സ്കൂളിൽ പെൺകുട്ടികൾ പാവാടയ്ക്ക് പകരം ജൻഡർ – ന്യൂട്രൽ ആയ ട്രൗസറുകൾ മാത്രമേ ധരിക്കാവൂ എന്ന ഒരു സെക്കൻഡറി സ്കൂളിന്റെ തീരുമാനം തീർത്തും തെറ്റെന്നു പരക്കെ വിലയിരുത്തൽ. വെസ്റ്റ് യോർക്ക്ഷൈറിലെ ബ്രാഡ്‌ഫോർഡിലുള്ള ആപ്ലീട്ടൻ അക്കാദമിയാണ് സെപ്റ്റംബർ മുതൽ പെൺകുട്ടികൾ പാവാടയ്ക്ക് പകരം ട്രൗസറുകൾ മാത്രമേ ധരിക്കാവൂ എന്ന നിയമമുണ്ടാക്കിയത്. എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് അയച്ച കത്തിൽ പ്രധാന അധ്യാപിക ഹെലൻ ജോൺസ് ആണ് ഈ തീരുമാനം അറിയിച്ചത്. എന്നാൽ പെൺകുട്ടികൾ എല്ലാവരും കൂടി ഈ തീരുമാനം പുനഃപരിശോധിക്കുന്നതിന് വേണ്ടി പരാതി കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

2016ലെ ഓഫ്‌സ്റ്റെഡ് റിപ്പോർട്ടിൽ മെച്ചപ്പെടുത്തൽ ആവശ്യമായ സ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് ഈ അക്കാദമിയും. മൂന്നു മുതൽ 16 വയസ്സ് വരെയുള്ള, 1300 ഓളം കുട്ടികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്. എന്നാൽ സെക്കൻഡറി വിദ്യാർഥികൾക്ക് മാത്രമാണ് ഈ നിയമം ബാധകം.

ഈ നിയമം തികച്ചും പരിഹാസ്യപരമാണെന്നു സ്കൂളിലെ തന്നെ ഒരു വിദ്യാർത്ഥി അഭിപ്രായപ്പെട്ടു. പാവാട തികച്ചും സൗകര്യപ്രദമായ ഒരു വസ്ത്രമാണ്. ഇത്തരമൊരു തീരുമാനം തികച്ചും ലിംഗ – വിവേചനപരമാണെന്ന് ഒരു പെൺകുട്ടിയുടെ മാതാവ് അഭിപ്രായപ്പെട്ടു.

എന്നാൽ അടുത്ത പ്രവർത്തി വർഷത്തിൽ മാത്രമേ തീരുമാനം നടപ്പിലാക്കൂ എന്നും, അതിനാണ് നേരത്തെ കത്തുകൾ അയച്ചതെന്നും സ്കൂൾ അധികൃതർ അറിയിച്ചു. പല അളവിലുള്ള പാവാടകൾ ധരിക്കുന്നതിനു പകരം എല്ലാവർക്കും സൗകര്യപ്രദമായ ട്രൗസറുകൾ ആണ് ഉത്തമം എന്നും അവർ പറഞ്ഞു. ഭൂരിപക്ഷം മാതാപിതാക്കളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.