പുതുവത്സരാഘോഷത്തിനിടെ സിഡ്‌നിയിലും മെല്‍ബണിലും രണ്ട് കൗമാരക്കാര്‍ക്ക് കുത്തേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെന്‍ട്രല്‍ സിഡ്‌നിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഗില്‍ഡ്‌ഫോര്‍ഡില്‍ ഒരു പാര്‍ക്കില്‍വെച്ചാണ് രാത്രി പത്തോടെ 17 വയസുകാരന് പിന്നില്‍ നിന്ന് കുത്തേറ്റത്. ഒരു സംഘം പുരുഷന്മാരാണ് ആക്രമണത്തിന് പിന്നില്‍. ഇവര്‍ അനധികൃതമായി പാര്‍ക്കില്‍ പടക്കം പൊട്ടിച്ചതായി സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൗമാരക്കാരന്റെ പരിക്ക് ഗുരുതരമാണ്. അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
പുതുവത്സരാഘോഷങ്ങള്‍ക്കായി ദശലക്ഷത്തിലധികം ആളുകളാണ് നഗരത്തിലേക്ക് എത്തിയത്. വിവിധ അക്രമ സംഭവങ്ങളിലായി സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടിലുടനീളം (സി.ബി.ഡി) പൊലീസ് 36 പേരെ അറസ്റ്റ് ചെയ്തു. ആക്രമണം, കവര്‍ച്ച, ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്.
മെല്‍ബണില്‍ കടല്‍ത്തീര പ്രദേശമായ ബ്ലെയര്‍ഗൗറിയില്‍ വൈകുന്നേരം 5:45 നാണ് ഒരു കൗമാരക്കാരന് കുത്തേറ്റത്. ജീവന് അപകടകരമല്ലാത്ത പരിക്കുകളോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂടാതെ, അമ്പതിലധികം അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയുധങ്ങള്‍ കൈവശം വച്ചതിന് 14 പേരെ അറസ്റ്റ് ചെയ്തു. അനധികൃത പടക്കങ്ങള്‍ നഗരത്തിലുടനീളം നിരവധി ചെറിയ തീപിടിത്തങ്ങള്‍ക്ക് കാരണമായെങ്കിലും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
	
		

      
      



              
              
              




            
Leave a Reply