗണിക്കുക മനുഷ്യര്‍പോലും ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത നിസഹായതയിലേക്കു കടന്നു വന്ന ദൈവം എല്ലാം മറന്നു നിന്നെ സ്നേഹിച്ചതുകൊണ്ടാണ് സ്വയം ചെറുതായത്. ശാന്തമായി ഒഴുകുന്നപുഴപോലെ ശാന്തമായി ദൈവത്തെ അനുകരിക്കാന്‍ എളിമയുടെ വസ്ത്രം അണിയാന്‍ സ്വയം ചെറുതാകലിന്റെ അപ്പം കൊടുക്കാനും സ്വീകരിക്കാനും മഞ്ഞുപെയ്യുന്ന ക്രിസ്തുമസ്സ് രാവില്‍ ദൈവത്തിന്റെ അരുളപാടുകളെ ശാന്തമായി സ്വപ്നം കാണാനും കഴിയട്ടെ.
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
Leave a Reply