മലയാളം യുകെ ന്യൂസ് ബ്യൂറോ
സിഗരറ്റ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. എന്നാൽ ഉപയോഗിച്ചു തീർന്ന ശേഷം വലിച്ചെറിയുന്ന സിഗരറ്റ് കഷണങ്ങൾ പ്രകൃതിക്ക് സമ്മാനിക്കുന്നത് ദുരിതമാണ്. ഇവ ജൈവവൈവിധ്യത്തിന് ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നവയാണ്. മണ്ണിൽ കിടക്കുന്ന സിഗരറ്റ് കഷണങ്ങൾ സസ്യവളർച്ചയെ ഹാനികരമായി ബാധിക്കുന്നു എന്ന് എയ്ഞ്ചേല റസ്കിൻ യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങളിൽ തെളിഞ്ഞു. ക്ലോവർ ചെടികൾ മുളയ്ക്കുന്നത് 27% ആയി കുറയുകയും അതിന്റെ തണ്ട് നീളം 28% കുറയുകയും ചെയ്യും. പുല്ല് മുളയ്ക്കുന്നത് 10% കുറഞ്ഞു. ഒപ്പം അതിന്റെ തണ്ട് നീളത്തിലും 13% കുറവ് സംഭവിച്ചു. എക്കോടോക്സിക്കോളജി ആൻഡ് എൻവയോൺമെന്റൽ സേഫ്റ്റി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ എആർയുവിലെ സീനിയർ ലെക്ചറർ ഡാനിയേൽ ഗ്രീൻ ആണ് ഇത് വിശദീകരിച്ചത് .
ഒരു തരം ബയോപ്ലാസ്റ്റിക് ആയ സെല്ലുലോസ് അസറ്റേറ്റ് ഫൈബർ ഉപയോഗിച്ചാണ് സിഗരറ്റ് ഫിൽറ്ററുകൾ നിർമിക്കുന്നത്. ഈ സിഗരറ്റ് ഫിൽറ്ററുകൾ നശിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരും. ഓരോ വർഷവും 4.5 ട്രില്യൺ സിഗരറ്റ് ആണ് ആളുകൾ വലിച്ചു തീർക്കുന്നത്. സിഗരറ്റ് ഫിൽറ്ററുകൾ ഒരു തരം പ്ലാസ്റ്റിക് മലിനീകരണത്തിനും കാരണമാകുന്നു. ഉപയോഗിക്കാത്ത സിഗററ്റുകളും ചെടികളുടെ വളർച്ചയിൽ ഇതേ ദൂഷ്യഫലങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. സിഗററ്റിലൂടെ നിക്കോട്ടിൻ മാത്രം അല്ല ഹാനികരം എന്നും പഠനങ്ങളിലൂടെ തെളിഞ്ഞു. കേംബ്രിഡ്ജ് നഗരത്തിലെ ചുറ്റുപാടുകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഒരു ചതുരശ്ര മീറ്ററിൽ കുറഞ്ഞത് 128 ഉപയോഗിച്ച സിഗരറ്റുകൾ കണ്ടെത്തി. ഈ ഒരു പ്രശ്നം കാരണം ചെടിയുടെ വേരിന്റെ ഭാരവും 57% കുറഞ്ഞുവെന്ന് പഠനത്തിലൂടെ കണ്ടെത്തി.
” ഉപയോഗിച്ച സിഗരറ്റ് ഭൂമിയിലേക്ക് വലിച്ചെറിയുന്നത് സാധാരണ കാഴ്ചയാണ്. പക്ഷേ ഇത് സസ്യങ്ങളെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയത് ഞങ്ങളുടെ പഠനങ്ങളിലൂടെയാണ്. ഞങ്ങൾ പരീക്ഷിച്ച രണ്ട് ഇനങ്ങളായ റൈഗ്രാസ്സ്, വൈറ്റ് ക്ലോവർ എന്നിവ കന്നുകാലികൾക്ക് നല്ല തീറ്റപുല്ലാണ്. മാത്രമല്ല നഗരങ്ങളിൽ ഇത് സാധാരണയായി കാണപ്പെടുന്നു. ഇവ ജൈവവൈവിധ്യത്തിനും ഏറെ ഗുണം ചെയ്യുന്നു. ക്ലോവർ ചെടികൾ നൈട്രജൻ ഫിക്സേഷനും സഹായിക്കുന്നു. ” ഡോ. ഡാനിയേൽ ഗ്രീൻ പറഞ്ഞു. സിഗരറ്റ് ഫിൽറ്ററുകൾ നശിക്കുന്നില്ലെന്നും അവ പ്രകൃതിക്ക് ദോഷകരമാണെന്നും ജനങ്ങളെ ഉത്‌ബോധിപ്പിക്കണമെന്ന് ഗ്രീൻ കൂട്ടിച്ചേർത്തു.തുടർ പഠനങ്ങൾ ആവശ്യമാണെന്നും ഫിൽറ്ററിന്റെ രാസഘടനയാണ് സസ്യവളർച്ചയെ ദോഷകരമായി ബാധിക്കുന്നതെന്നും ഡോ. ബാസ് ബൂട്ട്സ് അഭിപ്രായപ്പെട്ടു
Leave a Reply