യുകെയില്‍ ബര്‍മ്മിംഗ്ഹാം ഒരുങ്ങി.

<strong>യുകെയില്‍ ബര്‍മ്മിംഗ്ഹാം ഒരുങ്ങി.</strong>
December 04 21:04 2019 Print This Article

ഷിബു മാത്യൂ
‘ടോട്ടാ പുള്‍ക്രാ’ ‘സര്‍വ്വ മനോഹരി’
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയടെ പ്രഥമ വനിതാ സമ്മേളനത്തിന് ഇനി രണ്ട് നാള്‍…
ശനിയാഴ്ച ബര്‍മ്മിംഹാമില്‍ നടക്കുന്ന സംഗമത്തില്‍ രണ്ടായിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കും….
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് കോര്‍ഡിനേറ്ററും വികാരി ജനറാളുമായ ഫാ. ജിനോ അരീക്കാട്ടും കണ്‍വീനര്‍ ഫാ. ജോസ് അഞ്ചാനിക്കലും രൂപതാ പ്രസിഡന്റ് ജോളി മാത്യുവും മലയാളം യുകെ ന്യൂസിനോട്…
പരിശുദ്ധ കന്യകാമറിയത്തിനോട് ചേര്‍ന്ന് പാപരഹിതരായി, പരിശുദ്ധരായി ജീവിക്കുവാന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആഹ്വാനം…

ബര്‍മ്മിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വനിതാ ഫോറം ദേശീയ സമ്മേളനം ശനിയാഴ്ച ബര്‍മ്മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പരിശുദ്ധ കന്യകാ മാതാവില്‍ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിന്റെയും നിറവ് കുടുംബങ്ങളില്‍ എത്തിക്കുക, ഭാവി തലമുറകളിലേയ്ക്ക് വിശ്വാസത്തെ പകര്‍ന്നു കൊടുക്കുന്നതില്‍ സ്ത്രീത്വത്തിന്റെ പ്രധാന്യം എന്നിവയ്ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് അഭിവന്ദ്യ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷം മുമ്പ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ആരംഭിച്ചതാണ് വിമന്‍സ് ഫോറം. ഇതിന്റെ പ്രഥമ ദേശീയ സമ്മേളനമാണ് ടോട്ടാ പുള്‍ക്രാ എന്ന പേരില്‍ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കുന്നത്. നാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കത്തോലിക്കാ പ്രാര്‍ത്ഥനാ കീര്‍ത്തനത്തില്‍ പരിശുദ്ധ കന്യകാമറിയത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച പദമാണ് ടോട്ടാ പുള്‍ക്ര. ലത്തീന്‍ ഭാഷയിലുള്ള ഈ പദത്തിന്റെ അര്‍ത്ഥം ‘സര്‍വ്വ മനോഹരി’ എന്നാണ്.

രൂപതയുടെ എട്ട് റീജിയണില്‍ നിന്നുമായി രണ്ടായിരത്തി അഞ്ഞൂറോളം വനിതകള്‍ സമ്മേളനത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. പത്ത് മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബര്‍മ്മിംഗ്ഹാം അതിരൂപതയ പ്രതിനിധീകരിച്ച് മോണ്‍. ഡാനിയേല്‍മക് ഹഗ് സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രയോക്താവും പ്രഭാഷകയുമായ റെവ. ഡോ. ജോവാന്‍ ചുങ്കപുര ക്ലാസ്സെടുക്കും. 11.45ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടക്കും. ഇരുപത്തഞ്ചോളം വൈദീകര്‍ വിശുദ്ധ ബലിയ്ക്ക് സഹകാര്‍മ്മികത്വം വഹിക്കും. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ നൂറ്റിയിരുപത്തഞ്ചോളം പേരടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷകള്‍ നയിക്കും. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിക്ക് സാംസ്‌ക്കാരിക പരിപാടികള്‍ ആരംഭിക്കും. എട്ട് റീജിയണില്‍ നിന്നുമായി വിവിധ തരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറും. 3.30 ന് രൂപതയുടെ പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ടമായ ദമ്പതീ വര്‍ഷാചരണത്തിന്റെ ഉദ്ഘാടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും. വിവാഹത്തിന്റെ 25, 40, 50 വര്‍ഷ ജൂബിലി ആഘോഷിക്കുന്നവര്‍ ഒരുമിച്ചുകൂടി പിതാവിനോടൊപ്പം തിരി തെളിയ്ക്കും. മുന്‍കൂട്ടി നിശ്ചയിച്ചതിന്‍ പ്രകാരം കൃത്യം നാല് മണിക്ക് തന്നെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിമന്‍സ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം അവസാനിക്കും.

