മുപ്പതോളം മാലമോഷണക്കേസുകളിലെ പ്രതിയെയും രണ്ടു കൂട്ടാളികളെയും നവിമുംബൈ പൊലീസ് ഇന്നലെ നേരിട്ടുള്ള ഏറ്റുമുട്ടലിനൊടുവിൽ കീഴടക്കി. പൊലീസ് വെടിവയ്പിൽ പരുക്കേറ്റ കുപ്രസിദ്ധ മോഷ്ടാവ് ഫയസ് ഖാലിദ് ഷെയ്ഖ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മാലമോഷണവും പൊലീസിനെ ആക്രമിച്ച കേസുകളും ഉൾപ്പെടെ ഏതാണ്ടു 87 കേസുകൾ ഇയാൾക്കെതിരെ നിലവിൽ ഉണ്ടെന്നു നവിമുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ തുഷാർ ജോഷി പറഞ്ഞു. ഇന്നലെ പുലർച്ചെ നവിമുംബൈയ്ക്കു സമീപം ഖലാപുർ താലൂക്കിലെ നാഥൽ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
പൊലീസിനെ കണ്ടയുടൻ നിറയൊഴിച്ച സംഘത്തെ പൊലീസും തോക്കുകളുമായി നേരിട്ടു. വെടിയുണ്ടയേറ്റ പരുക്കുമായി ഒന്നര കിലോമീറ്ററോളം ഓടിയ ഇയാളെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. സലിം, സഖാറാം പവാർ എന്നീ രണ്ടു സഹായികളും പിടിയിലായി.കഴിഞ്ഞ കുറെ മാസങ്ങളായി ഷെയ്ഖിനെ പൊലീസ് തിരയുന്നുണ്ടെങ്കിലും ഇയാൾ സമർഥമായി പൊലീസിനെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പാൽഘർ ജില്ലയിലെ വിരാറിലെ കഹൻവാഡെ ടോൾബൂത്തിൽ ഇയാളെ പൊലീസ് തടഞ്ഞെങ്കിലും പൊലീസിന് എതിരെ നിറയൊഴിച്ചു രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച നവിമുംബൈയിലെ ഖാർഘറിൽ നിന്നു മോഷ്ടിച്ച കാറുമായി മുങ്ങിയ സംഘത്തിന്റെ ഒളിയിടത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടർന്നാണു പൊലീസ് സംഘം വലവിരിച്ചത്. രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കും വെടി കൊണ്ടെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ധരിച്ചതു രക്ഷയായി. മുംബൈ, നവിമുംബൈ, താനെ, രത്‌നഗിരി ജില്ലകൾക്കു പുറമെ ഗുജറാത്തിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിവിധ മാലമോഷണക്കേസുകളിൽ താനെ ജില്ലയിൽ നിന്നു പിടിയിലായ 20 പ്രതികൾക്കെതിരെയും മകോക്ക ചുമത്തി. മകോക്ക ചുമത്തിയാൽ പ്രതിക്ക് ജാമ്യം ലഭിക്കില്ല. ശിക്ഷിക്കപ്പെട്ടാൽ രണ്ടു മുതൽ അഞ്ചു വർഷം വരെ കഠിനതടവും 25,000 രൂപ വരെ പിഴയും ലഭിക്കാം. മുൻപ് ഒരു കേസിൽ പിടിക്കപ്പെട്ടാൽ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന രീതി അവലംബിച്ചിരുന്നവരാണ് ഇതുവഴി പൂട്ടിലായത്
Leave a Reply