സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് അനുകൂലികളും സിറിയന്‍ സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ലതാകിയയിലെ തീരദേശ മേഖലയില്‍ തുടങ്ങിയ സംഘര്‍ഷം ടാര്‍ട്ടസിലേക്കും വ്യാപിച്ചു. അസദ് അനുകൂലികളുടെ ശക്തികേന്ദ്രമായ ലതാക്കിയന്‍ ഗ്രാമങ്ങളില്‍ സേന വ്യോമാക്രമണം നടത്തിയതായി ബ്രിട്ടനിലെ സിറിയന്‍ യുദ്ധ നിരീക്ഷണ സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് പറഞ്ഞു. ലതാകിയയിലേക്ക് കൂടുതല്‍ സേനയെ അയച്ചതായി സര്‍ക്കാര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യം ശ്രമിക്കുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ടുചെയ്തു.

ലതാകിയ പ്രവിശ്യയിലെ ജബ്ലെ പട്ടണത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അസദിന്റെ സേനയിലെ ‘ദി ടൈഗര്‍’ എന്ന് വിളിപ്പേരുള്ള കമാന്‍ഡറായിരുന്ന സുഹൈല്‍ അല്‍ ഹസ്സന്റെ അനുയായികളായ തോക്കുധാരികള്‍ സുരക്ഷാസേനയുടെ ചെക്‌പോസ്റ്റുകള്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. 2015-ല്‍ വിമതര്‍ക്കെതിരേ അസദ് സേനയെ നയിച്ചത് ഹസ്സനാണ്. തീരമേഖലയായ ബനിയാസും ജബ്ലെയും ഇപ്പോഴും അസദ് അനുകൂലികളുടെ നിയന്ത്രണത്തിലാണ്. ന്യൂനപക്ഷമായ അല്‍വൈറ്റുകള്‍ അധിവസിക്കുന്ന മേഖലയാണിവിടം. സുന്നികള്‍ക്ക് ബഹുഭൂരിപക്ഷമുള്ള സിറിയയില്‍ ഷിയാ വിഭാഗത്തിലെ അലവി എന്ന ചെറിയ ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് അസദ് കുടുംബം. ബഷാര്‍ അല്‍ അസദിന്റെ പതനത്തിനുശേഷം അലവി വിഭാഗത്തിന് നേര്‍ക്ക് വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അസദിന്റെ ജന്മനഗരമായ ഖര്‍ദ്വയും അലവി ഗ്രാമങ്ങളും സിറിയിന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ഡിസംബറില്‍ സായുധസംഘടനയായ ഹയാത് തഹ്‌രീർ അല്‍ ഷാം(എച്ച്.ടി.എസ്.) നടത്തിയ വിമത വിപ്ലവത്തിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ രക്തച്ചൊരിച്ചിലാണ് ലതാകിയയിലേത്. ആഭ്യന്തരയുദ്ധം ആരംഭിച്ച് 13 വര്‍ഷത്തിനുശേഷമാണ് വിമതര്‍ അസദിന്റെ സമഗ്രാധിപത്യഭരണത്തെ അട്ടിമറിച്ചത്. എച്ച്.ടി.എസ്. നയിച്ച 11 ദിവസത്തെ വിപ്ലവത്തെത്തുടര്‍ന്ന് അസദ് റഷ്യയിലേക്ക് പലായനംചെയ്തിരുന്നു. എച്ച്.ടി.എസിന്റെ നേതാവായിരുന്ന അഹമ്മദ് അല്‍ ഷാരയാണ് നിലവില്‍ സിറിയയുടെ ഇടക്കാല പ്രസിഡന്റ്. രാജ്യത്തുനിന്ന് അസദ് അനുകൂലികളെ ഉന്മൂലനം ചെയ്യുമെന്ന് ഷാരയുടെ കീഴിലുള്ള സേന പ്രഖ്യാപിച്ചിരുന്നു.