വി.ജി ഫാ. ജിനോ അരീക്കാട്ട്‌

സഭ എന്ന് പറയുന്നത് കുടുംബങ്ങളുടെ കൂട്ടായ്മയാണ്. കുടുംബം എന്നു പറഞ്ഞാല്‍ മാതാവിനും പിതാവിനും തുല്യ പങ്കാളിത്തവും. ഇത് സഭയുടെ പിതാക്കന്മാര്‍ അംഗീകരിക്കുന്ന നഗ്‌നസത്യവുമാണ്. എങ്കില്‍ പിന്നെ കുടുംബനാഥനെ മാറ്റി നിര്‍ത്തി കുടുംബനാഥയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വിമന്‍സ് ഫോറം എന്ന പ്രസ്ഥാനം തുടങ്ങാന്‍ എന്താണ് കാരണം?

‘ടോട്ടാ പുള്‍ക്രാ ‘ എന്ന പേരില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിമന്‍സ് ഫോറത്തിന്റെ ദേശീയ സമ്മേളനത്തിന്റെ ആദ്യ വാര്‍ത്തകള്‍ പുറത്ത് വന്നതുമുതല്‍ യുകെ മലയാളികളില്‍ നിന്നും കേള്‍ക്കുന്ന ചോദ്യമാണിത്. ഇതേ ചോദ്യം ഞങ്ങള്‍ മലയാളം യു കെ ന്യൂസും ചോദിച്ചു. ഞങ്ങളുടെ ചോദ്യത്തിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വികാരി ജനറാളും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ റെവ. ഫാ. ജിനോ അരീക്കാട്ട് മറുപടി പറഞ്ഞതിങ്ങനെ..

പിതൃവേദിയെ ഉപേക്ഷിച്ചു എന്ന് ഇതിനര്‍ത്ഥമില്ല. ഈ വിഷയം രൂപതയുടെ ചിന്തയിലുണ്ട്. ആത്മീയ കാര്യങ്ങളില്‍ ആഴത്തിലുള്ള ചിന്ത പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അവര്‍ അനുഭവിക്കുന്ന പ്രസവവേദന പോലെ തന്നെയാണ് കുടുംബ ജീവിതത്തെക്കുറിച്ചും അതിലെ വേദനകളെ സഹിക്കുവാനുള്ള അവരുടെ സഹിഷ്ണതയും.. സ്ത്രീകളുടെ മനോഭാവം ആത്മീയമായിട്ട് മാറിയാല്‍ കുടുംബത്തില്‍ കൂടുതല്‍ പ്രകാശമുണ്ടാകും. അത് സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് പ്രധാന കാരണമാവുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് അഭിവന്ദ്യ പിതാവ് രൂപതയുടെ ആരംഭത്തില്‍ തന്നെ സ്ത്രീകളുടെ കൂട്ടായ്മ ഉണ്ടാക്കിയത്. അതിലൂടെ കെട്ടുറപ്പുള്ള കുടുംബത്തിലെ നായകന്മാരായി കുടുംബനാഥന്‍മാരും മാറും എന്നത് ഉറപ്പാണ്.. ആഗോള കത്തോലിക്കാ സഭയിലെ അംഗമാവുക എന്നതു തന്നെ ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളം അഭിമാനമായി മാറണം. വൈകാരികമായി എടുക്കേണ്ട വിഷയങ്ങള്‍ ഒന്നും ഈ സംഗമത്തിലില്ല. ഒരു സ്ത്രീ ഈ കൂട്ടായ്മയില്‍ പങ്കെടുക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ ചിന്തിക്കേണ്ടത് ഇത്രമാത്രം.
‘ഈ കൂട്ടായ്മയുടെ ഗുണം ഞങ്ങളുടെ കുടുംബത്തിന് ‘.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles