ലണ്ടന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഗാര്‍ഹിക പീഡന സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ നിയമ ഭേദഗതിയുമായി ബ്രിട്ടീഷ് ഗവണ്‍മെന്റ്. പാട്ണറുടെ ചുറ്റുപാടുകളെക്കുറിച്ചും ക്രൈം റെക്കോഡുകളെക്കുറിച്ചും അന്വേഷിക്കാന്‍ ഇതോടെ അനുമതി ലഭിക്കും. ഇത്തരം അന്വേഷണങ്ങള്‍ നടത്താന്‍ പോലീസിന്റെ സഹായവും ലഭിക്കും. രാജ്യത്ത് സമീപകാലത്ത് സംഭവിച്ചിരിക്കുന്ന ഗാര്‍ഹിക പീഡന കേസുകളില്‍ കുറ്റക്കാരായവര്‍ക്ക് മുന്‍പും സമാന അക്രമ മനോഭാവമുണ്ടായിരുന്നതായി വ്യക്തമായതോടെയാണ് പുതിയ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ ഭേദഗതി ഒരു പരിധി വരെ പാര്‍ടണറെക്കുറിച്ച് മനസിലാക്കാന്‍ പങ്കാളിയെ സഹായിക്കും. പ്രധാനമായും സ്ത്രീകള്‍ക്കാണ് ഇത് ഗുണപ്രദമാവുക.
‘ക്ലെയേര്‍സ് ലോ’ എന്നാണ് പുതിയ നിയമ ഭേദഗതിയുടെ പേര്. 2009ല്‍ രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു 36കാരിയായ ക്ലെയര്‍ വുഡിന്റെ കൊലപാതകം. പങ്കാളിയായ ജോര്‍ജ് ആപ്പിള്‍ട്ടണ്‍ ക്ലെയറിനെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും ക്രൂരമായ ഗാര്‍ഹിക പീഡന കൊലപാതകളിലൊന്നായിരുന്നു ഇത്. ക്ലെയറിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കൊലപാതക കഥ വിശ്വസിക്കാന്‍ തന്നെ കഴിഞ്ഞിരുന്നില്ല. ആപ്പിള്‍ട്ടണിന് സമാന അക്രമവാസനയുണ്ടായിരുന്നതായി പിന്നീട് തെളിയുകയും ചെയ്തു. ഇരുവരും ഫെയിസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് വളര്‍ന്ന സൗഹൃദം അതിക്രൂരമായ കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നു.
ക്ലെയര്‍ വുഡിനോടുള്ള ആദരസൂചകം കൂടിയാണ് പുതിയ നിയമഭേദഗതി. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2 മില്യണ്‍ ആളുകള്‍ രാജ്യത്ത് ഗാര്‍ഹിക പീഡനത്തിന് ഇരയാവുന്നുണ്ട്. സ്ത്രീകള്‍ പോലീസിനോട് പങ്കാളിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ യാതൊരു തടസവുമില്ലാതെ നല്‍കാനാണ് പുതിയ നിയമം അനുശാസിക്കുന്നത്. അതായത് പങ്കാളിയെക്കുറിച്ചുള്ള കൃത്യമായ ധാരണയുണ്ടാക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ലഭിക്കുമെന്ന് ചുരുക്കം. നുണകള്‍ പറഞ്ഞ് ഒരു ബന്ധം ദാമ്പത്യത്തിലേക്ക് എത്തിക്കുന്നത് തടയാനും പുതിയ ഭേദഗതി സഹായിക്കും.
Leave a Reply