ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിപ്റ്റോ വിഭാഗത്തിലേക്ക് നൂറു പേരെ നിയമിക്കാനൊരുങ്ങി സിറ്റി ഗ്രൂപ്പ്. ഇതിലൂടെ ഒരു ക്രിപ്റ്റോ ടീമിന് രൂപം നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്. സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലയന്റ് ഗ്രൂപ്പിലെ ഡിജിറ്റൽ അസറ്റുകളുടെ പുതിയ തലവൻ പുനീത് സിംഗ്വി ആയിരിക്കും. മുമ്പ്, സിറ്റിയുടെ ട്രേഡിംഗ് ബിസിനസിലെ ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ അസറ്റുകൾ എന്നിവയുടെ തലവനായിരുന്നു സിംഗ്വി. ബ്ലോക്ക് ചെയിനിന്റെയും ഡിജിറ്റൽ അസറ്റുകളുടെയും വലിയ സാധ്യതകളിൽ സിറ്റി ഗ്രൂപ്പ് വിശ്വാസം അർപ്പിക്കുന്നു.

ക്ലയന്റുകൾ, സ്റ്റാർട്ടപ്പുകൾ, റെഗുലേറ്റർമാർ തുടങ്ങി നിരവധി പങ്കാളികളുമായി ഇടപഴകുന്നതിൽ പുനീതും ടീമും ശ്രദ്ധ കേന്ദ്രീകരിക്കും. ഡിജിറ്റൽ അസറ്റ് സ്‌പെയ്‌സിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സിറ്റി ഗ്രൂപ്പ് പ്രസ്താവന ഇറക്കി. ശോഭിത് മൈനിയും വസന്ത് വിശ്വനാഥനും സിറ്റി ഗ്രൂപ്പിന്റെ ഗ്ലോബൽ മാർക്കറ്റ് ബിസിനസിന്റെ ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ അസറ്റുകളുടെ സഹ-മേധാവികളായിരിക്കും.

ക്രിപ്‌റ്റോകറൻസികളുടെ വർദ്ധിച്ചു വരുന്ന ജനപ്രീതി മുന്നിൽ കണ്ട് ജൂണിൽ സിറ്റി ഗ്രൂപ്പ് ഡിജിറ്റൽ അസറ്റ് ഡിവിഷൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ക്രിപ്റ്റോകറൻസിയിൽ കൂടുതൽ താല്പര്യം ഉണ്ടെന്ന് വെളിപ്പെടുത്തിയ ഗ്രൂപ്പ്, ബാങ്ക് റെഗുലേറ്ററി അനുമതിയ്ക്കായി കാത്തിരിക്കുകയായിരുന്നു.