ലണ്ടന്‍: സ്വവര്‍ഗ വിവാഹങ്ങളെ അപലപിച്ചു കൊണ്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് നേതാക്കള്‍. അമേരിക്കയിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് ഇതിനെ നിയമപരമായി അംഗീകരിച്ചതിന് പിഴയീടാക്കാനും തീരുമാനിച്ചു. ലോകമെമ്പാടും നിന്നായി 37 പുരോഹിതന്‍മാര്‍ പങ്കെടുത്ത യോഗത്തിലാണ് ഈ നടപടികള്‍ ഉണ്ടായത്. പരമ്പരാഗത തത്വമനുസരിച്ച് വിവാഹം സ്ത്രീയും പുരുഷനും തമ്മിലാണ് നടക്കേണ്ടതെന്നും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ചൂണ്ടിക്കാട്ടി. ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ തീരുമാനത്തിനെതിരെ പുരോഗമനവാദികളായ പുരോഹിതന്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. ആംഗ്ലിക്കന്‍ ആയതില്‍ അപമാനം തോന്നുന്നുവെന്നാണ് സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന ഒരു പുരോഹിതന്‍ ഈ തീരുമാനത്തോട് പ്രതികരിച്ചത്.
സ്വവര്‍ഗ വിവാഹം സഭയെ പിളര്‍ത്തിയിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആംഗ്ലിക്കന്‍സ് സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുമ്പോള്‍ അമേരിക്കയിലെ ലിബറലുകളും എപ്പിസ്‌കോപല്‍ ചര്‍ച്ചും ഇതിനെ അനുകൂലിക്കുന്നു. ഈ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ടാക്കാനാണ് കാന്റന്‍ബെറി ആര്‍ച്ച് ബിഷപ്പ് പുരോഹിതരുടെ യോഗം വിളിച്ചത്. എന്നാല്‍ യാഥാസ്ഥിതികരെ പിന്തുണയ്ക്കുന്ന ഒരു യോഗമായി ഇത് മാറുകയായിരുന്നു. സംഭവത്തില്‍ ആഗാധമായ അഭിപ്രായ ഭിന്നതകളുളളതായാണ് യോഗം വിലയിരുത്തിയിട്ടുളളതെന്ന് റിപ്പോര്‍ട്ടുണ്ട്. വിവാഹത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളില്‍ പലതും ആശങ്കയുണ്ടാക്കുന്നതാണെന്നും യോഗം വിലയിരുത്തിയതായി സൂചനയുണ്ട്.
എപ്പിസ്‌കോപല്‍ ചര്‍ച്ച് തങ്ങളുടെ വിവാഹ നിയമങ്ങളില്‍ വരുത്തിയിരിക്കുന്ന മാറ്റം സഭയുടെ പല മൗലിക തത്വങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണ്. പലയിടത്തും പിന്തുടര്‍ന്നു വരുന്ന വിവാഹ തത്വങ്ങളില്‍ നിന്ന് ബഹുദൂരം പിന്നാക്കം പോയിരിക്കുകയാണ് ഇവരെന്നും യോഗം വിലയിരുത്തി. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിശ്വാസമുളള ഒരു ബന്ധത്തിനായി സ്ത്രീയും പുരുഷനും തമ്മില്‍ വിവാഹം കഴിക്കുന്നതാണ് ഉത്തമമെന്ന പരമ്പരാഗത മൂല്യങ്ങള്‍ തന്നെയാണ് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗവും പങ്കുവച്ചത്. സ്വവര്‍ഗ വിവാഹങ്ങള്‍ ആംഗ്ലിക്കന്‍ സമൂഹത്തെ കൂടുതല്‍ നശിപ്പിക്കുമെന്നും സഭാംഗങ്ങളക്കിടയിലുളള വിശ്വാസ രാഹിത്യത്തിന് ആഴം കൂടുമെന്നും യോഗം വിലയിരുത്തി.
സഭയുടെ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് എപ്പിസ്‌കോപല്‍ വിഭാഗത്തെ വിലക്കിയതായും യോഗം പ്രഖ്യാപിച്ചെന്നാണ് അനൗദ്യോഗിക വിവരം. ഇക്കാര്യങ്ങള്‍ ഇന്ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുളളൂ. ഇതിന് പുറമെ മറ്റു ചില ഉപരോധങ്ങള്‍ കൂടി എപ്പിസ്‌കോപ്പല്‍ വിഭാഗത്തിന് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ തീരുമാനങ്ങളെ ലണ്ടനിലെ ഒരു പ്രമുഖ പുരോഗമന ചിന്താഗതിക്കാരനായ പുരോഹിതന്‍ റവ. ഗില്‍സ് ഫ്രെയ്‌സര്‍ നിശിതമായി വിമര്‍ശിച്ചു. ലണ്ടനിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് അമേരിക്കയിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുടെ നിലപാടിനെ പിന്തുണയ്ക്കണമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.