ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദുബായിലെ വെള്ളപ്പൊക്കത്തിൽ യുകെയിലേക്കുള്ള ഫ്ലൈറ്റുകളും റദ്ദാക്കിയ സാഹചര്യത്തിൽ വലഞ്ഞ് യുകെ മലയാളികൾ ഉൾപെടെയുള്ള യാത്രക്കാർ. തീവ്രമായ കാറ്റിനേയും മഴയെയും തുടർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) വിമാനത്താവളത്തിനും യുകെയ്‌ക്കുമിടയിലുള്ള ഏഴ് വിമാനങ്ങളാണ് എമിറേറ്റ്സ് റദ്ധാക്കിയത്. മോശം കാലാവസ്ഥയെ തുടർന്ന് ബ്രിട്ടീഷ് എയർവേയ്‌സും നാല് വിമാനങ്ങൾ വെട്ടിക്കുറച്ചു. 24 മണിക്കൂറിനുള്ളിൽ ഒരു വർഷത്തിലേറെയുള്ള ശരാശരി മഴ ലഭിച്ച സാഹചര്യത്തിൽ യാത്രക്കാർ അത്യാവശ്യ സാഹചര്യത്തിൽ മാത്രം എയർപോർട്ടിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടു.

മോശം കാലാവസ്ഥയെ തുടർന്ന് എമിറേറ്റ്‌സിൻ്റെ ഉൾപ്പെടെ നിരവധി വിമാനങ്ങൾ ഹീത്രൂ വിമാനത്താവളത്തിൽ മണിക്കൂറുകളോളം വൈകിയാണ് എത്തിയത്. പല യാത്രക്കാരും യാതൊരു അറിയിപ്പും ലഭിക്കാതെ മണിക്കൂറുകളോളം എയർപോർട്ടിൽ കുടുങ്ങിപ്പോയതായി പറയുന്നു. ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ ചെക്ക്-ഇൻ ബുധനാഴ്ച രാവിലെ 8 മണി മുതൽ മോശം കാലാവസ്ഥയെ തുടർന്ന് അന്നേ ദിവസം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.

യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമാർപ്പണം നടത്തി എയർപോർട്ട് അധികൃതർ രംഗത്ത് വന്നു. തങ്ങൾ ഷെഡ്യൂൾ അടിസ്ഥാനത്തിൽ ഫ്ലൈറ്റുകൾ പുനഃസ്ഥാപിക്കാനുള്ള പ്രയത്നത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു. മോശം കാലാവസ്ഥയെ തുടർന്ന് യാത്ര മുടങ്ങിയവരുടെ റീഫണ്ട്, റീബുക്കിംഗ് ഓപ്‌ഷനുകൾ നൽകുമെന്ന് ബ്രിട്ടീഷ് എയർവേയ്‌സ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 142 മില്ലീമീറ്ററിലധികം (5.6 ഇഞ്ച്) മഴയാണ് ദുബായിൽ ലഭിച്ചിരിക്കുന്നത്.