സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ച് നഷ്ടം സഹിച്ചും നെല്‍കൃഷി ചെയ്യുന്ന കര്‍ഷകരെ വഞ്ചിച്ചുകൊണ്ട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മില്ലുടമകളുമായി ഒത്തുകളിക്കുകയാണെന്ന് ആംആദ്മി പാര്‍ട്ടി. നെല്ലു കൊയ്ത് കഴിഞ്ഞതിനു ശേഷം മാത്രം മില്ലുടമകളുമായി ചര്‍ച്ച എന്ന നാടകം നടത്തുന്നതു തന്നെ വഞ്ചനയുടെ ഉദാഹരണമാണ്. 100 കിലോ നെല്ല് കുത്തി അരിയാക്കുമ്പോള്‍ 68 കിലോ അരി ലഭിക്കും എന്ന സര്‍ക്കാര്‍ കണക്ക് അംഗീകരിക്കാന്‍ മില്ലുടമകള്‍ തയ്യാറാകുന്നതാകാതിരുന്നതാണ് തീരുമാനം നീളാന്‍ കാരണം എന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ്. ഇതു സംബന്ധിച്ച് മില്ലുടമകള്‍ക്ക് സമ്പൂര്‍ണ്ണമായി കീഴടങ്ങിക്കൊണ്ടാണ് ഇപ്പോള്‍ തീരുമാനത്തിലെത്തിയിരിക്കുന്നത്.

തീരുമാനം വൈകുക വഴി കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് നശിച്ചു കൊണ്ടിരിക്കുന്നു. മില്ലുടമകളെ നിലക്കുനിര്‍ത്തി കര്‍ഷകരെ നിലക്ക് നിര്‍ത്തി കര്‍ഷകരെ സംരക്ഷിക്കും എന്ന് വീരവാദം മുഴക്കിയ കൃഷിമന്ത്രി മാളത്തില്‍ ഒളിച്ചിരിക്കുന്നു. ആലത്തൂരില്‍ മില്ല് തുടങ്ങും, വിത്തുല്‍പാദന വിതരണത്തിലെ അഴിമതി ഇല്ലാതാക്കും തുടങ്ങിയ മന്ത്രിയുടെ വാഗ്ദാനങ്ങളും ജലരേഖയായി. കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് പ്രായോഗിക പരിപാടികളുമായി മുന്നോട്ട് പോകാനും സര്‍ക്കാരിന്റെ തെറ്റായ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാനും ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചതായി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ അറിയിച്ചു. സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി ഏരോത്ത്, ജാഫര്‍ അത്തോളി, ഷെബു മീത്തില്‍, പത്മനാഭന്‍ ഭാസ്‌കരന്‍, കാര്‍ത്തികേയ, .പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു