ന്യൂസ് ഡെസ്ക്, മലയാളം യുകെ
സിവിൽ സർവീസ് ബഡ്ജറ്റിൽ വൻ കുറവ് വരുത്താൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2030 ഓടുകൂടി ഏകദേശം 2 ബില്യൺ പൗണ്ടിന്റെ കുറവ് വരുത്താനുള്ള തീരുമാനം ആണ് എടുത്തിരിക്കുന്നത് . ഈ നടപടി ഗണ്യമായ രീതിയിൽ തൊഴിൽ നഷ്ടത്തിന് കാരണമാകുന്നതുകൊണ്ട് യൂണിയനുകൾ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ക്യാബിനറ്റ് ഓഫീസ് വിവിധ വകുപ്പുകളോട് അവരുടെ അഡ്മിനിസ്ട്രേഷൻ ബഡ്ജറ്റുകൾ 15 ശതമാനം കുറയ്ക്കാൻ ആവശ്യപ്പെടും . ഇതിലൂടെ 2029- 30 ആകുമ്പോൾ പ്രതിവർഷം 2.2 ബില്യൺ പൗണ്ട് ലാഭിക്കാൻ കഴിയും. ഒറ്റയടിക്ക് ഈ തീരുമാനം നടപ്പിലാക്കുന്നതിന് പകരമായി 2028 – 29 സാമ്പത്തിക വർഷത്തിൽ വിവിധ വകുപ്പുകളോട് ബഡ്ജറ്റ് 10 ശതമാനം കുറയ്ക്കാൻ ആവശ്യപ്പെടും . ഇതിന്റെ ഫലമായി ആദ്യഘട്ടത്തിൽ 1.5 ബില്യൺ പൗണ്ട് ലാഭിക്കാൻ സാധിക്കും. ഇത് സിവിൽ സർവീസിനുള്ള ശമ്പള ബില്ലിന്റെ 10 ശതമാനം വരും.
വിവിധ വകുപ്പുകൾ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒട്ടേറെ പോസ്റ്റുകൾ കുറയ്ക്കാൻ സർക്കാർ നടപടി എടുക്കും എന്നാണ് അറിയാൻ സാധിച്ചത്. ഇത് ഒട്ടേറെ പേരുടെ പിരിച്ചിൽ വിടലിന് കാരണമാകും എന്നാണ് യൂണിയനുകൾ ആരോപിക്കുന്നത്. നടപടികളോട് കടുത്ത വിയോജിപ്പുമായി എഫ്ഡിഎ ജനറൽ സെക്രട്ടറി ഡേവ് പെൻമാൻ രംഗത്തെ വന്നു. എന്നാൽ അനാവശ്യ ഭരണ നിർവഹ ചിലവുകൾ കുറയ്ക്കുന്നത് മൂലം കൂടുതൽ ജനോപകാര പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ കഴിയും എന്നാണ് സർക്കാർ പറയുന്നത്. ഭരണപരമായ ചെലവുകൾ കുറയ്ക്കുന്നതിലൂടെ ക്ലാസ് മുറികളിൽ കൂടുതൽ അധ്യാപകരെയും ആശുപത്രികളിലും പോലീസിലും കൂടുതൽ നിയമനങ്ങളും നടത്താൻ കഴിയും എന്നാണ് സർക്കാർ പറയുന്നത്. ബുധനാഴ്ച, ചാൻസലർ റേച്ചൽ റീവ്സ് തന്റെ വസന്തകാല പ്രസ്താവനയിൽ ഇതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങൾ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് .
Leave a Reply