ദുബായ് ∙ ലോകത്തെ ഭാഷാവർഗവൈവിധ്യങ്ങളെ ഒരേ മണ്ണിൽ ഒന്നിപ്പിക്കുന്ന യുഎഇ പെരുമ അനന്തവിഹായസ്സിലേക്ക് കൂടി ഉയർത്തി എമിറേറ്റ്സ് വിമാനക്കമ്പനി. യുഎഇയുടെ നാൽപത്തിയെട്ടാമത് ദേശീയ ദിനത്തിൽ ഏറ്റവുമധികം രാജ്യങ്ങളിലെ പൗരന്മാരെ ഒറ്റ ഫ്ലൈറ്റിൽ അണിനിരത്തിയാണ് എമിറേറ്റ്സ് ചരിത്രം കുറിച്ചത്.
പല ഭാഷ, മതം, സംസ്കാരം തുടങ്ങിയവ പിൻതുടരുന്ന 145 രാജ്യങ്ങളിലെ 540 പേരുമായാണ് എമിറേറ്റ്സിന്റെ ഇകെ 2019 ഫ്ലൈറ്റ് വെള്ളിയാഴ്ച രാവിലെ യാത്ര ചെയ്തത്. യുഎഇ സമയം ഉച്ചയ്ക്ക് 1.03 ന് യാത്ര അവസാനിപ്പിക്കുമ്പോൾ യുഎഇയിലെ ഏഴു എമിറേറ്റുകളിലെ വിണ്ണിലും വിമാനം കടന്നുപോയി. ചരിത്രം കുറിച്ച യാത്രയിൽ അതത് രാജ്യത്തെ വേഷവൈവിധ്യം ഉറപ്പാക്കാനും അനുമതി നൽകിയിരുന്നു.
സഹവർത്തിത്വത്തിന്റെ മികച്ച ഉദാഹരണമായ യുഎഇയുടെ ചേതന ഉൾക്കൊളളുന്നതായിരുന്നു ഈ ഫ്ലൈറ്റെന്ന് എമിറേറ്റ്സ് എയർലൈൻ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. യുഎഇ പൗരന്മാരായ ക്യാപ്റ്റൻ അബ്ബാസ് ഷാബാനും ക്യാപ്റ്റൻ ഷെയ്ഖ് സഈദ് അൽ മക്തൂമുമാണ് ഫ്ലൈറ്റ് പറത്തിയത്. ജർമൻ പൗരനായ കാറിൻ അർനിങ് ഫസ്റ്റ് ഓഫിസറായി.
22 അംഗ കാബിൻ ക്രൂവിൽ 18 രാജ്യങ്ങളിലെ പൗരന്മാരാണ് ഉണ്ടായിരുന്നത്. എമിറേറ്റ്സിന്റെ ശരാശരി കാബിൻ ക്രൂവിൽ 15 രാജ്യങ്ങളിൽ നിന്നുള്ളവർ ഉണ്ടാകാറുണ്ട്. സാധാരണ നിലയിൽ ഒരു എമിറേറ്റ്സ് ഫ്ലൈറ്റിൽ ശരാശരി 50 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ് ഉണ്ടാകുക.
145 രാജ്യങ്ങളിലെ പൗരന്മാരെ ഒറ്റ ഫ്ലൈറ്റിൽ ഉൾപ്പെടുത്തിയതിലൂടെ ഈ യാത്ര ഗിന്നസ് ബുക്കിലും ഇടം നേടി. വൈവിധ്യമാർന്ന ഈ ചരിത്ര നേട്ടം കൈവരിച്ചതിന് യുഎഇയേയും എമിറേറ്റ്സിനെയും അഭിനന്ദിക്കുന്നതായി ഫൈറ്റിൽ യാത്ര ചെയ്ത് യാത്രക്കാരുടെ വിവരങ്ങൾ വിലയിരുത്തിയ ഗിന്നസ് വേൾഡ് റെക്കോഡ്സ് ഡയറക്ടർ തലാൽ ഒമർ പറഞ്ഞു. വിമാനത്തിൽ യാത്ര ചെയ്തവർക്ക് പ്രത്യേക സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിമാനത്തിനു മുന്നിൽ യാത്രക്കാരെയെല്ലാം അണിനിരത്തി പ്രത്യേക ഫോട്ടോ സെഷനും നടന്നു.
Leave a Reply