വിമാനത്തില്‍ മോഷണക്കുറ്റം ആരോപിച്ച് നഗ്നരാക്കി പരിശോധന നടത്തിയെന്ന് ആരോപിച്ച് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിനെതിരെ പരാതിയുമായി എയര്‍ ഹോസ്റ്റസുമാര്‍. മാന്യതയില്ലാതെ തങ്ങളെ നഗ്നരാക്കി പരിശോധന നടത്തിയെന്ന് ആരോപിച്ച് മാനേജ്‌മെന്റിന് എയര്‍ ഹോസ്റ്റസുമാര്‍ പരാതി നല്‍കി. വിമാനത്തില്‍ നിന്നും ഭക്ഷണത്തിനും മറ്റുമായി ലഭിക്കുന്ന പണം ക്യാബിന്‍ ക്രൂ മോഷിടിക്കുന്നുവെന്ന് ആരോപിച്ചാണ് സ്പൈസ് ജെറ്റിലെ എയര്‍ ഹോസ്റ്റസുമാരെ നഗ്നരാക്കി പരിശോധന നടത്തിയത്.

ചെന്നൈ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു ജീവനക്കാര്‍ പരാതിയുമായി മാനേജ്‌മെന്റിനു മുന്നിലെത്തുന്നത്. കാബിന്‍ ക്രൂ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌പൈസ്‌ജെറ്റിന്റെ രണ്ടു സര്‍വീസുകള്‍ ചെന്നൈയില്‍ നിന്ന് ഒരു മണിക്കൂറോളം വൈകിയാണു പുറപ്പെട്ടത്. ജീവനക്കാര്‍ പരാതി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ എന്‍.ഡി. ടിവിയാണ് പുറത്തുവിട്ടത്.

കമ്പനിയുടെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ തങ്ങളെ നഗ്നരാക്കി പരിശോധിക്കുകയായിരുന്നു. പരിശോധന എന്തിനെന്ന ചോദ്യത്തിന് വിമനത്തിലെ മോഷണം കണ്ടുപിടക്കാന്‍ എന്നായിരുന്നു സുരക്ഷാ വിഭാഗം മറുപടി നല്‍കിയത്. എയര്‍ ഹോസ്റ്റസ്മാരുടെ പരാതിയില്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരുമെന്ന് ആറിയിച്ചിട്ടുണ്ട്. ഇതോടെ ജീവനക്കാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.