അഹമ്മദാബാദ്‌: കോവിഡ്‌ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള അവസാന ഘട്ടത്തിലേക്ക്‌ കടന്നതായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിഡസ്‌ കാഡില. ഫെബ്രുവരി അവസാനമോ മാര്‍ച്ച്‌ ആദ്യത്തെ ആഴ്‌ചയിലോ 10 കോടി ഡോസ്‌ വാക്‌സിനുകള്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും കമ്പനി വ്യക്‌തമാക്കി.

പ്രതിരോധ വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്‌ ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ അനുമതി നല്‍കിയതിനു പിന്നാലെയാണ്‌ പരീക്ഷണം ആരംഭിച്ചത്‌. ഏഴു മാസത്തിലേറെയായി വാക്‌സിന്റെ പിന്നാലെയാണെന്നും വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ മരുന്ന്‌ വിജയകരമാണെന്നു കണ്ടെത്തിയതായും ചെയര്‍മാന്‍ പങ്കജ്‌ പട്ടേല്‍ വ്യക്‌തമാക്കി.