കൊറോണ പടരുന്ന ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഡൽഹിയിലേക്ക് തിരിച്ചു. വിദ്യാർഥികളടക്കം മുന്നൂറോളം പേരാണ് എയർ ഇന്ത്യയുടെ വിമാനത്തിലുള്ളത്. ഇവർ രാവിലെ എട്ടരയോടെ ഡൽഹിയില്‍ എത്തിച്ചേരും. മലയാളി വിദ്യാർഥികളും വിമാനത്തിലുണ്ട്.

ഇന്നലെ 42മലയാളികൾ ഉൾപ്പെടെ 324 പേരെ തിരികെ എത്തിച്ചിരുന്നു. മടങ്ങിയെത്തിയവരെ മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലുമാണ് പാര്‍പ്പിചിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ഇന്ന് എത്തുന്നവരെയും ക്യാമ്പിലേക്കാകും കൊണ്ടുപോവുക. 14 ദിവസം ഇവരെ നിരീക്ഷിക്കും. സൈന്യത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

മടങ്ങി എത്തുന്നവർ ഒരു മാസത്തേക്ക് പോതു ചടങ്ങുകളിൽ പങ്കെടുക്കരുത് എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.അതിനിടെ ചൈനയില്‍ കൊറോണ ബാധിച്ച് ഇന്നലെ 45പേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 304 ആയി. പുതിയതായി 2590പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കുന്നു