കൊച്ചി: ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (62) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭരതം, സദയം, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത് തുടങ്ങിയ ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. 1977ല്‍ പി ചന്ദ്രകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മനസ് ഒരു മയില്‍ ആണ് ആദ്യ ചിത്രം. 15ലേറെ മലയാള ചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്ന് ഏറെ നാളായി കൊച്ചിയില്‍ ചികിത്സയിലായിരുന്നു.
അധ്യാപക ദമ്പതിമാരായ രാമകൃഷ്ണന്‍ നായരും കാര്‍ത്ത്യായനി അമ്മയുമാണ് മാതാപിതാക്കള്‍. ഏറ്റവുമധികം മലയാള ചലച്ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത റെക്കോര്‍ഡും ആനന്ദക്കുട്ടന്റെ പേരിലാണ്. ഒരു വര്‍ഷം 12 സിനിമകള്‍ക്കു വരെ അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. 1954ല്‍ ജനിച്ച അദ്ദേഹം പ്രീഡിഗ്രി പഠനത്തിനു ശേഷം ഛായാഗ്രഹണം പഠിക്കാനായി ചെനൈയിലെത്തി. ഒരു സ്റ്റുഡിയോയില്‍ സഹായിയായാണ് തുടക്കം. പ്രമുഖ ഛായാഗ്രാഹകരായ വിന്‍സെന്റ് മാസ്റ്റര്‍, ജി.കെ. രാമു എന്നിവരുടെ സഹായിയായി പിന്നീട് ചലച്ചിത്രലോകത്തെത്തുകയായിരുന്നു.
ഫാസിലിന്റെ രചനയില്‍ നവോദയ അപ്പച്ചന്‍ സംവിധാനം നിര്‍വഹിച്ച തീക്കടല്‍ എന്ന ചിത്രത്തിനു ശേഷമാണ് ഫാസില്‍-ആനന്ദക്കുട്ടന്‍ കൂട്ടുകെട്ട് ആരംഭിക്കുന്നത്. പിന്നീട് ഫാസിലിന്റെ നിരവധി ചിത്രങ്ങള്‍ക്ക് ആനന്ദക്കുട്ടന്‍ ദൃശ്യങ്ങളൊരുക്കി. മലയാളത്തിലെ ഒട്ടു മിക്ക സംവിധായകരുടേയും ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഗീത. മൂന്നു മക്കളുണ്ട്.