ലണ്ടന്‍: സ്വവര്‍ഗ ബന്ധങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്ന നിലപാടുകളാണ് ക്രൈസ്തവ സഭകള്‍ നേരത്തേ സ്വീകരിച്ചു വന്നിരുന്നത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ വരുന്നു എന്ന സൂചന നല്‍കി ഉദാര സമീപനവുമായി ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്‍ഡ്. ഒരേ ലിംഗത്തില്‍ നിന്നുള്ള വിവാഹങ്ങളും നടത്തിക്കൊടുക്കണമെന്ന് സഭ പുരോഹിതന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഗേ, ലെസ്ബിയന്‍ സമൂഹത്തോട് ഇക്കാലമത്രയും പുലര്‍ത്തിപ്പോന്നിരുന്ന വിവേചനത്തിന് സഭ മാപ്പ് പറയുകയും ചെയ്തു.

എഡിന്‍ബര്‍ഗില്‍ ചേര്‍ന്ന കിര്‍ക്ക് ജനറല്‍ അസംബ്ലിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇത്തരം വിവാഹങ്ങള്‍ നടത്താന്‍ പുരോഹിതന്‍മാര്‍ക്ക് അനുവാദം നല്‍കുന്ന വിധത്തില്‍ സഭാനിയമങ്ങള്‍ മാറ്റിയെഴുതാനും അസംബ്ലി നിര്‍ദേശിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ സഭയുടെ ഭരണ സമിതിയുടെ അനുവാദമില്ലാതെ ഒരു പുരോഹിതന്‍ സ്വവര്‍ഗ വിവാഹം നടത്തിക്കൊടുത്തിരുന്നു. അടുത്ത വര്‍ഷത്തെ അസംബ്ലിയില്‍ ആവശ്യമായ നിയമ ഭേദഗതികള്‍ വരുത്തുമെന്നാണ് അറിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിയമഭേദഗതികള്‍ വരുത്തുന്ന കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ സ്‌കോട്ടിഷ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് വോട്ടെടുപ്പ് നടത്തുന്നുണ്ട്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നയങ്ങളോട് വിയോജിച്ചുകൊണ്ടാണ് സ്‌കോട്ടിഷ് സഭ ഈ തീരുമാനം എടുക്കുന്നത്. അന്താരാഷ്ട്ര ആംഗ്ലിക്കന്‍ സമൂഹത്തില്‍ നിന്ന് വലിയ എതിര്‍പ്പുകളും വിലക്കുകളും വരെ നേരിടാന്‍ കാരണമാകുന്ന വിപ്ലവകരമായ തീരുമാനമാണ് ഇത്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ എപ്പിസ്‌കോപ്പല്‍ സഭ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് നിലപാട് എടുത്തത് വിലക്കുകള്‍ ഉയരാന്‍ കാരണമായിരുന്നു.