പ്രസംഗ മികവിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൈയ്യടി നേടി മലയാളി പെണ്‍കുട്ടി. അരുവിത്തറ സെന്റ് ജോര്‍ജ് കോളേജിലെ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനി മുംതാസിന്റെ വാക്ചാതുരിയെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചിരിക്കുന്നത്. മുംതാസ് പ്രസംഗിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി അഭിനന്ദിച്ചത്.

ദേശീയ യൂത്ത് പാര്‍ലമെന്റിലെ പ്രസംഗ മികവിനാണ് മുംതാസിന് അഭിനന്ദനം തേടിയെത്തിയത്. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തു നടന്ന പ്രസംഗ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചതോടെയാണ് ദേശീയ തലത്തില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ മുംതാസിന് അവസരം ലഭിച്ചത്.

കഴിഞ്ഞദിവസം ഇന്ത്യന്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന മത്സരത്തില്‍ വാക്ചാതുര്യവും ആവിഷ്‌കാര മികവുമായി മുംതാസ് മികവ് പുലര്‍ത്തിയെന്നും മോഡി പറഞ്ഞു. എന്നാല്‍ മുംതാസിന്റെ നേട്ടം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. പാര്‍ലമെന്റിലെ പ്രസംഗ മികവ് പരിഗണിച്ച് ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാന്‍ മുംതാസിന് അവസരം ലഭിച്ചിട്ടുണ്ട്.

മോഡിയുടെ അഭിനന്ദനം നേടിയതോടെ മുംതാസ് പഠിക്കുന്ന അരുവിത്തറ സെന്റ് ജോര്‍ജ് കോളേജ് രാജ്യാന്തര തലത്തിലും പ്രശസ്തമായിരിക്കുകയാണ്. മുംതാസിന്റെ നേട്ടത്തില്‍ കോളേജിന്റെ പ്രശസ്തി രാജ്യാന്തരതലത്തിലേക്ക് ഉയര്‍ന്നതിന്റെ സന്തോഷത്തിലാണ് മാനേജ്‌മെന്റ്.

കോളേജ് രാജ്യത്തിനു നല്‍കിയ നല്‍കിയ ഏറ്റവും മിടുക്കിയായ വിദ്യാര്‍ഥിനിയാണ് മുംതാസ് എന്നും ഇനിയും ഉയരങ്ങളിലെത്താന്‍ അവര്‍ക്ക് സാധിക്കുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അനുമോദന സന്ദേശത്തില്‍ പറഞ്ഞു. മുംതാസ് മടങ്ങിയെത്തുമ്പോള്‍ രാജകീയ സ്വീകരണം നല്‍കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

എംജി സര്‍വകലാശാലയിലെ മികച്ച എന്‍എസ്എസ് വോളണ്ടിയറായും മുംതാസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളായ എംഇ ഷാജി-റഷീദ ദമ്പതികളുടെ മകളാണ് മുംതാസ്.