ദിലീപ് വി കെ
മാടനെ പിടിക്കാന്‍ ചെന്ന തിരുമേനിയുടെ കഥ പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അപരിഷ്‌കൃതരുടെ മൂര്‍ത്തിയായ മാടനെ പരിഷ്‌കൃതനായ ബ്രാഹ്മണന് പിടിച്ചു കെട്ടിയേ തീരൂ. എന്നാല്‍ താന്‍ പിടിക്കാന്‍ ചെന്നവനെയും ചുമന്നുകൊണ്ട് അറ്റമില്ലാവഴികളിലൂടെയുള്ള യാത്ര ആസ്വദിക്കുകയാണ് തിരുമേനി ഇപ്പോഴും. നിയമവാഴ്ച്ചയുടെ പ്രതിരൂപങ്ങളാണ് എന്ന് പറയാവുന്ന പോലീസുകാരും, ചുരുളിയില്‍ ചെന്ന് ചെയ്യുന്നതു തങ്ങളുടെ വന്യവാസനകളെ കയറൂരിവിടുകയാണ്. കാടുകയറുമ്പോള്‍, ഓരോ മനുഷ്യനും തന്റെ യഥാർത്ഥ സ്വത്വത്തിലേക്ക് മാറുന്നുവെന്നതാണ് തുടർന്നുള്ള കാഴ്ചയില്‍ തെളിയുന്നത്.
കുറ്റവാളിയെയും കുറ്റകൃത്യത്തെയും പിന്തുടര്‍ന്നാണ് ആന്റണിയും ഷാജീവനും (വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്) ചുരുളിയിലെത്തുന്നത്. തങ്കന്റെ പറമ്പില്‍ റബ്ബറിന് കുഴിവെട്ടാന്‍ എന്നും പറഞ്ഞാണ് യാത്ര. ദുര്‍ഘടമായ മലമ്പാതയും താണ്ടി ചുരുളാളം പറയുന്നവരുടെ മൂടല്‍ മഞ്ഞു പോലെ നിഗൂഢതകള്‍ തങ്ങി നില്‍ക്കുന്ന ചുരുളിയില്‍ അവരെത്തി ചേരുന്നു. വഴിയിലെ പൊളിഞ്ഞു വീഴാറായ മരപ്പാലം പുറംലോകവും ചുരുളിയും തമ്മിലുള്ള ഏക ബന്ധമാണ്. പരിഷ്‌കാരത്തിന്റെ ഭാണ്ഡങ്ങള്‍ ജീപ്പിറങ്ങി പാലം നടന്നു കയറുമ്പോള്‍ പുറത്തേക്കെറിയപ്പെടുന്ന കാഴ്ച പുറംലോകത്തിന്റെ കെട്ടുകാഴ്ചകൾക്കു ചുരുളിയിൽ സ്ഥാനമില്ല എന്ന് പറഞ്ഞുവെക്കുന്നു. ജീപ്പ് ആ പാലം കടന്നു പോകുന്ന കാഴ്ചപോലും വന്യമായ ഒരു ലോകത്തേക്കാണ് തങ്ങളുടെ യാത്രയെന്ന് പ്രേക്ഷകന് മുന്നറിയിപ്പ് നൽകുന്നുണ്ട്.
മെെലാടും പറമ്പിൽ ജോയ് എന്ന കുറ്റവാളിയെ അന്വേഷിച്ച് ചുരുളിയിൽ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരായ ഷാജീവനും ആന്റണിയും തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ലോകത്തെയാണ് അവിടെ കാണുന്നത്. അവർക്കൊപ്പം ചുരുളിയിലേക്ക് എത്തുന്നവർ ആരംഭത്തിൽ സാധാരണ മനുഷ്യരാണ്. എന്നാൽ ചുരുളിയിൽ എത്തുന്ന നിമിഷം മുതൽ അവർ ചുരുളി മലയാളത്തിൽ കേട്ടാലറയ്ക്കുന്ന തെറി പറയുന്നവരും, അക്രമാസക്തരുമായി മാറുന്നു. ഇവിടെയുണ്ടാകുന്ന ഭാവമാറ്റം ചുരുളിയുടെ ലോകത്തെപ്പറ്റിയുളള ഒരു മുന്നറിയിപ്പ് കൂടിയാണ്. ആ അരുവിക്കു കുറുകെയുള്ള മരപ്പാലം അവര്‍ക്കും നമുക്കും പരിചിതമായ ചുറ്റുപാടിന്റെ അവസാനമാണ്. ചുരുളിക്കാടുകളുടെ വന്യത യാത്രക്കാരെ ആവേശിക്കുന്ന നിമിഷത്തില്‍ ആന്റണിക്കൊപ്പം നമ്മളും ഞെട്ടുന്നുണ്ട്. ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ ശബ്ദങ്ങളും അപരിചിതത്വത്തിന്റെ അങ്കലാപ്പ് തരുന്നുണ്ട്. ചീവീടും രാപ്പക്ഷികളും ഇലയ്ക്കു മീതെ പെയ്യുന്ന മഴയും കൂവലുകളുടെ പ്രതിധ്വനികളുമൊക്കെ പകരുന്ന ഭയപ്പെടുത്തുന്ന വന്യത പക്ഷെ ചുരുളിക്കാരുടെ പെരുമാറ്റങ്ങള്‍ക്ക് വല്ലാത്തൊരു സാധൂകരണം നല്‍കുന്നുണ്ട്. ചുരുളിയിൽ എത്തുന്നവർ തങ്ങൾ ഇത്രയും കാലം ചുരുളിയിൽ തന്നെ ജീവിച്ചിരുന്നു എന്ന് കരുതി പോകുന്നവരാണ്. മാടന്റെയും നമ്പൂതിരിയുടെയും കഥയിൽ തുടങ്ങി അതേ കഥയിലാണ് സിനിമ അവസാനിക്കുന്നത്. തന്റെ കുട്ടയിൽ ഉള്ളത് മാടൻ തന്നെയാണ് എന്ന് തിരിച്ചറിയാത്ത നമ്പൂതിരിയും അന്വേഷിച്ചു ചെന്ന കുറ്റവാളികൾ തങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ടെന്നു തിരിച്ചറിയാത്ത നിയമപാലകരും ചുരുളിക്കുള്ളിൽ ഒന്ന് തന്നെയാണ്. അവിടെ കാലം ആവർത്തിക്കപ്പെടുകയാണ്.
കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനോയ് തോമസിന്റെ കഥയാണ് ചിത്രത്തിനാധാരം. എസ്. ഹരീഷിന്റേതാണ് തിരക്കഥ. പെല്ലിശേരിയുടെ സിനിമകളിലെ ദൃശ്യ, ശബ്ദ ഭംഗികള്‍ പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. കാടിന്റെ കാഴ്ചകള്‍ക്ക് മധു നീലകണ്ഠന്റെ ക്യാമറയില്‍ അസാധാരണ സൗന്ദര്യമുണ്ടായിരുന്നു. സംഗീതമൊരുക്കിയ ശ്രീരാഗ് സജിയും എഡിറ്റര്‍ ദീപു ജോസഫും ആസ്വാദനത്തെ നിലവാരമുള്ളതാക്കുന്നുണ്ട്. അഭിനേതാക്കള്‍ ഓരോരുത്തരും അവരുടെ പങ്ക് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ മറ്റാരേക്കാളും മികവുറ്റതായി തോന്നിയത് വിനയ് ഫോര്‍ട്ടിന്റെ പ്രകടനമാണ്. ഷാജിവന്റെ ഭയവും ആകുലതകളും പിന്നീട് അയാളില്‍ ഉണ്ടാവുന്ന ഭാവ മാറ്റങ്ങളും എത്ര കയ്യടക്കത്തോടെയാണ് അയാള്‍ കാഴ്ച വെച്ചത്. ശുദ്ധനായ പോലീസുകാരനില്‍ നിന്നുള്ള വളര്‍ച്ച വിനയ് ഫോര്‍ട്ട് മികവുറ്റതാക്കി.
ഒറ്റക്കാഴ്ചയില്‍ കുരുക്കഴിക്കാവുന്നതല്ല ഈ ചിത്രം. ജെല്ലിക്കെട്ടിന്റെ ക്ലൈമാക്സിലെ പോലെ താൻ ഉദ്ദേശിച്ചത് എന്തെന്ന് ലിജോ പക്ഷെ ചുരുളിയിൽ പറഞ്ഞു വെക്കുന്നില്ല. അത് സിനിമയുടെ ചുഴിയിൽ അകപ്പെട്ടുപോയ പ്രേക്ഷകന് തീരുമാനിക്കാവുന്നതാണ്. കുറ്റവാളികളും കുറ്റാന്വേഷകരും തമ്മിലുള്ള അതിര് വരമ്പുകളുടെ നിസ്സാരത ബോധ്യപ്പെടുത്തുന്നതോടൊപ്പം തന്നെ അധികാരവും അധികാരമില്ലായ്മയും അഴിയാത്ത ചുരുളുകളുമായി സമന്വയം പ്രാപിക്കുന്നതും പ്രേക്ഷകന്റെ മുൻപിലേയ്ക്കുള്ള സംവിധായകന്റെ ചോദ്യമായി പരിഗണിക്കാം.
ദിലീപ് വി കെ: കാസർഗോഡ് സ്വദേശി, തിരുവനന്തപുരം എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് പ്രൊഫസർ.
Leave a Reply